Thursday, October 8, 2026
HomeAmericaവെനസ്വേലൻ ജയിലുകളിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരന്മാരെ ക്രൂരമായി പീഡിപ്പിച്ചു: മഡുറോയ്ക്കും ഭാര്യക്കുമെതിരെ പുതിയ കുറ്റപത്രം

വെനസ്വേലൻ ജയിലുകളിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരന്മാരെ ക്രൂരമായി പീഡിപ്പിച്ചു: മഡുറോയ്ക്കും ഭാര്യക്കുമെതിരെ പുതിയ കുറ്റപത്രം

ന്യൂയോർക്ക് : വെനസ്വേലൻ ജയിലുകളിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരന്മാരെ ക്രൂരമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് വെനസ്വേലൻ മുൻ പ്രസിഡന്റ് നികോളാസ് മഡുറോയ്ക്കും ഭാര്യ സിലിയ ഫ്ലോറസിനുമെതിരെ യുഎസ് ഫെഡറൽ പ്രൊസിക്യൂട്ടർമാർ പുതിയ കുറ്റപത്രം ചുമത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

മഡുറോ ഭരണകൂടം നിയമവിരുദ്ധമായി തടവിലാക്കിയ പന്ത്രണ്ടിലധികം അമേരിക്കക്കാരെ പീഡിപ്പിച്ച സംഭവത്തിൽ പങ്കാളികളായ മറ്റ് ചില ഉന്നത വ്യക്തികൾക്കെതിരെയും ഉടൻ നടപടിയുണ്ടാകുമെന്ന് കേസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. പുതിയ കുറ്റാരോപണങ്ങൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം.അതേസമയം, പുതിയ കുറ്റപത്രങ്ങളെക്കുറിച്ച് തനിക്ക് യാതൊരുവിധ മുൻകൂർ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മഡുറോയുടെ അഭിഭാഷകൻ ബാരി പൊള്ളാക്ക് പ്രതികരിച്ചു.

മഡുറോയുടെ ഭാര്യ സിലിയ ഫ്ലോറസിന്റെ ജാമ്യാപേക്ഷയിലുള്ള വാദം കേൾക്കൽ വ്യാഴാഴ്ച ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതിയിൽ നടക്കാനിരിക്കെയാണ് ഈ പുതിയ നീക്കം. കേസിന്റെ വിചാരണ 2027 ജൂണിലേക്ക് കോടതി താൽക്കാലികമായി നിശ്ചയിച്ചിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ് പുതിയ കുറ്റപത്രങ്ങളെക്കുറിച്ചുള്ള വാർത്ത ആദ്യം പുറത്തുവിട്ടത്. എന്നാൽ ഈ വിഷയത്തിൽ യുഎസ് നീതിന്യായ വകുപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ കടത്താൻ ഗൂഢാലോചന നടത്തുകയും അതിലൂടെ വൻ സാമ്പത്തിക ലാഭമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന കേസിൽ കഴിഞ്ഞ ജനുവരിയിലാണ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പ്രത്യേക രാത്രികാല ഓപ്പറേഷനിലൂടെ കസ്റ്റഡിയിലെടുത്തത്. വിചാരണയ്ക്കായി ഇവരെ പിന്നീട് അമേരിക്കയിലെത്തി ക്കുകയായിരുന്നു.

മയക്കുമരുന്ന് മാഫിയകളുമായും നാർക്കോ-തീവ്രവാദികളുമായും ചേർന്ന് മഡുറോ അഴിമതിക്ക് നേതൃത്വം നൽകിയെന്നാണ് പ്രൊസിക്യൂഷൻ ആരോപിക്കുന്നത്. നാർക്കോ-തീവ്രവാദ ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി, മാരകായുധങ്ങൾ കൈവശം വെക്കൽ ഉൾപ്പെടെ ഗുരുതരമായ നാല് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ തങ്ങൾ നിരപരാധികളാണെന്നാണ് ദമ്പതികളുടെ വാദം.ഒരു വിദേശ രാജ്യത്തിന്റെ നേതാക്കൾ എന്ന നിലയിൽ തങ്ങൾക്ക് നിയമപരമായ പരിരക്ഷയ്ക്ക് അർഹതയുണ്ടെന്നും അതിനാൽ മയക്കുമരുന്ന് കടത്ത് കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മഡുറോയും ഭാര്യയും യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ആൽവിൻ കെ. ഹെല്ലർസ്റ്റീന് ഹർജി നൽകിയിട്ടുണ്ട്. എന്നാൽ കോടതി ഇതിൽ വാദം കേട്ടിട്ടില്ല.

മഡുറോ സർക്കാരിലെ മുൻ വ്യവസായ മന്ത്രിയായിരുന്ന അലക്സ് സാബ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റം സമ്മതിക്കുകയും അമേരിക്കൻ അന്വേഷണ ഏജൻസികളുമായി സഹകരിക്കാൻ തയാറാവുകയും ചെയ്തത് മഡുറോയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. നിലവിലെ പ്രൊസിക്യൂഷൻ നടപടികൾ ദുർബലമാണെന്ന ആശങ്കകൾ ഉയർന്നതിനെത്തുടർന്ന്, മയാമിയിലെ ഫെഡറൽ പ്രൊസിക്യൂട്ടർമാരോട് മഡുറോയ്ക്കെതിരെ പുതിയ ക്രിമിനൽ അന്വേഷണം ആരംഭിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments