ഇന്ത്യയിലെ കാര്‍ വിപണിയില്‍ ഇലക്ട്രിക്ക്- ഹൈബ്രിഡ് കാറുകളുടെ വൈവിധ്യം വര്‍ധിച്ചു വരികയാണ്. ചെറുകാറുകളില്‍ നിന്നു തുടങ്ങി ചെറു എസ്‌യുവികള്‍ കടന്ന് 7 സീറ്റര്‍ ഇവികളിലേക്കും ഹൈബ്രിഡ് എസ്‌യുവികളിലേക്കുമാണ് പല മുന്‍ നിര കാര്‍ കമ്പനികളും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വലിയ കുടുംബങ്ങള്‍ക്ക് വിശാലമായി യാത്ര ചെയ്യാനാവുന്ന മൂന്നു നിര ഇവികളുമായെത്തുന്നവരില്‍ ടാറ്റ മോട്ടോഴ്‌സും റെനോയുമുണ്ട്. രണ്ട് ഹൈബ്രിഡ് വാഹനങ്ങളാണ് ഹ്യുണ്ടേയ് ഒരുക്കുന്നത്. വരുന്ന 15 മാസത്തിനുള്ളില്‍ ഇന്ത്യയിലെ നിരത്തുകളിലേക്കെത്തുന്ന വലിയ ഇവികളേയും ഹൈബ്രിഡ് മോഡലുകളേയും കുറിച്ച് വിശദമായി അറിയാം.
ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ 7 സീറ്റര്‍ : ലഡാക്കില്‍ നിന്നാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന്റെ പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. നിലവിലെ മോഡലിനെ അപേക്ഷിച്ച് നീളമേറിയ റൂഫ്‌ലൈനും വലിയ പിന്‍ഭാഗവുമാണ് പുതിയ വാഹനത്തിലുള്ളതെന്നു തിരിച്ചറിഞ്ഞതോടെയാണ് ക്രൂസ് റൈഡര്‍ 7 സീറ്ററാണ് വരുന്നതെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ഇപ്പോഴും ഈ മോഡലിന്റെ ശരിക്കുള്ള പേരിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. മാരുതി സുസുക്കി വിക്ടോറിസിന്റെ ടൊയോട്ട പതിപ്പാവും ഇതെന്ന സൂചനകളുമുണ്ട്.
നിലവില്‍ വിപണിയിലുള്ള ടൊയോട്ടയുടെ 1.5 ലീറ്റര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനും ഇ സിവിടി ഗിയര്‍ബോക്‌സും തന്നെയാവും പുതിയ മോഡലിലും ഉണ്ടാവുക. 1.5 ലീറ്റര്‍ കെ15സി മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനും 5 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും സാധ്യതയുണ്ട്. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍, 360 ഡിഗ്രി ക്യാമറ, വലിയ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, പവേഡ് ടെയില്‍ഗേറ്റ് എന്നിവ പ്രതീക്ഷിക്കാം. 2026 അവസാനത്തിലോ അടുത്തവര്‍ഷം തുടക്കത്തിലോ വിപണിയിലെത്തും. ബെംഗളൂരുവിലെ ബിദാദിയിലുള്ള ടൊയോട്ട പ്ലാന്റിലാവും നിര്‍മാണം. പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില 15-22 ലക്ഷം രൂപ വരെ.
ഹ്യുണ്ടേയ് എന്‍ഐ1ഐ : എന്‍ഐ1ഐ എന്ന കോഡ് നെയിമിലാണ് ഹ്യുണ്ടേയ് അവരുടെ പുതിയ ഹൈബ്രിഡ് എസ്‌യുവി ഒരുക്കുന്നത്. അല്‍ക്കസാറിന് മുകളില്‍ എന്നാല്‍ ട്യൂസണിന് താഴെയായി സ്ഥാനം പിടിച്ചിട്ടുള്ള ഈ പുതു മോഡല്‍ ടാറ്റ സഫാരി, മഹീന്ദ്ര എക്‌സ്‌യുവി 7 എക്‌സ്ഒ എന്നിങ്ങനെയുള്ള എസ്‌യുവികളുമായാവും മത്സരിക്കുക. പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില 18-25 ലക്ഷം രൂപ.പെട്രോള്‍/ഇലക്ട്രിക് ഫുള്‍ ഹൈബ്രിഡ് പവര്‍ട്രെയിനോടെയാവും ഈ മോഡലിന്റെ വരവ്. 1.6 ലീറ്റര്‍ ടര്‍ബോ പെച്രോള്‍ ഹൈബ്രിഡ് എന്‍ജിനോ 1.5 ലീറ്റര്‍ നാച്ചുറലി അസ്പിറേറ്റഡ് ഹൈബ്രിഡ് സെറ്റ്അപ്പോ പ്രതീക്ഷിക്കാം. അല്‍കസാറിനേക്കാള്‍ കൂടുതല്‍ വിശാലമായ കാബിന്‍, 6 അല്ലെങ്കില്‍ 7 സീറ്റര്‍ കോണ്‍ഫിഗറേഷനുകള്‍, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, പനോരമിക് സണ്‍ റൂഫ്, വലിയ ഡ്യുവല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ, വെന്റിലേറ്റഡ് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ എന്നിവയെല്ലാം ഈ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. ഈ വര്‍ഷം അവസാനത്തിലോ അടുത്ത വര്‍ഷം തുടക്കത്തിലോ ആവും എത്തുക. പൂനെക്ക് സമീപമുള്ള ഹ്യുണ്ടേയുടെ പ്ലാന്റിലാവും നിര്‍മാണം.
ഹ്യുണ്ടേയ് പാലിസേഡ് ഹൈബ്രിഡ് എസ്‌യുവി. : രണ്ടാം തലമുറ പാലിസേഡ് ഹൈബ്രിഡ് എസ്‌യുവി 2028 ഓടെ ഇന്ത്യന്‍ വിപണിയിലെത്തിക്കാനാണ് ഹ്യുണ്ടേയ് ശ്രമം. രാജ്യാന്തര വിപണിയിലെ മോഡലിലുള്ള 334എച്ച്പി, 460എന്‍എം ടോര്‍ക്ക് പുറത്തെടുക്കുന്ന 2.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ ഹൈബ്രിഡ് എന്‍ജിനാണ് ഇതിലുള്ളത്. 6 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍.വിദേശ വിപണികളില്‍ ഈ ഹൈബ്രിഡ് മോഡല്‍ 7,8 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. ഇരട്ട ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍, പനോരമിക് സണ്‍റൂഫ്, 14 സ്പീക്കര്‍ ബോസ് ഓഡിയോ സിസ്റ്റം എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകളുമുണ്ട്. ഒറ്റ തവണ ഇന്ധനം ടാങ്ക് നിറച്ചാല്‍ ഇലക്ട്രിക്ക് കൂടി ചേര്‍ക്കുമ്പോള്‍ 1,015 കിലോമീറ്റര്‍ വരെയാണ് ഈ ഹൈബ്രിഡ് വാഹനത്തിന്റെ റേഞ്ചെന്നാണ് ഹ്യുണ്ടേയ് അവകാശപ്പെടുന്നത്.
ടാറ്റ സഫാരി ഇവി: അടുത്ത വര്‍ഷം തുടക്കത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടാറ്റ സഫാരിയുടെ ഇവി മോഡല്‍ പരീക്ഷണ ഓട്ടത്തിനിടെ പലതവണ ക്യാമറകളില്‍ പെട്ടിരുന്നു. ഹാരിയര്‍ ഇവിയിലെ ആക്ടി.ഇവി+ ആര്‍ക്കിടെക്ച്ചറിലാണ് ടാറ്റ മോട്ടോഴ്‌സ് സഫാരി ഇവിയെ ഒരുക്കുന്നത്. 65 കിലോവാട്ട്, 75 കിലോവാട്ട് ബാറ്ററി ഓപ്ഷനുകള്‍. റിയര്‍ വീല്‍ ഡ്രൈവ്, ഡ്യുവല്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളും ലഭ്യമാക്കും. റീഡിസൈന്‍ ചെയ്ത മുന്‍ ഗ്രില്‍, മാറ്റം വരുത്തിയ ബംപറുകള്‍, പുത്തന്‍ അലോയ് വീലുകള്‍ എന്നിവ പ്രതീക്ഷിക്കാം. പനോരമിക് സണ്‍റൂഫ് ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളും കണക്റ്റഡ് ടെക്‌നോളജിയും അടക്കമുള്ള ടാറ്റ സഫാരി ഇവിയിലുണ്ടാവും.
പുതുതലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍. : അടുത്ത മാസം രാജ്യാന്തര വിപണിയില്‍ അവതരിക്കാനൊരുങ്ങുകയാണ് പുതുതലമുറ ടൊയോട്ട ഫോര്‍ച്യൂണര്‍. ഇന്ത്യയില്‍ അടുത്ത വര്‍ഷമാണെത്തുക. ഫോര്‍ച്യൂണര്‍ നിയോ ഡ്രൈവിലെ 2.8 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 48V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവുമായിട്ടാവും പുതുതലമുറ ഫോര്‍ച്യൂണറിന്റെ വരവ്. 2025 ജൂണിലാണ് ടൊയോട്ട ഈ റീജെനറേറ്റീവ് എനര്‍ജി റിക്കവറിയും ഓട്ടമാറ്റിക് എന്‍ജിന്‍ സ്റ്റോപ് സ്റ്റാര്‍ട്ട് ഓപറേഷന്‍ സിസ്റ്റവും പുറത്തിറക്കിയത്. സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്‌ലൈറ്റുകളും റിവൈസ്ഡ് ബോഡിവര്‍ക്കുകളും പുത്തന്‍ ഇന്റീരിയറുമായിട്ടാവും പുതുതലമുറ ടൊയോട്ട ഫോര്‍ച്യൂണറിന്റെ വരവ്.
റെനോയുടെ മൂന്നു നിര എസ്‌യുവി : പുത്തന്‍ ഡെസ്റ്ററുമായി ചേര്‍ന്നു നില്‍ക്കുന്ന കൂടുതല്‍ വലിയ എസ് യുവിയുമായാണ് റെനോയുടെ വരവ്. ഏഴു പേരെ ഉള്‍ക്കൊള്ളുന്ന വലിയ റെനോ മോഡലാണിത്. രാജ്യാന്തര വിപണിയിലെ ബോറിയലില്‍ നിന്നുള്ള പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാവും ഈ എസ്‌യുവി. കാബിനില്‍ ഇരട്ട ഡിജിറ്റല്‍ ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, ലെവല്‍2 അഡാസ് എന്നിങ്ങനെ പോവുന്നു ഫീച്ചറുകള്‍. 1.3 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.8 ലീറ്റര്‍ ഇ ടെക് ഫുള്‍ ഹൈബ്രിഡ് സിസ്റ്റത്തിനുമാണ് സാധ്യത. അടുത്തവര്‍ഷം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മോഡലിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ റെനോ പുറത്തുവിടാനിരിക്കുന്നതേയുള്ളൂ.

