Tuesday, November 3, 2026
HomeAmericaപോർവിളികളുമായി അമേരിക്കയും ഇറാനും വീണ്ടും രംഗത്ത്: ലോകരാജ്യങ്ങൾക്ക് ആശങ്ക

പോർവിളികളുമായി അമേരിക്കയും ഇറാനും വീണ്ടും രംഗത്ത്: ലോകരാജ്യങ്ങൾക്ക് ആശങ്ക

വാഷിംഗ്ടണ്‍ : ലോകത്തെ മുള്‍ മുനയില്‍ നിര്‍ത്തി അമേരിക്കയും ഇറാനും പോര്‍വിളി തുടരുന്നു.ട്രംപിന്റെ ആക്രമണ ഭീഷണിക്കു പിന്നാലെ മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നു. അമേരിക്ക വീണ്ടും ആക്രമിച്ചാല്‍ യുദ്ധത്തിന്റെ ദൈര്‍ഘ്യവും അവസാനവും വാഷിങ്ടണിന് തീരുമാനിക്കാനാകില്ലെന്ന് ഇറാന്‍ ഓര്‍മ്മിപ്പിച്ചു. ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു ഇതിനുള്ള ട്രംപിന്റെ പ്രതികരണം.

അമേരിക്കയുമായി വീണ്ടും യുദ്ധമുണ്ടായാല്‍ കഴിഞ്ഞ ഏറ്റുമുട്ടലിനേക്കാള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കി.ഇറാനില്‍ ഇനിയും ഒന്നോ രണ്ടോ ലക്ഷ്യങ്ങള്‍ ആക്രമിച്ച്‌ തകര്‍ക്കാനുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.മധ്യപൂര്‍വദേശത്തെ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങള്‍ക്കിടെ അമേരിക്കയും ഇസ്രയേലും വീണ്ടും ആക്രമണം നടത്തുമെന്ന ഭീഷണി ആവര്‍ത്തിച്ചു. നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് മേഖലയില്‍ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നത്.

വീണ്ടും യുദ്ധമുണ്ടായാല്‍ അത് മുന്‍പുണ്ടായ സംഘര്‍ഷത്തേക്കാള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കാം. യുദ്ധം എപ്പോള്‍ അവസാനിക്കണമെന്നും ഏതെല്ലാം വ്യവസ്ഥകളിലാണ് അവസാനിക്കേണ്ടതെന്നും തീരുമാനിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റിന് കഴിയണമെന്നില്ല,’ ഇറാന്‍ സൈനിക വക്താവ് മുഹമ്മദ് അക്രാമിനിയ മുന്നറിയിപ്പ് നല്‍കി.

ഇറാനിലെ ശേഷിക്കുന്ന ലക്ഷ്യങ്ങള്‍ അമേരിക്കയ്ക്ക് വേഗത്തില്‍ ആക്രമിക്കാനാകുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഇറാന്റെ സൈനിക വക്താവിന്റെ മുന്നറിയിപ്പ്.’ ഇനിയും ഒന്നോ രണ്ടോ കേന്ദ്രങ്ങള്‍ കൂടി കൈകാര്യം ചെയ്യാനുണ്ട്. 10 മിനിറ്റിനുള്ളില്‍ അത് ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വെളിപ്പെടുത്തി.

ഫെബ്രുവരി 28ന് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്. ഏറ്റവും രൂക്ഷമായ ഘട്ടത്തില്‍ ഇറാന്‍ മേഖലയുടെ വിവിധ ഭാഗങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച്‌ തിരിച്ചടിച്ചു. ഇറാനുമായി ബന്ധമുള്ള സായുധ സംഘടനകളും ലബനനിലും യെമനിലും പോരാട്ടത്തില്‍ പങ്കുചേര്‍ന്നു.

പിക്കാക്സ് മൗണ്ടന്‍’ എന്നറിയപ്പെടുന്ന ഭൂഗര്‍ഭ ആണവ കേന്ദ്രവും ലക്ഷ്യമിടേണ്ടതുണ്ടെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാന്റെ രഹസ്യ ആണവ സമുച്ചയമാണിതെന്നാണ് സംശയിക്കുന്നത്. ഇറാന്റെ സൈനികശേഷിയുടെ വലിയൊരു ഭാഗം അമേരിക്ക തകര്‍ത്തെന്നും ഒന്നോ രണ്ടോ ലക്ഷ്യങ്ങള്‍ കൂടി അവശേഷിക്കുന്നുണ്ടെന്നുമാണ് ട്രംപിന്റെ അവകാശവാദം.

ഇറാനെതിരായ സൈനിക നീക്കങ്ങള്‍ എപ്പോള്‍, എങ്ങനെ ശക്തമാക്കുമെന്നതിനെക്കുറിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ശനിയാഴ്ച ഫോണില്‍ സംസാരിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ഇറാനുമായുള്ള ചര്‍ച്ചകളുടെ പുരോഗതിയാണ് ഇരുനേതാക്കളും വിലയിരുത്തിയത്.ചൊവ്വാഴ്ച നടക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പിനു പിന്നാലെ ഇറാനെ ഉടന്‍ ആക്രമിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടതായും ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കാനാണ് ട്രംപ് താല്‍പര്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.ഇരുനേതാക്കളും തമ്മിലുള്ള സംഭാഷണം കടുത്തതായിരുന്നുവെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.നേരിട്ടുള്ള ചര്‍ച്ചയായിരുന്നുവെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ പ്രതികരണം.

നെതന്യാഹുവുമായി ഇറാന്‍ വിഷയത്തില്‍ സംസാരിച്ചിരുന്നുവെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.

അമേരിക്കയുടെ പുതിയ ആക്രമണ നീക്കങ്ങള്‍ക്കെതിരെ ഇറാനിലെ ഉന്നത സൈനിക-രാഷ്ട്രീയ നേതാക്കള്‍ ആവര്‍ത്തിച്ച്‌ മുന്നറിയിപ്പ് നല്‍കി.ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി കഴിഞ്ഞ ദിവസം നല്‍കിയ മുന്നറിയിപ്പിന് പിന്നാലെ റെവല്യൂഷണറി ഗാര്‍ഡ്സ് വക്താവ് ഹൊസൈന്‍ മൊഹെബിയും സമാന നിലപാട് വ്യക്തമാക്കി.അമേരിക്കയുമായുള്ള സംഘര്‍ഷത്തില്‍ ഭൂമിശാസ്ത്രപരമായ പരിധികളില്ല. ശത്രുവിന് നാശനഷ്ടങ്ങള്‍ വരുത്തുന്നതിനുള്ള വിശാലമായലക്ഷ്യമേയുള്ളു.

അതേ സമയം,ഇറാന്‍ നയതന്ത്രത്തിനും പ്രതിരോധത്തിനും ഒരുപോലെ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി.മറുഭാഗം വിവേകപൂര്‍വം ചിന്തിക്കുകയും നയതന്ത്ര മാര്‍ഗം തിരഞ്ഞെടുക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു,’ അദ്ദേഹം വ്യക്തമാക്കി. അതിനിടെ, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനായി കത്തയച്ചതായി ഇറാന്‍ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായി വെളിപ്പെടുത്തി.

അമേരിക്കയുടെ നിലപാടിലും സംസാരരീതിയിലും അനുകൂലമായ മാറ്റം കാണുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ കത്തിന് ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നും ഇദ്ദേഹം അറിയിച്ചു. ഇറാന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്നും ചര്‍ച്ചകള്‍ക്കും തയ്യാറാകില്ലെന്നും നേരത്തേ അമേരിക്കയെ അറിയിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കുക, ഇറാന്‍ തുറമുഖങ്ങള്‍ക്കെതിരായ മാസങ്ങളായി തുടരുന്ന അമേരിക്കന്‍ നാവിക ഉപരോധം അവസാനിപ്പിക്കുക, ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കുക, എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങള്‍.

യുദ്ധം ആരംഭിച്ചതിനുശേഷം ആഗോള ഊര്‍ജ വിതരണത്തിലെ നിര്‍ണായക പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നു. അനുമതിയില്ലാതെ കടലിടുക്ക് കടക്കാന്‍ ശ്രമിച്ച കപ്പലുകള്‍ക്കുനേരെ ഇറാന്‍ പലതവണ ആക്രമണം നടത്തുകയും ചെയ്തു.ഇതിന് മറുപടിയായി ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരെ അമേരിക്കയും നാവിക ഉപരോധം ഏര്‍പ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments