പത്തനംതിട്ട: കോഴഞ്ചേരി പുതിയ പാലത്തിന്‍റെ ഉദ്ഘാടനത്തെയും നിർമ്മാണവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെയും ചൊല്ലി മുൻ എംഎൽഎ വീണ ജോർജും നിലവിലെ എംഎൽഎ അബിൻ വർക്കിയും തമ്മിൽ ഫേസ്ബുക്കിൽ വാഗ്വാദം. പാലത്തിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് പരസ്പരം വിരുദ്ധമായ അവകാശവാദങ്ങളാണ് ഇരുവരും ഉന്നയിക്കുന്നത്. 2016ൽ താൻ ആറന്മുള എംഎൽഎ ആയ ആദ്യ വർഷം നടത്തിയ നിരന്തരമായ അഭ്യർത്ഥനയെത്തുടർന്നാണ് ഒന്നാം എൽ.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കോഴഞ്ചേരി പുതിയ പാലം പ്രഖ്യാപിച്ചതെന്ന് വീണ ജോർജ് വ്യക്തമാക്കുന്നു.
2016 ഒക്ടോബർ 31-ലെ ഉത്തരവ് പ്രകാരം 22.02 കോടി രൂപയുടെ ഭരണാനുമതിയും, 2017 ഓഗസ്റ്റ് 21-ന് 19.77 കോടി രൂപയുടെ സാമ്പത്തികാനുമതിയും കിഫ്ബി വഴി നൽകി. 2018-ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചതെന്നും മുൻ എംഎൽഎ പറയുന്നു. എന്നാല്‍, 2018-ലെ മഹാപ്രളയം, തുടർന്നുള്ള വർഷങ്ങളിലെ കനത്ത മഴ, കൊവിഡ് മഹാമാരി, ജിഎസ്‍ടി കേസുകൾ, മാരാമൺ കരയിലെയും വണ്ടിപ്പേട്ടയിലെയും സ്ഥലമേറ്റെടുപ്പ് വ്യവഹാരങ്ങൾ, കോടതി സ്റ്റേകൾ എന്നിവ കാരണം നിർമ്മാണം ഏറെ വൈകി. കോടതിവിധിയെത്തുടർന്ന് ആദ്യ കരാറുകാരൻ പിന്മാറിയതിനെത്തുടർന്ന് ആറ് തവണ റീടെണ്ടർ ചെയ്യേണ്ടി വന്നു.
2024 ജനുവരിയിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് സർക്കാർ പണം കൈമാറിയിരുന്നുവെന്നും, നിലവിലെ എംഎൽഎ ഇപ്പോൾ നടത്തുന്ന അവകാശവാദങ്ങൾ തെറ്റാണെന്നും അവർ ആരോപിക്കുന്നു. പാലം അനുവദിച്ചതും പണം തന്നതും യു.ഡിഎഫ് ആണെന്ന പ്രചാരണം നുണയാണെന്നും, സത്യസന്ധതയുണ്ടെങ്കിൽ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് വീണ ജോർജ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

