Saturday, November 14, 2026
HomeAmericaന്യൂയോർക്കിൽ കെട്ടിടം തകർന്ന് കുട്ടികളടക്കം എട്ട് പേർക്ക് ദാരുണാന്ത്യം

ന്യൂയോർക്കിൽ കെട്ടിടം തകർന്ന് കുട്ടികളടക്കം എട്ട് പേർക്ക് ദാരുണാന്ത്യം

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിലെ ബ്രൂക്‌ലിനിലുണ്ടായ അപ്പാർട്ട്‌മെന്റ് കെട്ടിട ദുരന്തത്തിൽ രണ്ട് കുട്ടികളും രണ്ട് നിർമ്മാണ തൊഴിലാളികളുമടക്കം എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ നാല് അഗ്നിശമന സേനാംഗങ്ങളടക്കം 18 പേർക്ക് പരിക്കേറ്റു. സമീപത്തെ നിർമ്മാണ സൈറ്റിൽ നടന്ന ഖനന പ്രവർത്തനങ്ങളാണ് അപകടത്തിന് കാരണമെന്ന സംശയത്തെത്തുടർന്ന്, ഇതുമായി ബന്ധപ്പെട്ട അഞ്ച് കമ്പനികളെയും അവരുടെ 100-ലധികം നിർമ്മാണ കേന്ദ്രങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മേയർ സൊഹ്‌റാൻ മംദാനി ഉത്തരവിട്ടു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. 1930-ൽ നിർമ്മിച്ച നാല് നിലകളുള്ള കെട്ടിടമാണ് തകർന്നുവീണത്. നിരവധി കുടിയേറ്റ കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. മരിച്ചവരിൽ രണ്ട് ഇക്വഡോർ പൗരന്മാരും ഉൾപ്പെടുന്നു. അപകടസ്ഥലത്ത് നിന്ന് ആറ് പേരുടെ മൃതദേഹങ്ങൾ ആദ്യം കണ്ടെടുത്തിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.കനത്ത മഴയെ അവഗണിച്ചും 250-ഓളം രക്ഷാപ്രവർത്തകർ വ്യാഴാഴ്ചയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടർന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി രണ്ട് എക്‌സ്‌കവേറ്ററുകളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

അപകടത്തിൽ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ഭിത്തി തകരുകയും അകത്തുള്ള കിടപ്പുമുറിയും കോണിപ്പടികളും പുറത്തേക്ക് കാണുന്ന നിലയിലാവുകയും ചെയ്തു. മുൻകരുതൽ നടപടിയുടെ ഭാഗമായി സമീപത്തുള്ള മറ്റ് മൂന്ന് കെട്ടിടങ്ങളിലെ താമസക്കാരെയും സുരക്ഷാ പരിശോധനകൾ പൂർത്തിയാകുന്നത് വരെ ഒഴിപ്പിച്ചു

അപകടമുണ്ടായ കെട്ടിടത്തിന് തൊട്ടടുത്തുള്ള സൈറ്റിൽ ഈ വർഷം ആദ്യം മുതൽ ഖനന പ്രവർത്തനങ്ങൾ നടന്നിരുന്നു. മണ്ണുമാന്തുന്നതിന്റെ ഭാഗമായി പാറ പൊട്ടിക്കൽ നടത്തുന്നതായി കാണിച്ച് നിർമ്മാണ കമ്പനി സെപ്റ്റംബറിൽ നോട്ടീസ് നൽകിയിരുന്നതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരത്തിലുടനീളം ബിൽഡിംഗ് ഇൻസ്‌പെക്ടർമാരെ വിന്യസിച്ച് പരിശോധന കർശനമാക്കാൻ മേയർ നിർദ്ദേശിച്ചത്.

ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മേയർ സൊഹ്‌റാൻ മംദാനി വ്യക്തമാക്കി. അവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് നൂറ് ശതമാനം ഉറപ്പാകുന്നത് വരെ രക്ഷാപ്രവർത്തനം തുടരുമെന്ന് ഫയർ ഡിപ്പാർട്ട്‌മെന്റ് കമ്മീഷണർ ലിലിയൻ ബോൺസിഗ്നോർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments