Wednesday, October 28, 2026
HomeNewsപശ്ചിമേഷ്യൻ സംഘർഷം: ക്രൂഡ് ഓയിൽ വില വീണ്ടും കുതിക്കുന്നു

പശ്ചിമേഷ്യൻ സംഘർഷം: ക്രൂഡ് ഓയിൽ വില വീണ്ടും കുതിക്കുന്നു

പശ്ചിമേഷ്യയിലെ സംഘർഷങ്ങളും എണ്ണവിതരണത്തെക്കുറിച്ചുള്ള ആശങ്കകളും ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവില ഉയർന്നു. ഇറാനിൽ നടക്കുന്ന നയതന്ത്ര ചർച്ചകളുടെ ഫലത്തിനായി വിപണികൾ കാത്തിരിക്കെ, യെമനിലെ ഹൂതി വിഭാഗം സൗദി അറേബ്യയ്ക്കുനേരെ വീണ്ടും ആക്രമണം നടത്തിയതും വിലയെ സ്വാധീനിച്ചു. ചൊവ്വാഴ്ച രാവിലെ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 45 സെന്റ് (0.39%) ഉയർന്ന് 116.26 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് വില 40 സെന്റ് (0.39%) വർധിച്ച് 102.16 ഡോളറിലുമെത്തി. നേരത്തെ വിലയിൽ ഇടിവുണ്ടായിരുന്നെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷം കുറയ്ക്കാൻ സൗദി അറേബ്യ, തുർക്കി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ തിങ്കളാഴ്ച ടെഹ്‌റാനിൽ ഇറാൻ അധികൃതരുമായി ചർച്ച നടത്തി. സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണം തുടരാൻ നാലു രാജ്യങ്ങളും ധാരണയിലെത്തിയതായി ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലുകൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുപിന്നാലെ കഴിഞ്ഞയാഴ്ച ബ്രെന്റ് ക്രൂഡ് വില ബാരലിന് 117 ഡോളർ കടന്നിരുന്നു. ഏപ്രിലിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.

അതേസമയം, ഗൾഫ് മേഖലയിൽനിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതി തുടർച്ചയായ നാലാം ആഴ്ചയും കുറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സാധാരണ നിലയുടെ 60 ശതമാനത്തോളമായി ചുരുങ്ങിയതായും എഎൻസെഡ് റിസർച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ഡീസൽ ഉൾപ്പെടെയുള്ള ഇന്ധനങ്ങളുടെ ആഗോള ശേഖരം കഴിഞ്ഞ അഞ്ചുവർഷത്തെ ശരാശരിയേക്കാൾ ഏകദേശം അഞ്ച് ശതമാനം താഴെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഹോർമുസ് കടലിടുക്കിലും സമീപ ജലമേഖലകളിലും വാണിജ്യ കപ്പലുകൾക്കുനേരെയുള്ള ആക്രമണങ്ങൾ ഒക്ടോബറിൽ ഉയർന്ന നിലയിലെത്തിയതായും റിപ്പോർട്ടുണ്ട്. ഇസ്രയേലിലെ പൊതുതിരഞ്ഞെടുപ്പും പശ്ചിമേഷ്യൻ സംഘർഷത്തിലും എണ്ണവിലയിലും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളും നിക്ഷേപകർ നിരീക്ഷിക്കുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments