വാഷിംഗ്ടൺ : തങ്ങൾക്ക് അനുകൂലമല്ലാത്ത വാർത്തകൾ നൽകുന്നു എന്ന് ആരോപിച്ച് പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളായ സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന ഈ വിലക്ക് ഉടൻ തന്നെ നിലവിൽ വരുമെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റ് ‘വ്യാജ വാർത്താ മാധ്യമങ്ങൾക്കും’ വിലക്ക് ബാധകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് വാർത്താലേഖകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ മാധ്യമങ്ങൾ നിരന്തരം തനിക്കെതിരെ വാർത്തകൾ നൽകുകയാണെന്നും, ഇതിൽ മനംമടുത്താണ് നടപടിയെന്നും ട്രംപ് പറഞ്ഞു.
ഇതിനൊപ്പം ‘ന്യൂയോർക്ക് ടൈംസ്’, ‘വാഷിംഗ്ടൺ പോസ്റ്റ്’ തുടങ്ങിയ പത്രങ്ങളെയും ട്രംപ് വിമർശിച്ചു. ഇനി മുതൽ ഈ പത്രങ്ങൾ വൈറ്റ് ഹൗസിൽ വരുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്നും, മാധ്യമങ്ങൾക്കുള്ള വിലക്ക് എത്രത്തോളം ശക്തമാക്കാൻ സാധിക്കുമോ അത്രത്തോളം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ പുതിയ നയത്തെ “സ്വതന്ത്ര മാധ്യമങ്ങൾക്കുള്ള നിരോധനം” എന്നാണ് ട്രംപ് തന്നെ വിശേഷിപ്പിച്ചത്. പ്രസിഡന്റിന്റെ ഈ നീക്കം വലിയ നിയമപ്രതിസന്ധികൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാധ്യമപ്രവർത്തകരെ പൂർണ്ണമായി വിലക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ മുൻകാല ശ്രമങ്ങളെ ഫെഡറൽ കോടതികൾ നേരത്തെ തള്ളിക്കളഞ്ഞിരുന്നു. കോടതി നടപടികളിലേക്ക് നീങ്ങിയാൽ ഈ തീരുമാനം നിലനിൽക്കുമോ എന്ന കാര്യത്തിൽ ട്രംപും സംശയം പ്രകടിപ്പിച്ചു. എങ്കിലും, രാജ്യത്തെക്കുറിച്ച് മനഃപൂർവ്വം മോശം വാർത്തകൾ എഴുതാൻ ആളുകളെ അനുവദിക്കുന്ന വ്യവസ്ഥിതിയിൽ തകരാറുണ്ടെന്നും, സ്വന്തം വീട്ടിലേക്ക് ആരെ പ്രവേശിപ്പിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ട്രംപ് വാദിച്ചു.
അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും പൂർണ്ണ സംരക്ഷണം ഉറപ്പുനൽകുന്നതാണ്. അതേസമയം, ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ പ്രതികരണവുമായി മാധ്യമങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വാർത്താലേഖകർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സി.എൻ.എൻ, സർക്കാരിന്റെ ഇടപെടലുകളോ തടസ്സങ്ങളോ ഇല്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന് ഓർമ്മിപ്പിച്ചു. ട്രംപിന്റെ നീക്കം ഭരണഘടനാ വിരുദ്ധമായ കടന്നാക്രമണമാണെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
വൈറ്റ് ഹൗസിനെക്കുറിച്ചുള്ള നിഷ്പക്ഷമായ റിപ്പോർട്ടിംഗ് തുടരുമെന്ന് വ്യക്തമാക്കിയ പൊളിറ്റിക്കോ, തങ്ങൾക്കെതിരെയുള്ള ട്രംപിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും കൂട്ടിച്ചേർത്തു. അതേസമയം എം.എസ് നൗ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.
മാധ്യമങ്ങൾക്കെതിരെയുള്ള നീക്കത്തെ ശക്തമായി അപലപിച്ചുകൊണ്ട് വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ (WHCA) രംഗത്തെത്തി. പ്രസിഡന്റിന് വാർത്തകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് ജാക്വി ഹെൻറിച്ച് പറഞ്ഞു. രാജ്യത്തിന്റെ തലപ്പത്തിരിക്കുന്നവരുടെ നയങ്ങളും തീരുമാനങ്ങളും പൊതുജനങ്ങളിൽ എത്തിക്കുക എന്നത് ജനങ്ങളുടെ അവകാശമാണെന്നും, സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവരിലെ തങ്ങളുടെ സഹപ്രവർത്തകർക്കൊപ്പം അസോസിയേഷൻ ഉറച്ചുനിൽക്കുമെന്നും അവർ വ്യക്തമാക്കി.
ട്രംപ് വീണ്ടും അധികാരത്തിൽ വന്നതിനുശേഷം മാധ്യമങ്ങൾക്കുള്ള അനുമതി നിഷേധിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം അസോസിയേറ്റഡ് പ്രസിനെ (AP) ചില ഔദ്യോഗിക പരിപാടികളിൽ നിന്ന് ഒഴിവാക്കിയതിനെതിരെ അവർ കോടതിയെ സമീപിച്ചിരുന്നു. മാധ്യമങ്ങളുടെ ഉള്ളടക്കത്തിന്റെ പേരിൽ അവരെ ശിക്ഷിക്കാൻ വൈറ്റ് ഹൗസിന് അധികാരമില്ലെന്ന് അന്ന് ജില്ലാ ജഡ്ജി നിരീക്ഷിച്ചിരുന്നു. കൂടാതെ, ജി-20 ധനമന്ത്രിമാരുടെ യോഗത്തിൽ നിന്ന് ബ്ലൂംബെർഗ്, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെ ട്രഷറി ഡിപ്പാർട്ട്മെന്റ് ഒഴിവാക്കിയിരുന്നു. പെന്റഗണിലെ മാധ്യമ ഓഫീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയ പ്രതിരോധ വകുപ്പിന്റെ നടപടിയും വലിയ വിവാദമായിരുന്നു.
”പ്രസിഡന്റിന് വാർത്തകൾ ഇഷ്ടപ്പെട്ടില്ല എന്നതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ശിക്ഷിക്കാൻ ഭരണഘടന അനുവദിക്കുന്നില്ല,” എന്ന് കൊളംബിയ യൂണിവേഴ്സിറ്റിയിലെ നൈറ്റ് ഫസ്റ്റ് അമെൻഡ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ജമീൽ ജാഫർ വ്യക്തമാക്കി.

