Sunday, November 15, 2026
HomeNewsലാൻഡിങ് ഗിയറിൽ സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം പൂനെയിൽ തിരിച്ചിറക്കി

ലാൻഡിങ് ഗിയറിൽ സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം പൂനെയിൽ തിരിച്ചിറക്കി

പൂനെ: ലാൻഡിങ് ഗിയറിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് 192 യാത്രക്കാരുമായി ഗുവാഹത്തിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പൂനെയിൽ തിരിച്ചിറക്കി. പൂനെയിൽനിന്ന് ഗുവാഹത്തിയിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോയുടെ 6E 0623 (VT-IZE) വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. ടേക്ക് ഓഫ് ചെയ്ത് അൽപസമയത്തിനകം വിമാനത്തിന്റെ ലാൻഡിങ് ഗിയർ മുകളിലേക്ക് മടങ്ങിയില്ലെന്ന് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ (എടിസി) അറിയിച്ചു. ഇതോടെ പൂനെ വിമാനത്താവള അധികൃതർ എടിസി, ഇൻഡിഗോ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി ഏകോപനം നടത്തി.

ഇന്ത്യൻ വ്യോമസേന പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രക്ഷാപ്രവർത്തന നടപടികൾ സജ്ജമാക്കി. അഗ്നിരക്ഷാ സേന, ആംബുലൻസുകൾ, മറ്റ് അടിയന്തര സേവന സംഘങ്ങൾ എന്നിവരെ വിമാനത്താവളത്തിൽ വിന്യസിച്ചു. ലാൻഡിങ് ഗിയറിന്റെ സ്ഥിതി ദൃശ്യമായി പരിശോധിക്കുന്നതിനായി വിമാനം റൺവേയ്ക്ക് മുകളിലൂടെ താഴ്ന്ന് പറന്നു. തുടർന്ന് രാവിലെ 9.04ന് പൂനെ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. മൂന്ന് അഗ്നിശമന വാഹനങ്ങളുടെയും രണ്ട് ആംബുലൻസുകളുടെയും അകമ്പടിയോടെ വിമാനത്തെ ഏഴാം ബേയിലേക്ക് മാറ്റി. വിമാനം സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് രാവിലെ 9.10ന് പൂർണ അടിയന്തരാവസ്ഥ പിൻവലിച്ചു.

തുടർന്ന് എയറോബ്രിഡ്ജ് ബന്ധിപ്പിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാരെ ഗുവാഹത്തിയിലെത്തിക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് മറ്റൊരു വിമാനം പൂനെയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഇൻഡിഗോ നടത്തിവരികയാണ്. ഇന്ത്യൻ വ്യോമസേന, എടിസി, ഇൻഡിഗോ, മറ്റ് അടിയന്തര പ്രതികരണ ഏജൻസികൾ എന്നിവയുടെ ഏകോപനത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് പൂനെ വിമാനത്താവള അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments