Sunday, September 20, 2026
HomeAmericaനാടുകടത്തലിൽ ട്രംപിന് വീണ്ടും തിരിച്ചടി: മുൻകൂർ അറിയിപ്പും പ്രതികരിക്കാൻ അവസരവും നൽകണമെന്ന് യുഎസ് ഫെഡറൽ...

നാടുകടത്തലിൽ ട്രംപിന് വീണ്ടും തിരിച്ചടി: മുൻകൂർ അറിയിപ്പും പ്രതികരിക്കാൻ അവസരവും നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി

വാഷിങ്ടൺ : സ്വന്തം രാജ്യവുമായി ബന്ധമില്ലാത്ത മൂന്നാം രാജ്യത്തേക്ക് നാടുകടത്തൽ നേരിടുന്ന കുടിയേറ്റക്കാർക്ക് മതിയായ മുൻകൂർ അറിയിപ്പും നാടുകടത്തലിനെതിരെ പ്രതികരിക്കാൻ അവസരവും നൽകണമെന്ന് യുഎസ് ഫെഡറൽ അപ്പീൽ കോടതി. നാടുകടത്തപ്പെടുന്ന രാജ്യത്ത് പീഡനമോ മറ്റ് ഗുരുതരമായ അപകടങ്ങളോ നേരിടേണ്ടിവരുമെന്ന് ഭയപ്പെടുന്നവർക്ക് അത് ചോദ്യം ചെയ്യാൻ അവസരം നൽകണമെന്നും കോടതി വ്യക്തമാക്കി.

യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫസ്റ്റ് സർക്യൂട്ടിലെ മൂന്നംഗ ബെഞ്ചാണ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നയത്തിനെതിരെ ഏകകണ്ഠമായി വിധി പറഞ്ഞത്. മൂന്നാം രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തുമ്പോൾ വളരെ കുറച്ച് മുൻകൂർ അറിയിപ്പ് നൽകിയാൽ മതിയെന്ന ഭരണകൂട നയമാണ് കോടതി റദ്ദാക്കിയത്.

“ഒരു രാജ്യത്ത് പീഡനം നേരിടുമെന്ന ഭയത്തിന്റെ പേരിൽ അവിടേക്ക് നാടുകടത്തുന്നത് ചോദ്യം ചെയ്യാനുള്ള അവകാശത്തിന് അർഥമുണ്ടാകണമെങ്കിൽ, നാടുകടത്താൻ ഉദ്ദേശിക്കുന്ന രാജ്യത്തെക്കുറിച്ച് മുൻകൂട്ടി അറിയിപ്പും അതിനെ ചോദ്യം ചെയ്യാനുള്ള ഫലപ്രദമായ അവസരവും ലഭിക്കണം,” സർക്യൂട്ട് ജഡ്ജി സേത്ത് അഫ്രെയിം വിധിയിൽ പറഞ്ഞു.

സ്വന്തം പൗരത്വമുള്ള രാജ്യമല്ലാത്തതും കുടുംബമോ മറ്റ് ബന്ധങ്ങളോ ഇല്ലാത്തതുമായ മറ്റൊരു രാജ്യത്തേക്ക് കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെയാണ് മൂന്നാം രാജ്യ നാടുകടത്തൽ എന്ന് പറയുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ട്രംപ് ഭരണകൂടം ഈ രീതി വ്യാപകമാക്കിയിട്ടുണ്ട്. ലൈബീരിയ, ഘാന, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സിയറ ലിയോൺ തുടങ്ങിയ രാജ്യങ്ങളുമായി ഇതിനായി കരാറുകളിലും ഏർപ്പെട്ടു.ഭരണകൂടത്തിന്റെ കുടിയേറ്റ നടപടികളുടെ ഭാഗമായി ഏകദേശം 25,000 പേരെ മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്തിയതായാണ് റിപ്പോർട്ട്.

നാടുകടത്തപ്പെടുന്നവർക്ക് സ്വീകരിക്കുന്ന രാജ്യങ്ങൾ മോശമായി പെരുമാറില്ലെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാൽ നാടുകടത്തുന്നതിന് മുമ്പ് പല കുടിയേറ്റക്കാർക്കും എതിർപ്പ് അറിയിക്കാൻ കാര്യമായ അവസരം ലഭിച്ചിരുന്നില്ലെന്ന് നയത്തെ ചോദ്യം ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യത്തിൽ മുൻകൂർ അറിയിപ്പും നാടുകടത്തുന്ന രാജ്യത്തെ ചോദ്യം ചെയ്യാനുള്ള അവസരവും അനിവാര്യമാണെന്ന് അപ്പീൽ കോടതി വ്യക്തമാക്കി. ഭരണകൂടം ആശ്രയിച്ചിരുന്ന നയതന്ത്ര ഉറപ്പുകൾ ഏതെല്ലാം രാജ്യങ്ങളാണ് നൽകിയതെന്ന് സർക്കാർ കൃത്യമായി തെളിയിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്തിയ സംഭവങ്ങളും നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു സംഘം പുരുഷന്മാരെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് നാടുകടത്തിയ സംഭവത്തിൽ, വിമാനത്തിൽ കയറി മണിക്കൂറുകൾ കഴിഞ്ഞാണ് തങ്ങളുടെ ലക്ഷ്യസ്ഥാനം അറിഞ്ഞതെന്ന് അവർ എബിസി ന്യൂസിനോട് പറഞ്ഞിരുന്നു.

അതേസമയം, മൂന്നാം രാജ്യങ്ങളിലേക്ക് കുടിയേറ്റക്കാരെ നാടുകടത്താനുള്ള സർക്കാരിന്റെ അധികാരം പുതിയ വിധി ഇല്ലാതാക്കുന്നില്ല. എന്നാൽ ഒരു പ്രത്യേക രാജ്യത്തേക്ക് നാടുകടത്തുന്നതിന് മുമ്പ് അതിനെതിരെ നിയമപരമായി എതിർപ്പ് ഉന്നയിക്കാൻ കുടിയേറ്റക്കാർക്ക് ആവശ്യമായ നടപടിക്രമങ്ങൾ ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. ട്രംപ് ഭരണകൂടം മൂന്നാം രാജ്യങ്ങളിലേക്കുള്ള നാടുകടത്തൽ വ്യാപകമാക്കിയതിനെച്ചൊല്ലിയുള്ള നിയമപോരാട്ടത്തിലെ ഏറ്റവും പുതിയ വിധിയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments