തെഹ്റാൻ: അമേരിക്കയുമായുള്ള സംഘർഷസാധ്യതയും പശ്ചിമേഷ്യയിലെ യുദ്ധഭീതിയും ശക്തമാകുന്നതിനിടെ തങ്ങളുടെ പുതിയ ഭൂഗർഭ മിസൈൽ നഗരം ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഇറാൻ. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും ഉൾപ്പെടുന്ന ഭൂഗർഭ സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണ് ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) പുറത്തുവിട്ടത്. തസ്നിം വാർത്താ ഏജൻസിയാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. സേനയുടെ എയ്റോസ്പേസ് വാരാചരണത്തിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം അവതരിപ്പിച്ചത്.
ഇറാൻ സായുധസേനാ മേധാവി മേജർ ജനറൽ അലി അബ്ദുല്ലാഹിയും ഐ.ആർ.ജി.സി എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറൽ മജീദ് മൗസവിയും ചടങ്ങിൽ പങ്കെടുത്തു. വിവിധതരം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് തസ്നിം റിപ്പോർട്ട് ചെയ്തത്. എന്നാൽ, കേന്ദ്രം എവിടെയാണെന്നോ എത്ര മിസൈലുകൾ അവിടെയുണ്ടെന്നോ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. മിസൈലുകളുടെ കൃത്യമായ തരവും കേന്ദ്രത്തിന്റെ പ്രവർത്തനശേഷിയും സംബന്ധിച്ച സ്വതന്ത്ര സ്ഥിരീകരണവും ലഭ്യമായിട്ടില്ല.
ഇറാന്റെ സൈനിക പ്രതിരോധ തന്ത്രത്തിലെ പ്രധാന ശക്തികളിലൊന്നാണ് മിസൈൽ ശേഖരം. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾക്കൊപ്പം അവ വിക്ഷേപിക്കാനുള്ള സംവിധാനങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂഗർഭ കേന്ദ്രങ്ങളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.അമേരിക്കയും ഇസ്രയേലും ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണങ്ങൾക്കുശേഷവും ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും ഭാഗികമായോ പൂർണമായോ പ്രവർത്തനക്ഷമമായി തുടരുന്നുണ്ടെന്നാണ് വിലയിരുത്തലുകൾ. രാജ്യത്തെ ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള മിസൈൽ നഗരങ്ങളിലും തുരങ്ക സംഭരണകേന്ദ്രങ്ങളിലും 90 ശതമാനം വരെ ഇപ്പോഴും പ്രവർത്തനക്ഷമമായിരിക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, മിസൈൽ, ഡ്രോൺ വിക്ഷേപണ സംവിധാനങ്ങളിൽ ഏകദേശം 60 ശതമാനവും കേടുപാടുകളില്ലാതെ നിലനിൽക്കുകയോ തകർന്ന കേന്ദ്രങ്ങളിൽനിന്ന് വീണ്ടെടുക്കുകയോ ചെയ്തിട്ടുണ്ടെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ കണക്കുകൾക്ക് കൃത്യമായ സ്വതന്ത്ര സ്ഥിരീകരണമില്ല.
അമേരിക്കയുടെ ഉപരോധങ്ങളും നാവിക ഉപരോധനടപടികളും തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ സൈനിക ശേഷിയും പ്രതിരോധ സന്നാഹങ്ങളും പ്രകടിപ്പിക്കാനുള്ള ഇറാന്റെ നീക്കമായാണ് പുതിയ മിസൈൽ നഗരത്തിന്റെ പ്രദർശനത്തെ വിലയിരുത്തുന്നത്. വ്യോമാക്രമണങ്ങളിൽനിന്ന് മിസൈൽ നിർമാണവും വിക്ഷേപണശേഷിയും സംരക്ഷിക്കാൻ പ്രധാന സൈനിക കേന്ദ്രങ്ങൾ ഭൂഗർഭത്തിലേക്ക് മാറ്റുന്നതിലൂടെ ഇറാൻ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയാണ്
ചടങ്ങിനിടെ ഐആർജിസി എയ്റോസ്പേസ് ഫോഴ്സ് കമാൻഡർ മജീദ് മൗസവിയും മുന്നറിയിപ്പുമായി രംഗത്തെത്തി. ആവശ്യമുണ്ടായാൽ മേഖലക്കകത്തും പുറത്തുമുള്ള ശത്രുവിന്റെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാന് കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.ഇറാന്റെ ഭൂഗർഭ മിസൈൽ കേന്ദ്രങ്ങൾ രാജ്യത്തിന്റെ സൈനിക തന്ത്രത്തിൽ നിർണായക സ്ഥാനമാണ് വഹിക്കുന്നത്. വ്യോമാക്രമണങ്ങളുണ്ടായാലും മിസൈൽ വിക്ഷേപണശേഷിയും ആയുധനിർമാണവും നിലനിർത്തുകയാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. പുതിയ മിസൈൽ നഗരത്തിന്റെ വെളിപ്പെടുത്തൽ പശ്ചിമേഷ്യയിലെ സംഘർഷസാധ്യതകൾക്കിടയിൽ ഇറാന്റെ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്. നയതന്ത്രതലത്തിലും സൈനികതലത്തിലും ഇറാനുമേലുള്ള സമ്മർദം തുടരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

