Tuesday, November 3, 2026
HomeAmericaഅമേരിക്കയിൽവോട്ടെടുപ്പ് ആറ് ടൈം സോണുകളിൽ; ഫലസൂചനകൾ നാളെ പുലർച്ചെ മുതൽ, ഉറ്റുനോക്കി ലോകം

അമേരിക്കയിൽവോട്ടെടുപ്പ് ആറ് ടൈം സോണുകളിൽ; ഫലസൂചനകൾ നാളെ പുലർച്ചെ മുതൽ, ഉറ്റുനോക്കി ലോകം

വാഷിംഗ്ടൺ : ലോകം ഉറ്റുനോക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലയളവിലെ അവസാന രണ്ട് വർഷങ്ങളിൽ അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ആർക്കായിരിക്കുമെന്ന് ഈ ജനവിധി തീരുമാനിക്കും. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലെ ആകെയുള്ള 435 സീറ്റുകളിലേക്കും, 35 സെനറ്റ് സീറ്റുകളിലേക്കും, 36 സംസ്ഥാനങ്ങളിലെ ഗവർണർ പദവികളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

അമേരിക്കയിലെ ആറ് വ്യത്യസ്ത ടൈം സോണുകളിലായി പോളിങ് വിവിധ സമയങ്ങളിലാണ് അവസാനിക്കുക. ഇന്ത്യൻ സമയം (IST) ബുധനാഴ്ച (നവംബർ 4) പുലർച്ചെ 5:30-ഓടെ ആദ്യ ഘട്ട പോളിങ് സ്റ്റേഷനുകൾ അടയ്ക്കും. ഇതിന് പിന്നാലെ തന്നെ പ്രമുഖ മാധ്യമങ്ങളുടെ ഫലസൂചനകളും പ്രവചനങ്ങളും പുറത്തുവന്നുതുടങ്ങും. എന്നാൽ തപാൽ വോട്ടുകൾ എണ്ണിത്തീരാൻ ദിവസങ്ങളെടുക്കുമെന്നതിനാൽ അന്തിമവും ഔദ്യോഗികവുമായ ഫലപ്രഖ്യാപനത്തിന് സമയമെടുക്കും.

ആഴ്ചകൾക്ക് മുൻപ് തന്നെ അമേരിക്കയിൽ മുൻകൂട്ടിയുള്ള വോട്ടിങ്ങും തപാൽ വോട്ടിങ്ങും ആരംഭിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് ‘ഫെഡറൽ വോട്ടിങ് അസിസ്റ്റൻസ് പ്രോഗ്രാം’ (FVAP.gov) വഴി ഒബ്‌സെന്റി വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അതേസമയം ഗ്രീൻ കാർഡ് ഉടമകൾക്കോ, എച്ച്-1ബി, എഫ്-1 വിസകളിലുള്ള മറ്റ് രാജ്യങ്ങളിലെ പൗരന്മാർക്കോ വോട്ടവകാശമില്ല.

ദേശീയ സർവേകളിൽ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്ക് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും ജനപ്രതിനിധി സഭയിൽ ഭൂരിപക്ഷം നേടുക അവർക്ക് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ വിശകലനങ്ങൾ സൂചിപ്പിക്കുന്നത്. ആകെയുള്ള സീറ്റുകളിൽ 40 മുതൽ 50 വരെ സീറ്റുകളിൽ മാത്രമാണ് ഇരുപാർട്ടികളും തമ്മിൽ കടുത്ത മത്സരമുള്ളത്.റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്ന 50 വയസ്സിന് മുകളിലുള്ള മുതിർന്ന വോട്ടർമാരുടെ ഉയർന്ന പങ്കാളിത്തവും, പരസ്യപ്രചാരണങ്ങൾക്കായി റിപ്പബ്ലിക്കൻ ക്യാമ്പ് ഒഴുക്കിയ വൻ തുകയുമാണ് ഡെമോക്രാറ്റുകൾക്ക് പ്രധാന വെല്ലുവിളി ഉയർത്തുന്നത്.

സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ഡെമോക്രാറ്റുകളേക്കാൾ 188 മില്യൺ ഡോളർ അധികമാണ് റിപ്പബ്ലിക്കൻ പാർട്ടി പരസ്യങ്ങൾക്കായി ചിലവഴിച്ചത്. ഡോണൾഡ് ട്രംപിന് പുറമെ പ്രമുഖ വ്യവസായി ഇലോൺ മസ്കും റിപ്പബ്ലിക്കൻ ക്യാമ്പയിനായി വൻ തുക നൽകിയിട്ടുണ്ട്. കൂടാതെ ഡെമോക്രാറ്റുകളെ ‘സോഷ്യലിസ്റ്റുകൾ’ എന്ന് ചിത്രീകരിച്ചുള്ള റിപ്പബ്ലിക്കൻമാരുടെ പ്രചാരണവും നിർണായക മണ്ഡലങ്ങളിൽ സ്വാധീനം ചെലുത്തിയേക്കും.

അതേസമയം, ഇടക്കാല തിരഞ്ഞെടുപ്പിൽ നിർണ്ണായക സ്വാധീനവുമായി നിരവധി ഇന്ത്യൻ വംശജരാണ് മത്സരരംഗത്തുള്ളത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത് ഒഹായോ സംസ്ഥാനത്തിലാണ്. പ്രമുഖ റിപ്പബ്ലിക്കൻ നേതാവും മുൻ യു.എസ്. പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ വിവേക് രാമസ്വാമി ഒഹായോ ഗവർണർ പദവിയിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. നിലവിൽ ഒഴിവുകിടക്കുന്ന ഈ ഗവർണർ സീറ്റിലേക്ക് ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തയായ സ്ഥാനാർത്ഥി ആമി ആക്ടനെതിരെയാണ് വിവേക് രാമസ്വാമിയുടെ നേരിട്ടുള്ള പോരാട്ടം.

ഗവർണർ പോരാട്ടത്തിന് പുറമെ, യു.എസ്. ജനപ്രതിനിധി സഭയായ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലേക്കും പ്രമുഖ ഇന്ത്യൻ വംശജർ ജനവിധി തേടുന്നുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയുടെ ജനപ്രിയ മുഖങ്ങളായ റോ ഖന്ന, പ്രമീള ജയപാൽ, അമി ബേര, സുഹാസ് സുബ്രഹ്മണ്യം എന്നീ നാല് ജനപ്രതിനിധികളാണ് യു.എസ്. ഹൗസിലേക്ക് മത്സരിക്കുന്ന മറ്റ് പ്രമുഖർ. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്ത്യൻ വംശജരുടെ വർദ്ധിച്ചുവരുന്ന സ്വാധീനവും നിർണ്ണായക സ്ഥാനവും അടിവരയിടുന്നതാണ് ഈ തിരഞ്ഞെടുപ്പിലെ ഇവരുടെ സാന്നിധ്യം.

ഡിസംബർ ഒന്നിനകം വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കി ആഴ്ചകൾക്കുള്ളിൽ സംസ്ഥാനങ്ങൾ ഔദ്യോഗിക ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുക്കപ്പെടുന്ന പുതിയ കോൺഗ്രസ് അംഗങ്ങൾ 2027 ജനുവരി 3-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments