പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരന്മാർക്ക് പുതിയ സുരക്ഷാ മുന്നറിയിപ്പുമായി യുഎസ്. ഇറാന്റെ പിന്തുണയുള്ള ഹൂതി സേനയുടെ ആക്രമണ സാധ്യതയും മേഖലയിലെ യുഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇറാൻ നീക്കം നടത്തുന്നതായുള്ള റിപ്പോർട്ടുകളുമാണ് ആശങ്കയ്ക്ക് കാരണം. നവംബർ ഏഴിനാണ് അമേരിക്കൻ നയതന്ത്ര കാര്യാലയങ്ങളും വിവിധ രാജ്യങ്ങൾക്കായുള്ള സുരക്ഷാ വിഭാഗങ്ങളും മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വിമാന സർവീസുകൾ റദ്ദാക്കപ്പെടാനും വ്യോമപാതകൾ അടയ്ക്കാനും യാത്രാ തടസ്സങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. പ്രാദേശിക സംഭവവികാസങ്ങൾ നിരീക്ഷിക്കണമെന്നും യുഎസ് അധികൃതരുടെയും അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ പാലിക്കണമെന്നും പൗരന്മാരോട് ആവശ്യപ്പെട്ടു.
സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ജോർദാൻ, ഖത്തർ, ഒമാൻ, ലെബനൻ, ബഹ്റൈൻ, യെമൻ, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ് പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ജറുസലേമും ഇറാഖും പട്ടികയിലുണ്ട്.ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ സായുധ ആക്രമണ ഭീഷണിയും അമേരിക്കൻ സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിടാൻ ഇറാൻ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകളും കണക്കിലെടുത്ത് മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് സൗദിയിലെ യുഎസ് മിഷൻ നിർദേശിച്ചു. സുരക്ഷാ സാഹചര്യം വഷളായാൽ വിമാന സർവീസുകൾ റദ്ദാക്കാനും വ്യോമപാതകൾ അടയ്ക്കാനും യാത്രകൾ തടസ്സപ്പെടാനും സാധ്യതയുണ്ട്.
അതേസമയം, സൗദിയിൽ റെയിൽ, ബസ്, റോഡ് ഗതാഗത സംവിധാനങ്ങൾ നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. ബഹ്റൈൻ, ജോർദാൻ, ഒമാൻ, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ വിവരങ്ങളും നൽകിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വിമാന സർവീസുകളുടെ സ്ഥിതി വിമാനത്താവളങ്ങളുമായോ വിമാനക്കമ്പനികളുമായോ നേരിട്ട് ഉറപ്പാക്കണമെന്നും നിർദേശിച്ചു. സൗദി അറേബ്യയ്ക്കെതിരെ ഹൂതികൾ മുമ്പ് നടത്തിയ ആക്രമണങ്ങളും മുന്നറിയിപ്പിൽ പരാമർശിക്കുന്നുണ്ട്. സിവിലിയൻ വിമാനത്താവളങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ ആളപായവും വലിയ യാത്രാ തടസ്സങ്ങളും ഉണ്ടായിരുന്നുവെന്നും യുഎസ് മിഷൻ ചൂണ്ടിക്കാട്ടി.
അടിയന്തര സേവനങ്ങളിൽ ഉൾപ്പെടാത്ത യുഎസ് സർക്കാർ ജീവനക്കാരോടും കുടുംബാംഗങ്ങളോടും ഒക്ടോബർ 23 മുതൽ സൗദി അറേബ്യ വിടാൻ നിർദേശിച്ചതായും അറിയിപ്പിലുണ്ട്. രാജ്യത്ത് തുടരുന്ന സർക്കാർ ജീവനക്കാർക്ക് വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിലും ചില മേഖലകളിലേക്ക് യാത്ര ചെയ്യുന്നതിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ ആറിന് പുറപ്പെടുവിച്ച ജറുസലേമിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പിലും സമാനമായ ആശങ്കകൾ പങ്കുവച്ചു. വിമാനത്താവളങ്ങളിലെ പുറപ്പെടൽ വിവരങ്ങൾ നിരീക്ഷിക്കാനും സമീപത്തെ സുരക്ഷിത അഭയകേന്ദ്രങ്ങൾ മുൻകൂട്ടി കണ്ടെത്താനും അമേരിക്കൻ പൗരന്മാരോട് ആവശ്യപ്പെട്ടു. റോക്കറ്റ്, മിസൈൽ, ഡ്രോൺ ആക്രമണങ്ങളെക്കുറിച്ചുള്ള തത്സമയ മുന്നറിയിപ്പുകൾ ലഭിക്കാൻ ഇസ്രയേൽ പ്രതിരോധ സേനയുടെ ഹോം ഫ്രണ്ട് കമാൻഡ് ആപ്പും ഉപയോഗിക്കണമെന്ന് നിർദേശിച്ചു.
സുരക്ഷാ മുന്നറിയിപ്പുകൾ ലഭിക്കുന്നതിനായി അമേരിക്കൻ പൗരന്മാർ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാമിൽ (STEP) രജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്. ഇതുവഴി സമീപത്തെ യുഎസ് എംബസിയിൽനിന്നോ കോൺസുലേറ്റിൽനിന്നോ വിവരങ്ങൾ ലഭിക്കും. അതേസമയം, മുന്നറിയിപ്പുകൾ ആക്രമണം നടന്നുവെന്നോ പട്ടികയിലുള്ള എല്ലാ രാജ്യങ്ങളിലും വിമാന സർവീസുകൾ റദ്ദാക്കിയെന്നോ അർഥമാക്കുന്നില്ല. മേഖലയിലെ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതയും യാത്രാ തടസ്സങ്ങളുമാണ് യുഎസ് മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്.

