Friday, September 18, 2026
HomeNewsറഷ്യൻ എണ്ണ വാങ്ങൽ: ആദ്യ പരിഗണന വിലക്കയറ്റം ഒഴിവാക്കലെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ

റഷ്യൻ എണ്ണ വാങ്ങൽ: ആദ്യ പരിഗണന വിലക്കയറ്റം ഒഴിവാക്കലെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ

ദില്ലി : റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ ന്യായീകരിച്ച് യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര. ഇന്ത്യയിലെ ജനങ്ങളെ വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാനാണ് സർക്കാർ ആദ്യ പരിഗണന നൽകുന്നതെന്ന് ക്വാത്ര. ഇന്ധന ദൗർലഭ്യം കാരണം നിരവധി സ്ഥലങ്ങളിൽ നിന്ന് ഇന്ത്യ ഇറക്കുമതി നടത്തുന്നുവെന്നും അംബാസഡർ വ്യക്തമാക്കി. റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് പ്രതിനിധിസഭ പാസാക്കിയതിനു പിന്നാലെയാണ് വിനയ് മോഹൻ ക്വാത്രയുടെ പ്രതികരണം.

അമേരിക്കയിലെ ആളോഹരി ഊർജ്ജ ഉപഭോഗത്തിന്റെ പത്തിലൊന്നാണ് ഇന്ത്യയിലേതെന്നും ഇത് ഉയർത്താനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും അംബാസഡർ പറഞ്ഞു. രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി. അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും പ്രകൃതിവാതകത്തിന്റെ പകുതിയോളവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ തടസ്സമില്ലാതെ ഊർജം ലഭ്യമാക്കുക എന്നത് സർക്കാരിന്റെ പരമപ്രധാനമായ ദേശീയ ഉത്തരവാദിത്തമാണെന്ന് ക്വാത്ര ചൂണ്ടിക്കാട്ടി.

ആഗോളതലത്തിൽ വിതരണ പ്രതിസന്ധിയുണ്ടായപ്പോൾ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യ കൃത്യമായ തീരുമാനങ്ങളെടുത്തു. ഇത് ആഗോള വിപണിയിൽ വലിയൊരു പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചതായും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയുടെ നിലപാടിനോട് ചൈനയും യോജിച്ചു. റഷ്യൻ എണ്ണയ്ക്ക് തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ നീക്കത്തെ തള്ളി ചൈനീസ് വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തി. ചൈനയുടെ ഊർജ്ജ സാഹചര്യവും വാണിജ്യ താല്പര്യങ്ങളുമാണ് ഇറക്കുമതി നിർണ്ണയിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments