Saturday, October 10, 2026
HomeAmericaനോബൽ പുരസ്‌കാരം ലഭിക്കാത്തതിൽ മനം നൊന്ത് ട്രംപ്: പുരസ്‌കാര ജേതാവ് നവി പിള്ളയെ ...

നോബൽ പുരസ്‌കാരം ലഭിക്കാത്തതിൽ മനം നൊന്ത് ട്രംപ്: പുരസ്‌കാര ജേതാവ് നവി പിള്ളയെ അറിയില്ലെന്നും ട്രംപ്

വാഷിങ്ടൺ : നോബൽ സമാധാന പുരസ്‌കാരം ലഭിക്കാത്തതിൽ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ വർഷത്തെ പുരസ്‌കാര പ്രഖ്യാപനം ‘അപമാനകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന്’ വിശേഷിപ്പിച്ച ട്രംപ്, തീരുമാനത്തിലൂടെ നോർവേക്ക് മായാത്ത കളങ്കമാണ് ഉണ്ടായിരിക്കുന്നതെന്നും വിമർശിച്ചു.

അന്താരാഷ്ട്ര ക്രിമിനൽ കോടതി മുൻ ജഡ്ജി നവി പിള്ളക്കാണ് വെള്ളിയാഴ്ച നോബൽ സമാധാന പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് മണിക്കൂറുകൾക്കുശേഷം ന്യൂയോർക്കിലെ സിറാക്കൂസിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് ട്രംപ് പ്രതികരിച്ചത്. പുരസ്‌കാര ജേതാവായ നവി പിള്ളയെ തനിക്ക് അറിയില്ലെന്നും അവരെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

‘ഇത് നോർവേ എന്ന രാജ്യത്തിന് മായാത്ത കളങ്കമാണ്. ഞങ്ങൾ ഇത് മറക്കില്ല’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കണമെന്ന ആഗ്രഹം ട്രംപ് നേരത്തെയും പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2025-ൽ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്‌കാരം ലഭിച്ചപ്പോഴും ട്രംപ് സമാനമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

കഴിഞ്ഞ വർഷം നോർവേ പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റോറേ ട്രംപിനോട് ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. നൊബേൽ സമാധാന പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുന്നത് നോർവേ സർക്കാരല്ലെന്നും നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സമിതിയാണെന്നുമായിരുന്നു വിശദീകരണം.

എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നും രണ്ടെണ്ണം കൂടി അവസാനിപ്പിക്കുകയോ വിജയിക്കുകയോ ചെയ്യുന്നതിന്റെ വക്കിലാണെന്നും റാലിയിൽ ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഈ അവകാശവാദങ്ങൾക്ക് തെളിവുകളൊന്നും അദ്ദേഹം നൽകിയില്ല. ‘ജനാധിപത്യവിരുദ്ധരും നാഗരികതയുടെ ശത്രുക്കളുമായ ഒരുപിടി തീവ്ര ആശയക്കാർ നോബൽ സമാധാന പുരസ്‌കാരത്തിന്റെ വിശ്വാസ്യത എന്നെന്നേക്കുമായി തകർത്തു’ എന്നും ട്രംപ് ആരോപിച്ചു.

അതേസമയം, യുദ്ധക്കുറ്റങ്ങൾ, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ, വംശഹത്യ എന്നിവയിൽ ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ നവി പിള്ള നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി അധ്യക്ഷൻ യോർഗൻ വാട്ട്നെ ഫ്രൈഡ്നെസ് പറഞ്ഞു.

പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ജർമനിയിലെ ന്യൂറംബർഗിലുള്ള പാലസ് ഓഫ് ജസ്റ്റിസിൽ വെച്ച് പ്രതികരിച്ച 85കാരിയായ നവി പിള്ള, വാർത്ത കേട്ടപ്പോൾ ‘ഇത് തമാശയായിരിക്കണം’ എന്നാണ് ആദ്യം കരുതിയതെന്ന് പറഞ്ഞു. തനിക്കായി കൈയടിച്ചവരോട് നന്ദി അറിയിച്ച അവർ, ‘നിങ്ങൾ കുറച്ചുകൂടി കൈയടിച്ചാൽ ഈ പുരസ്‌കാരം ട്രംപുമായി പങ്കിട്ടേക്കാം’ എന്നും തമാശയായി പറഞ്ഞു.

ഈ വർഷം ജനുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെ മരിയ കൊറീന മച്ചാഡോ തന്റെ നൊബേൽ മെഡൽ ട്രംപിന് സമ്മാനിച്ചിരുന്നു. വെനസ്വേലയുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായാണ് മെഡൽ നൽകിയതെന്ന് മച്ചാഡോ വ്യക്തമാക്കിയിരുന്നു. ഇതിനെ ‘പരസ്പര ബഹുമാനത്തിന്റെ മനോഹരമായ ആംഗ്യം’ എന്നാണ് ട്രംപ് സമൂഹമാധ്യമത്തിൽ വിശേഷിപ്പിച്ചത്.എന്നാൽ, നൊബേൽ പുരസ്‌കാരം മറ്റൊരാൾക്ക് കൈമാറാനാകില്ലെന്ന് നൊബേൽ കമ്മിറ്റി പിന്നീട് വ്യക്തമാക്കി. ‘നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചുകഴിഞ്ഞാൽ അത് റദ്ദാക്കാനോ മറ്റൊരാളുമായി പങ്കിടാനോ കൈമാറാനോ കഴിയില്ല. തീരുമാനം അന്തിമമാണ്; അത് എന്നെന്നേക്കുമായി നിലനിൽക്കും’ എന്നായിരുന്നു സമിതിയുടെ പ്രസ്താവന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments