Friday, September 18, 2026
HomeGulfഅവധിക്ക് നാട്ടിലെത്തിയ അയ്യായിരത്തോളം ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യു.എ.ഇ

അവധിക്ക് നാട്ടിലെത്തിയ അയ്യായിരത്തോളം ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യു.എ.ഇ

ധാക്ക: അവധിക്ക് നാട്ടിലെത്തിയ അയ്യായിരത്തോളം ബംഗ്ലാദേശികളുടെ യു.എ.ഇ വിസ റദ്ദായി. ബംഗ്ലാദേശ് ദിനപത്രമായ ‘ദി ഡെയ്‌ലി സ്റ്റാറാ’ണ് വാർത്ത പുറത്തുവിട്ടത്. പാകിസ്താൻ ഉൾപ്പെടെ മറ്റു രാജ്യക്കാരും സമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.വിസ റദ്ദാക്കലിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. യു.എ.ഇയിലെ നിയമപ്രകാരം സാധാരണയായി ഒരു വിദേശി തുടർച്ചയായി ആറുമാസത്തിലധികം രാജ്യത്തിന് പുറത്തു കഴിയുകയാണെങ്കിൽ താമസവിസ സ്വമേധയാ റദ്ദാക്കും. എന്നാൽ നിലവിലെ സംഭവത്തിൽ പലരും രണ്ടോ മൂന്നോ മാസം മാത്രമാണ് യു.എ.ഇക്ക് പുറത്ത് കഴിഞ്ഞിരിക്കുന്നത്.

ബംഗ്ലാദേശ് സർക്കാർ വിഷയം യു.എ.ഇ അധികൃതരുമായി നയതന്ത്ര തലത്തിൽ ഉന്നയിച്ച് വിസ റദ്ദാക്കലുകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പ്രവാസി ക്ഷേമ മന്ത്രി നൂറുൽ ഹഖ് നൂർ അറിയിച്ചതായാണ് റിപ്പോർട്ട്.ഈ വർഷം ജൂലൈയിൽ 626 ബംഗ്ലാദേശികളുടെ യു.എ.ഇ വിസകൾ ‘ഓട്ടോ-കാൻസൽ’ ആയതായി ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രിയായ ശമ ഉബൈദ് ഇസ്‍ലാം പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതും വൈകാരിക, രാഷ്ട്രീയ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ഒഴിവാക്കണമെന്നും മന്ത്രി അന്ന് പ്രവാസികളോട് അഭ്യർഥിച്ചിരുന്നു.

യു.എ.ഇയിൽ ഏകദേശം 12 ലക്ഷം ബംഗ്ലാദേശികൾ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കാർക്കും പാകിസ്താനികൾക്കും ശേഷം യു.എ.ഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ബംഗ്ലാദേശികൾ. നിർമാണം, ഉൽപാദനം, ഗതാഗതം തുടങ്ങിയ മേഖലകളിലാണ് ഇവരിൽ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത്.വിസ റദ്ദാക്കപ്പെട്ടവർ സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിസ റദ്ദാക്കപ്പെട്ട ഏകദേശം 350 ബംഗ്ലാദേശികൾ കഴിഞ്ഞയാഴ്ച ധാക്കയിലെ നാഷണൽ പ്രസ്സ് ക്ലബ്ബിൽ സർക്കാരുമായി കൂടിക്കാഴ്ച നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments