അമേരിക്കയിൽ താമസിക്കുന്നവർക്ക് രാജ്യം വിടാതെ ഗ്രീൻ കാർഡ് നേടുന്നത് കൂടുതൽ പ്രയാസകരമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ രണ്ട് കുടിയേറ്റ നയങ്ങൾക്കെതിരെ തൊഴിലാളി യൂണിയനുകളും കുടിയേറ്റ സംഘടനകളും കോടതിയെ സമീപിച്ചു. സർവകലാശാലാ അധ്യാപക സംഘടനകളും കുടിയേറ്റാവകാശ പ്രവർത്തകരും ഹർജിയിൽ പങ്കാളികളാണ്. 2026 ഒക്ടോബർ അഞ്ചിന് മസാച്യുസെറ്റ്സ് ഫെഡറൽ കോടതിയിൽ സമർപ്പിച്ച ഹർജിയിൽ, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) മേയിലും ഓഗസ്റ്റിലും നടപ്പാക്കിയ നയങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുമ്പ് അപേക്ഷിച്ചവർക്കുൾപ്പെടെ ഗ്രീൻ കാർഡ് നിഷേധിക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് നടപടികളെന്നാണ് ഹർജിക്കാരുടെ വാദം.
എന്നാൽ, കുടിയേറ്റ നിയമങ്ങൾ കോൺഗ്രസ് നിശ്ചയിച്ച രീതിയിൽ നടപ്പാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളെ തടസ്സപ്പെടുത്താനുള്ള അടിസ്ഥാനരഹിതമായ നീക്കമാണ് ഹർജിയെന്ന് USCIS വക്താവ് സാക് കഹ്‌ലർ പ്രതികരിച്ചു. ന്യൂസ് വീക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ താമസിക്കുന്ന അർഹരായ വിദേശികൾക്ക് രാജ്യം വിടാതെ സ്ഥിരതാമസാനുമതിക്ക് അപേക്ഷിക്കാനുള്ള സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ് നടപടിക്രമത്തെയാണ് പുതിയ നയങ്ങൾ ബാധിക്കുന്നത്. വിദേശത്തുള്ള യുഎസ് എംബസി വഴിയോ കോൺസുലേറ്റ് വഴിയോ വിസ നടപടികൾ പൂർത്തിയാക്കുന്നതിന് പകരമുള്ള മാർഗമാണിത്.
മുതൽ അമേരിക്കയിൽ താമസിക്കുന്ന എൽ സാൽവഡോർ സ്വദേശിനിയുടെ അപേക്ഷ സെപ്റ്റംബറിൽ നിരസിച്ച സംഭവവും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. സ്റ്റാറ്റസ് അഡ്ജസ്റ്റ്മെന്റ് നടപടിക്രമത്തിന് അവർ അർഹയാണെന്ന് USCIS കണ്ടെത്തിയിരുന്നെങ്കിലും മറ്റ് ഘടകങ്ങൾ പരിഗണിച്ചാണ് അപേക്ഷ നിരസിച്ചതെന്നാണ് പരാതി.
ഏകദേശം 26 വർഷമായി അമേരിക്കയിൽ താമസിക്കുന്നതും യുഎസ് പൗരന്മാരായ മൂന്ന് മക്കളുള്ളതുമായ മറ്റൊരു അപേക്ഷകയോട്, കോൺസുലേറ്റ് വഴി അപേക്ഷിക്കുന്നതിനുപകരം അമേരിക്കയ്ക്കുള്ളിൽനിന്ന് തന്നെ സ്റ്റാറ്റസ് മാറ്റത്തിന് അപേക്ഷിച്ചത് എന്തുകൊണ്ടാണെന്ന് അഭിമുഖത്തിനിടെ ചോദിച്ചതായും ഹർജിയിൽ പറയുന്നു. കേസ് ഫയൽ ചെയ്യുമ്പോഴും ഇവരുടെ അപേക്ഷയിൽ തീരുമാനമായിരുന്നില്ല. നടപടികൾ തുടരുന്നതിനിടെ പുതിയ നയങ്ങൾ നടപ്പാക്കുന്നത് തടയണമെന്നും അവ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കണമെന്നും ബാധിക്കപ്പെട്ട അപേക്ഷകളിൽ നിലവിലുള്ള നിയമങ്ങളും മുൻവിധികളും അനുസരിച്ച് തീരുമാനമെടുക്കണമെന്നും ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു.

