Wednesday, October 28, 2026
HomeNewsആന്ധ്ര തീരത്ത് കനത്ത നാശം വിതച്ച് 'അർണബ്' ചുഴലികാറ്റ്: ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

ആന്ധ്ര തീരത്ത് കനത്ത നാശം വിതച്ച് ‘അർണബ്’ ചുഴലികാറ്റ്: ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ വകുപ്പ്

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങളിൽ കരതൊട്ടു. ബുധനാഴ്ച പുലർച്ചെ 1:30 ഓടെ പശ്ചിമ ഗോദാവരി ജില്ലയിലെ നർസാപൂരിനും കാക്കിനാഡയ്ക്കും ഇടയിലാണ് ചുഴലിക്കാറ്റിന്റെ ആദ്യഭാഗം കരയിലേക്ക് പ്രവേശിച്ചത്. നിലവിൽ മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വേഗതയിലും, ചിലയിടങ്ങളിൽ പരമാവധി 150 കിലോമീറ്റർ വേഗതയിലുമാണ് കനത്ത കാറ്റും കോരിച്ചൊരിയുന്ന മഴയും തുടരുന്നത്.കരതൊട്ട ശേഷവും തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് ഒരേ സ്ഥാനത്ത് തുടരുന്നതിനാൽ ഇതിന്റെ പൂർണ്ണമായ ആഘാതം വരും മണിക്കൂറുകളിലും നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ആന്ധ്രയിലെ തീരദേശ ജില്ലകളിൽ ചുഴലിക്കാറ്റ് കടുത്ത നാശമാണ് വിതച്ചിരിക്കുന്നത്. കോനസീമ ജില്ലയിൽ മാത്രം ആറായിരത്തോളം വൈദ്യുത തൂണുകൾ തകരുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. വിശാഖപട്ടണം, കാക്കിനാഡ, യെനാം എന്നിവിടങ്ങളിൽ റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വീണുകിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരു മുതിർന്ന പൗരൻ മരണപ്പെട്ടതായി റിപ്പോർട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ ഒന്നര മീറ്ററിലധികം ഉയരത്തിൽ കടൽവെള്ളം ഇരച്ചുകയറി ജനവാസ മേഖലകൾ വെള്ളത്തിനടിയിലായി.

ദുരന്ത സാധ്യത മുന്നിൽക്കണ്ട് ആന്ധ്രാപ്രദേശ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. 84,000-ത്തിലധികം ആളുകളെ ഇതിനകം 290 ക്യാമ്പുകളിലേക്ക് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. അടിയന്തര സാഹചര്യങ്ങൾക്കായി 15 ദേശീയ ദുരന്ത പ്രതികരണ സേന സംഘങ്ങളെയും കര-നാവിക സേനകളെയും വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ തത്സമയം വിലയിരുത്തുകയും തകർന്ന പ്രദേശങ്ങളിൽ വൈദ്യുതിയും ഗതാഗതവും പുനഃസ്ഥാപിക്കാൻ അടിയന്തര നിർദ്ദേശം നൽകുകയും ചെയ്തു.

ചുഴലിക്കാറ്റിനെത്തുടർന്ന് മേഖലയിലെ വ്യോമ-റെയിൽ ഗതാഗതം പൂർണ്ണമായും താറുമാറായി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിശാഖപട്ടണം, വിജയവാഡ, രാജമുദ്രി വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു. 50-ലധികം ട്രെയിൻ സർവീസുകൾ റെയിൽവേ പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്.

ആന്ധ്രയ്ക്ക് പുറമെ ഒഡീഷ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തീരങ്ങളിലും ശക്തമായ കടലാക്രമണവും മഴയും തുടരുകയാണ്. ഒഡീഷയിലെ തെക്കൻ ജില്ലകളിലും ആന്ധ്രയിലെ 10 ജില്ലകളിലും സ്കൂളുകൾക്കും കോളേജുകൾക്കും രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുമെന്നും ഉച്ചയോടെ കാറ്റിന്റെ വേഗത കുറയാൻ സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments