Saturday, September 19, 2026
HomeAmericaH-1B വിസ അപേക്ഷകളിൽ കൂടുതൽ കർശന പരിശോധന നടത്താൻ നിർദേശിച്ച് ട്രംപ്

H-1B വിസ അപേക്ഷകളിൽ കൂടുതൽ കർശന പരിശോധന നടത്താൻ നിർദേശിച്ച് ട്രംപ്

വാഷിങ്ടൺ : അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ടതോ പിരിച്ചുവിടാൻ പദ്ധതിയിടുന്നതോ ആയ കമ്പനികളുടെ H-1B വിസ അപേക്ഷകളിൽ കൂടുതൽ കർശന പരിശോധന നടത്താൻ നിർദേശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു. H-1B വിസ പദ്ധതിയിലൂടെ വിദേശ തൊഴിലാളികളെ നിയമിക്കുന്ന കമ്പനികളുടെ പ്രവർത്തനങ്ങൾ കൂടുതൽ സൂക്ഷ്മമായി പരിശോധിക്കാനും തൊഴിൽ വകുപ്പ്, ആഭ്യന്തര സുരക്ഷാ വകുപ്പ്, സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, വാണിജ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ ഏജൻസികൾ തമ്മിൽ കൂടുതൽ ഏകോപനം ഉറപ്പാക്കാനും ഉത്തരവിൽ നിർദേശമുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനിടെ H-1B സ്പോൺസർ ചെയ്യുന്ന കമ്പനി നേരിട്ടോ അല്ലാതെയോ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ടോ, അല്ലെങ്കിൽ സമാന തസ്തികകളിലുള്ള അമേരിക്കൻ തൊഴിലാളികളെ ബാധിക്കാവുന്ന തരത്തിൽ ഭാവിയിൽ പിരിച്ചുവിടൽ പദ്ധതിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കണമെന്നാണ് സ്റ്റേറ്റ്, തൊഴിൽ, ആഭ്യന്തര സുരക്ഷാ വകുപ്പുകൾക്ക് നൽകിയ നിർദേശം. അതായത്, അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ടതിന് ശേഷമാത്രമല്ല, ഭാവിയിൽ നടക്കുന്ന പിരിച്ചുവിടലുകൾ അമേരിക്കൻ ജീവനക്കാരെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഏജൻസികൾ കണ്ടെത്തിയാലും കമ്പനികൾക്ക് അധിക പരിശോധന നേരിടേണ്ടിവരും.

നേരത്തെ സമർപ്പിച്ച ലേബർ കണ്ടീഷൻ അപേക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിക്കാൻ തൊഴിൽ വകുപ്പിന്റെ വേജ് ആൻഡ് അവർ ഡിവിഷനോട് 30 ദിവസത്തിനുള്ളിൽ നടപടി ആരംഭിക്കാനും ഉത്തരവിൽ നിർദേശിക്കുന്നു. H-1B സ്പോൺസർ ചെയ്യുന്ന കമ്പനികൾക്കെതിരെ കൂടുതൽ നടപടികൾ ആവശ്യമാണോ എന്നതും പരിശോധിക്കും. H-1B പദ്ധതിയുടെ സുതാര്യതയും വിശ്വാസ്യതയും ശക്തിപ്പെടുത്തുന്നതിനും അമേരിക്കൻ തൊഴിലാളികളെ സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചില കമ്പനികളും മൂന്നാം കക്ഷി പ്ലേസ്‌മെന്റ് സ്ഥാപനങ്ങളും ഔട്ട്‌സോഴ്സിങ് കമ്പനികളും കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കാനും അമേരിക്കൻ തൊഴിലാളികളെ മാറ്റിനിർത്താനും H-1B സംവിധാനം ഉപയോഗിച്ചതായി ട്രംപ് ഭരണകൂടം ആരോപിച്ചു.

2022 മുതൽ 2026 വരെ ടെക്‌നോളജി മേഖലയിലെ കമ്പനികൾ ലക്ഷക്കണക്കിന് H-1B തൊഴിലാളികളെ തേടുന്നതിനിടെ 8 ലക്ഷം മുതൽ 13 ലക്ഷം വരെ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ടതായും വൈറ്റ് ഹൗസ് അവകാശപ്പെട്ടു. ചില അമേരിക്കൻ ജീവനക്കാരോട് ജോലി വിടുന്നതിന് മുമ്പ് പകരക്കാരായി എത്തിയ വിദേശ തൊഴിലാളികൾക്ക് പരിശീലനം നൽകാൻ ആവശ്യപ്പെട്ടതായും ഭരണകൂടം ആരോപിച്ചു. ഔട്ട്‌സോഴ്സിങ് കമ്പനികളെയും ഭരണകൂടം ചൂണ്ടിക്കാട്ടി. ചില H-1B തൊഴിലാളികളെ മൂന്നാം കക്ഷി കമ്പനികളിലെ അമേരിക്കൻ ജീവനക്കാരെ മാറ്റിസ്ഥാപിക്കാൻ നിയോഗിക്കുകയും പിന്നീട് ജോലിയുടെ ഒരു ഭാഗം വിദേശത്തേക്ക് മാറ്റുകയും ചെയ്തതായി ഉത്തരവിൽ പറയുന്നു.

തൊഴിൽ ചുമതലകളും ജോലി സാഹചര്യങ്ങളും തെറ്റായി രേഖപ്പെടുത്തുക, ചില ജോലികളെ ‘സ്പെഷ്യാലിറ്റി ഒക്ക്യുപേഷൻ’ ആയി തെറ്റായി അവതരിപ്പിക്കുക, H-1B അപേക്ഷകൾക്ക് സംശയാസ്പദമായ വിദ്യാഭ്യാസ യോഗ്യതകൾ നൽകുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. എന്നാൽ ജീവനക്കാരെ പിരിച്ചുവിട്ട എല്ലാ കമ്പനികൾക്കും H-1B നിയമനം പൂർണമായി നിരോധിക്കുന്ന നടപടിയല്ല പുതിയ ഉത്തരവ്. പകരം, H-1B അപേക്ഷകൾ, പെറ്റീഷനുകൾ, വിസകൾ, രാജ്യത്തേക്കുള്ള പ്രവേശനം എന്നിവ പരിഗണിക്കുമ്പോൾ കമ്പനിയുടെ മുൻകാല പിരിച്ചുവിടലുകളും ഭാവി പിരിച്ചുവിടൽ പദ്ധതികളും കണക്കിലെടുക്കാനാണ് ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

H-1B പദ്ധതി നടപ്പാക്കുന്ന ഏജൻസികൾ തമ്മിലുള്ള വിവര കൈമാറ്റവും ഉത്തരവിലൂടെ വിപുലീകരിക്കും. വേതനം, തൊഴിൽ, വിദ്യാഭ്യാസം, വ്യവസായം, സാമ്പത്തിക സാഹചര്യം തുടങ്ങിയ വിവരങ്ങൾ വാണിജ്യ, വിദ്യാഭ്യാസ വകുപ്പുകളും ചെറുകിട ബിസിനസ് അഡ്മിനിസ്ട്രേഷനും ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകണം. H-1B നിയമനങ്ങൾ നിയമപരമായ വ്യവസ്ഥകൾക്ക് വിരുദ്ധമാണോ എന്ന് കണ്ടെത്തുന്നതിനാണ് കൂടുതൽ ഏകോപനം ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. H-1B പദ്ധതി കൂടുതൽ കർശനമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ നടപടികളുടെ ഭാഗമാണിത്. അതേ ദിവസം തന്നെ, ചില H-1B തൊഴിലാളികളുടെ പ്രവേശനത്തിന് അവരുടെ പെറ്റീഷനോടൊപ്പം 1 ലക്ഷം ഡോളർ പണമടച്ചിരിക്കണമെന്ന വ്യവസ്ഥയും വൈറ്റ് ഹൗസ് നീട്ടി. നിർദിഷ്ട ചില ഒഴിവാക്കലുകൾക്ക് ഇത് ബാധകമല്ല. പുതിയ നിയന്ത്രണം 2026 സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments