Tuesday, November 3, 2026
HomeNewsഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കണം: യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ സംയുക്ത പ്രസ്താവന

ഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കണം: യു.എസ്, ദക്ഷിണ കൊറിയ, ജപ്പാൻ സംയുക്ത പ്രസ്താവന

അറ്റ്‌ലാന്റ : ഉത്തരകൊറിയയുടെ സമ്പൂർണ ആണവ നിരായുധീകരണം ആവശ്യപ്പെട്ട് യു.എസും ദക്ഷിണ കൊറിയയും ജപ്പാനും സംയുക്ത പ്രസ്താവന പുറത്തിറക്കി. ഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന ദീർഘകാല നിലപാട് ആവർത്തിച്ച മൂന്ന് രാജ്യങ്ങളും, ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പൂർണമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അറ്റ്‌ലാന്റയിൽ വ്യാഴാഴ്ച നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തോടനുബന്ധിച്ചാണ് മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്. ഉത്തരകൊറിയയുടെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് വരുമാനം ലഭിക്കുന്നതിനെ തടയുന്നതുൾപ്പെടെയുള്ള യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ പൂർണമായി നടപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ദക്ഷിണ കൊറിയൻ വിദേശകാര്യ മന്ത്രി ചോ ഹ്യുൻ, ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി പുതിയൊരു ഉച്ചകോടിക്ക് താല്പര്യം പ്രകടിപ്പിക്കുന്നതിനിടെയാണ് നയതന്ത്ര തലത്തിൽ ഈ സംയുക്ത പ്രസ്താവന വന്നിരിക്കുന്നത്. അടുത്ത മാസം ചൈനയിൽ നടക്കുന്ന ഏഷ്യ-പസഫിക് സാമ്പത്തിക സഹകരണ (എപെക്) ഉച്ചകോടിക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

അതേസമയം, ഉത്തരകൊറിയയുമായുള്ള ചർച്ചകൾക്ക് ഉപാധികൾ മുന്നോട്ടുവെക്കില്ലെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആണവ പദ്ധതി ഉടൻ പൂർണമായി അവസാനിപ്പിക്കുന്നതിന് പകരം, അത് മരവിപ്പിക്കുന്നതിനുള്ള ധാരണയും അതിന് പകരമായി ഉപരോധങ്ങളിൽ ഇളവും പരിഗണിക്കാമെന്ന് സെപ്റ്റംബറിൽ അദ്ദേഹം നിർദേശിച്ചിരുന്നു. എന്നാൽ, ആണവായുധങ്ങൾ കൈവശംവെക്കുന്ന രാജ്യമായി ഉത്തരകൊറിയയെ പരോക്ഷമായി അംഗീകരിക്കുന്നതിന് ഇത് വഴിയൊരുക്കുമെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

റഷ്യയുടെയും ചൈനയുടെയും പിന്തുണയുള്ള ഉത്തരകൊറിയ, കടുത്ത യു.എൻ ഉപരോധങ്ങൾക്കിടയിലും ആണവായുധ രാഷ്ട്രമെന്ന പദവി നിയമപരമായി ഉറപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ആണവായുധ ശേഖരം ശാശ്വതവും മാറ്റാനാകാത്തതുമാണെന്നാണ് പ്യോങ്യാങിന്റെ നിലപാട്.

ഉത്തരകൊറിയക്കെതിരായ ഉപരോധങ്ങൾ നടപ്പാക്കുന്നത് നിരീക്ഷിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയെയും പ്യോങ്യാങ് വിമർശിച്ചു. അമേരിക്കയുടെയും പാശ്ചാത്യ രാജ്യങ്ങളുടെയും ഉപരോധ നീക്കങ്ങൾക്ക് ഉത്തരകൊറിയയുടെ ആണവായുധ രാഷ്ട്രമെന്ന നിലപാടിനെ മാറ്റാനാകില്ലെന്ന് ഉത്തരകൊറിയൻ സർക്കാർ പ്രതികരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments