ഇന്ത്യൻ നിരത്തുകളിൽ ഇന്റർനെറ്റ് കാറുകൾ എന്ന വിപ്ലവം കൊണ്ടുവന്ന നിർമാതാക്കളാണ് എംജി. ഇന്റർനെറ്റ് ഇൻസൈഡ് എന്ന ടാഗ് ലൈനുമായി എത്തിയ എംജി ഇന്ത്യൻ വാഹനലോകത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടു. ഹെക്ടറും ആസ്റ്ററും സിഎസും കോമറ്റും മജസ്റ്ററുമുള്ള എംജിയുടെ നിരയിലെ ഏറ്റവും പുതിയ വാഹനമാണ് ഹെക്ടർ ടോമാഹോക്ക്.
2019-ൽ ഇന്ത്യൻ വിപണിയിലെത്തി തരംഗം സൃഷ്ടിച്ച ഐസിഇ ഹെക്ടറിന്റെ പേര് കടമെടുത്തിട്ടുണ്ടെങ്കിലും ആ പഴയ മോഡലുമായി ഘടനാപരമായി യാതൊരു ബന്ധവുമില്ലാത്ത പുത്തൻ മോഡലാണ് എംജി ഹെക്ടർ ടൊമാഹോക്ക് ഇവി. ജെഎസ്ഡബ്ല്യു എംജിയുടെ പുത്തൻ ‘ADAPT’ മോഡുലാർ ആർക്കിടെക്ചറിൽ നിർമിക്കപ്പെടുന്ന ആദ്യത്തെ വാഹനങ്ങളിലൊന്നാണിത്. ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനിനൊപ്പം പ്ലഗ്-ഇൻ ഹൈബ്രിഡ്, സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിനുകൾക്കും അനുയോജ്യമായ രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പേരിൽ ഹെക്ടർ എന്ന വിശ്വസ്തത നിലനിർത്തിക്കൊണ്ടുതന്നെ അടിമുടി പുതിയൊരു തലമുറ ഇലക്ട്രിക് എംപിവിയെയാണ് എംജി ഇതിലൂടെ അവതരിപ്പിക്കുന്നത്.
പരമ്പരാഗത ബോക്സി എസ്‌യുവി ശൈലി വിട്ട് ക്രോസ്ഓവർ-എംപിവി ലുക്കിലാണ് ടോമാഹോക്ക് എത്തുന്നത്. 4,745 എംഎം നീളവും, 2,810 എംഎം വീൽബേസും, ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ 230 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്. എച്ച്- ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളും ക്ലോസ്ഡ് ഗ്രില്ലും മുൻഭാഗത്തിന് ഭംഗി നൽകുമ്പോൾ, 18 ഇഞ്ച് അലോയ് വീലുകളും ഉയർന്ന ടയർ പ്രൊഫൈലും മോശം റോഡുകളിലും മികച്ച യാത്രാസുഖം ഉറപ്പാക്കുന്നു.
ബട്ടണുകൾ പരമാവധി ഒഴിവാക്കി ഒരുക്കിയിരിക്കുന്ന പ്രീമിയം ഡിജിറ്റൽ ഇന്റീരിയറാണ് പ്രധാന ആകർഷണം. ഡാഷ്‌ബോർഡിൽ 15.6 ഇഞ്ച് വലിപ്പമുള്ള വലിയൊരു ടച്ച്‌സ്‌ക്രീനും ഡ്രൈവർക്കായി 8.8 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിട്ടുണ്ട്. പനോരമിക് സൺറൂഫ്, ഹാർമന്റെ 10-സ്പീക്കർ സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, നാപ്-ക്യാമ്പ് തുടങ്ങിയ ക്യാബിൻ മോഡുകൾ എന്നിവ യാത്രആസ്വാദ്യകരമാക്കുന്നു. 5-സീറ്റർ, 7-സീറ്റർ ഓപ്ഷനുകളിൽ ലഭ്യമാണ്. മൂന്നാം നിര മടക്കിവെച്ചാൽ 528 ലീറ്ററും, 5-സീറ്ററിൽ 610 ലീറ്ററും വരെ ബൂട്ട് സ്പേസ് ഇതിൽ ലഭിക്കും.
69.2 kWh ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിന്റെ ഹൃദയം. മുൻ ആക്‌സിലിലുള്ള ഇലക്ട്രിക് മോട്ടോർ 204 എച്ച്പി കരുത്തും 310 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. സിംഗിൾ ചാർജിൽ എംഐഡിസി സാക്ഷ്യപ്പെടുത്തിയ 517 കിലോമീറ്റർ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 90 kW ഡിസി ഫാസ്റ്റ് ചാർജർ വഴി 35 മിനിറ്റിനുള്ളിൽ 30 മുതൽ 80 ശതമാനം വരെ ചാർജ് കയറ്റാം. കൂടാതെ വി2എൽ, വി2എച്ച് സംവിധാനങ്ങൾ വഴി മറ്റ് ഉപകരണങ്ങളിലേക്കോ വീടുകളിലേക്കോ വൈദ്യുതി നൽകാനും ഇതിന് സാധിക്കും.
വലിയ വാഹനമാണെങ്കിലും സിറ്റി ട്രാഫിക്കിലും ഹൈവേകളിലും അനായാസം കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ലൈറ്റായ സ്റ്റിയറിങ്ങും ലീനിയറായ പവർ ഡെലിവറിയുമാണ് ടോമാഹോക്ക് നൽകുന്നത്. റീ-ട്യൂൺ ചെയ്ത സസ്‌പെൻഷൻ ദീർഘദൂര യാത്രകളിൽ കുടുംബാംഗങ്ങൾക്ക് ക്ഷീണമില്ലാത്ത അനുഭവം സമ്മാനിക്കും. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, അടിഭാഗം വ്യക്തമായി കാണിക്കുന്ന 360-ഡിഗ്രി ട്രാൻസ്പരന്റ് ക്യാമറ, ലെവൽ-2 അഡാസ് സ്യൂട്ട് എന്നിവയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
19.49 ലക്ഷം മുതൽ 23.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. ബാറ്ററിയുടെ വില ഒഴിവാക്കി കിലോമീറ്ററിന് നിശ്ചിത വാടക നൽകുന്ന ബാസ് (BaaS) പദ്ധതി തിരഞ്ഞെടുക്കുകയാണെങ്കിൽ 13.99 ലക്ഷം രൂപ പ്രാരംഭ വിലയിലും വാഹനം സ്വന്തമാക്കാം. ഫാമിലിക്ക് അനുയോജ്യമായ പ്രീമിയം ഇലക്ട്രിക് ക്രോസ്ഓവർ നോക്കുന്നവർക്ക് മുൻനിര മോഡലുകൾക്കൊപ്പം തന്നെ പരിഗണിക്കാവുന്ന ഒരു മികച്ച ഓപ്ഷനാണിത്.

