തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദത്തിൽ സിപിഎം കൗണ്‍സിലർ എസ് പി ദീപക്കിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മേയർ വി വി രാജേഷ്. 5 കോടി രൂപയുടെ മാനനഷ്ടക്കേസ് വി വി രാജേഷ് ഫയൽ ചെയ്തിരിക്കുന്നത്. എസ് പി ദീപക് ആരോപണം പിൻവലിക്കണമെന്നും വി വി രാജേഷ് ആവശ്യപ്പെടുന്നു. വ്യാജ ഒപ്പ് ആരോപണത്തിൽ മേയർ രാജേഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
വാഴക്കോണം കൗൺസിലർ സുഗതന്റെ ഒപ്പ് കൗൺസിൽ ബുക്കിൽ വ്യാജമായി രേഖപ്പെടുത്തിയെന്ന കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ് പി ദീപക്കിന്റെ പരാതിയിൽ കേസെടുത്ത മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മേയർ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു മേയർക്കെതിരെ ക്രിമിനൽ കേസ് രേഖപ്പെടുത്തിയിരുക്കുന്നതെന്നും, വ്യാജ ഒപ്പ് ചമക്കുന്നത് ഗുരുതര കുറ്റമാണെന്നും, സുഗതനെ സ്വാതന്ത്രസമര സേനാനിയെന്ന പോലെ ബിജെപി വരവേറ്റതിന്റെ ഔചിത്യം തനിക്ക് മനസ്സിലാകുന്നിലെന്നും എസ് പി ദീപക്ക് മാധ്യമങ്ങളോട് പറഞ്ഞു.

