Saturday, November 7, 2026
HomeEuropeസ്കൂളിൽ ചന്ദനം തൊട്ടു വരുന്നതിന് വിലക്ക്: ലണ്ടൻ ഹൈക്കോടതിയെ സമീപിച്ച്‌ ബ്രിട്ടീഷ്-ഇന്ത്യൻ വംശജനായ പിതാവ്

സ്കൂളിൽ ചന്ദനം തൊട്ടു വരുന്നതിന് വിലക്ക്: ലണ്ടൻ ഹൈക്കോടതിയെ സമീപിച്ച്‌ ബ്രിട്ടീഷ്-ഇന്ത്യൻ വംശജനായ പിതാവ്

എട്ടുവയസ്സുകാരനായ മകന് നെറ്റിയില്‍ തിലകമായി ചന്ദനം (Tilak-Chandlo) ചാർത്തുന്നതിന് വിലക്കേർപ്പെടുത്തിയ സ്കൂളിനെതിരെ ഹൈക്കോടതിയെ സമീപിച്ച്‌ ബ്രിട്ടീഷ്-ഇന്ത്യൻ വംശജനായ പിതാവ്. വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ആല്‍പെർട്ടണിലുള്ള വികാർസ് ഗ്രീൻ പ്രൈമറി സ്കൂളിനെതിരെയാണ് (Vicars Green Primary School) നിയമപോരാട്ടത്തിന് തുടക്കമിട്ടിരിക്കുന്നത്. സ്കൂളിന്റെ നടപടി നിയമവിരുദ്ധമായ മതവിവേചനവും സ്ഥാപനപരമായ പീഡനവുമാണെന്ന് ആരോപിച്ചാണ് പിതാവ് 25,000 പൗണ്ട് (ഏകദേശം 25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്.

യുകെയിലെ ‘ആക്ഷൻ ഫോർ ഹാർമണി’ എന്ന ഹിന്ദു സംഘടനയുടെ പിന്തുണയോടെയാണ് കുടുംബം ലണ്ടൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹിന്ദു സ്വാമിനാരായണ്‍ പാരമ്പര്യത്തിന്റെ ഭാഗമായാണ് കുട്ടി അനുദിനം തിലകം അണിഞ്ഞിരുന്നത്. നാല് വർഷത്തിലേറെയായി കുട്ടി ഇതേ സ്കൂളില്‍ തിലകമണിഞ്ഞ് പഠിക്കുന്നുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ നവംബറിലാണ് സ്കൂള്‍ അധികൃതർ ഇതിനെതിരെ രംഗത്തുവന്നത്. വസ്ത്രധാരണ ചട്ടത്തില്‍ തിലകത്തിന് വിലക്കില്ലെന്ന് പിതാവ് ചൂണ്ടിക്കാട്ടിയെങ്കിലും, തുടർന്ന് കുട്ടി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗണ്‍സിലില്‍ നിന്ന് കുട്ടിയെ നീക്കം ചെയ്യുകയും മതചിഹ്നങ്ങള്‍ നിരോധിച്ചുകൊണ്ട് യൂണിഫോം നയത്തില്‍ സ്കൂള്‍ ഭേദഗതി വരുത്തുകയുമായിരുന്നു.

സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനം സഹിക്കവെയ്യാതെ ജനുവരിയില്‍ കുട്ടിയെ രക്ഷിതാക്കള്‍ മറ്റൊരു സ്കൂളിലേക്ക് മാറ്റി. അതേസമയം, എല്ലാ വിദ്യാർത്ഥികള്‍ക്കുമിടയില്‍ ഐക്യം നിലനിർത്താനാണ് തങ്ങള്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും സ്വാമിനാരായണ്‍ പാരമ്പര്യത്തില്‍ തിലകം അണിയുന്നത് നിർബന്ധമല്ലെന്നുമാണ് സ്കൂളിന്റെ വാദം.

നെറ്റിയിലല്ലാതെ വസ്ത്രങ്ങള്‍ക്കുള്ളില്‍ മറയുന്ന ഭാഗത്ത് തിലകം തൊടാമെന്ന് സ്കൂള്‍ മാനേജ്മെന്റ് നിർദ്ദേശിച്ചെങ്കിലും കുടുംബം ഇത് തള്ളിക്കളഞ്ഞു. യുകെ സമത്വ നിയമത്തിന്റെയും (Equality Act 2010) യൂറോപ്യൻ മനുഷ്യാവകാശ കണ്‍വെൻഷന്റെയും ലംഘനമാണ് സ്കൂള്‍ നടത്തിയിരിക്കുന്നതെന്നും, വരുംദിവസങ്ങളില്‍ ഈ കേസ് യുകെയിലെ വിദ്യാലയങ്ങളിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വലിയ നിയമപോരാട്ടമായി മാറുമെന്നും അഭിഭാഷകർ വ്യക്തമാക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments