പനാമയിൽ വെള്ളിയാഴ്ച തുടർച്ചയായി ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ വൻ നാശനഷ്‌ടം. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിനു പിന്നാലെ 6.6 തീവ്രതയുള്ള രണ്ടാമത്തെ ചലനവുമുണ്ടാവുകയായിരുന്നു. തലസ്ഥാനമായ പനാമ സിറ്റിയിലടക്കം ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. യുഎസ് ജിയോളജിക്കൽ സർവേയാണ് (യുഎസ്ജിഎസ്) ഭൂചലനങ്ങളുടെ വിവരം പുറത്തുവിട്ടത്. പനാമയുടെ തെക്കൻ തീരത്തോടടുത്താണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പിറ്റലോസ അറിബയിൽനിന്ന് ഏഴ് മൈൽ തെക്കുപടിഞ്ഞാറായി ഏഴ് മൈൽ ആഴത്തിലായിരുന്നു ഭൂചലനം. രണ്ടര മണിക്കൂറിനുശേഷമുണ്ടായ രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പസഫിക് തീരത്തെ റിയോ ഗ്രാൻഡെയിൽനിന്ന് എട്ട് മൈൽ പടിഞ്ഞാറായി ആറ് മൈൽ ആഴത്തിലായിരുന്നു. ഭൂചലനത്തിൽ വെള്ളിയാഴ്ച വൈകുന്നേരം വരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പനാമ പ്രസിഡന്റ് ഹോസെ റൗൾ മുലിനോ അറിയിച്ചു. എന്നാൽ, വരും മണിക്കൂറുകളിലോ ദിവസങ്ങളിലോ സ്ഥിതിയിൽ മാറ്റമുണ്ടാകാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, പനാമ തീരത്ത് സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ആദ്യം അറിയിച്ചെങ്കിലും പിന്നീട് ഭീഷണി ഒഴിഞ്ഞതായി വ്യക്തമാക്കി. ഭൂചലനത്തിൽ കെട്ടിടങ്ങളുടെ ഭാഗങ്ങൾ തകരുകയും റോഡുകളിൽ വലിയ വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. വെരാഗ്വാസ്, ഹെറേറ, ലോസ് സാന്റോസ് എന്നീ പ്രവിശ്യകളിലാണ് പ്രധാനമായും നാശനഷ്ടങ്ങളുണ്ടായതെന്ന് ദേശീയ സിവിൽ പ്രൊട്ടക്ഷൻ സർവീസിലെ ഒമർ സ്മിത്ത് അറിയിച്ചു. തലസ്ഥാനത്ത് നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തലസ്ഥാനത്തുനിന്ന് 93 മൈൽ അകലെയുള്ള പെനോനോമെ നഗരത്തിൽ ഭാഗികമായി തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരിക്കേറ്റു. നഗരത്തിലെ പ്രധാന ചത്വരത്തിലുള്ള കത്തീഡ്രലിന് ഭാഗികമായി തകരാറുണ്ടായതായും വിള്ളലുകൾ രൂപപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഗവർണറുടെ ഓഫീസ് കെട്ടിടത്തിനും ഡോസ് കോണ്ടിനെന്റസ് ഹോട്ടലിനും കേടുപാടുകൾ സംഭവിച്ചു. ലോസ് സാന്റോസ് പ്രവിശ്യയിലെ ചരിത്രപ്രാധാന്യമുള്ള സാൻ അത്തനാസിയോ പള്ളി തകർന്നുവീണതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെരാഗ്വാസ് ഉൾപ്പെടെയുള്ള മേഖലകളിൽ റോഡുകളിലും വലിയ വിള്ളലുകൾ രൂപപ്പെട്ടു.
ഭൂചലനത്തിനു പിന്നാലെ നിരവധി തുടർചലനങ്ങളുണ്ടായി. 5.8, 5.5, 5.2 തീവ്രതയുള്ള ചലനങ്ങളും രേഖപ്പെടുത്തി. പനാമ സർവകലാശാലയിലെ ഭൂകമ്പശാസ്ത്രജ്ഞർ 45-ലധികം തുടർചലനങ്ങൾ കണ്ടെത്തി. ഇതിൽ പലതും ആളുകൾക്ക് അനുഭവപ്പെടാത്തത്ര ദുർബലമായിരുന്നു. ഭൂചലനത്തെത്തുടർന്ന് പനാമ സിറ്റിയിലെ ടോകുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും തുറന്നു. ആഗോള വ്യാപാരത്തിലെ പ്രധാന പാതയായ പനാമ കനാലിലൂടെയുള്ള പ്രവർത്തനങ്ങൾ സാധാരണ നിലയിൽ തുടരുകയാണെന്ന് കനാൽ അതോറിറ്റി അറിയിച്ചു. നാശനഷ്ടങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക സാങ്കേതിക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങളോട് ശാന്തരായിരിക്കണമെന്നും സംഭവത്തെ പരിഭ്രാന്തിയും ക്രമസമാധാന പ്രശ്നങ്ങളും സൃഷ്ടിക്കാൻ ഉപയോഗിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ പ്രസിഡന്റ് മുലിനോ ആവശ്യപ്പെട്ടു.
പനാമയിൽ വ്യാപക നാശനഷ്ടങ്ങളുണ്ടാക്കിയ അവസാനത്തെ വലിയ ഭൂചലനം 1991ലായിരുന്നു. അന്ന് അയൽരാജ്യമായ കോസ്റ്റാറിക്കയിൽ പ്രഭവകേന്ദ്രമുണ്ടായ 7.4 തീവ്രതയുള്ള ഭൂചലനത്തിൽ 23 പേർ മരിക്കുകയും 559 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിനാളുകൾ ഭവനരഹിതരാവുകയും ചെയ്തു. ടെക്റ്റോണിക് ഫലകങ്ങളുടെ ചലനം കാരണം പനാമയിൽ ഭൂചലനങ്ങൾ പതിവാണ്. പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള അഗ്നിപർവതങ്ങളുടെയും ഭ്രംശമേഖലകളുടെയും ശൃംഖലയായ ‘റിങ് ഓഫ് ഫയറിലാണ്’ പനാമ സ്ഥിതിചെയ്യുന്നത്. ലോകത്തെ ഭൂരിഭാഗം ഭൂചലനങ്ങളും ഈ മേഖലയിലാണ് സംഭവിക്കുന്നത്.
ഭൂചലനത്തെത്തുടർന്ന് കൊളംബിയ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ പനാമയ്ക്ക് പിന്തുണയറിയിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്ന് കൊളംബിയൻ പ്രസിഡന്റ് അബെലാർഡോ ദെ ലാ എസ്പ്രിയേല്ല അറിയിച്ചു. ഭൂചലനത്തിന്റെ പ്രത്യാഘാതങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും പനാമയിലുള്ള അമേരിക്കൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും യുഎസ് എംബസിയും വ്യക്തമാക്കി.

