Thursday, September 17, 2026
HomeNewsയുദ്ധം അവസാനിപ്പിക്കാൻ ആശയ വിനിമയങ്ങൾ കരാർ സാധ്യതകൾ തേടുന്നു: ഇറാനുമായുള്ള യുദ്ധം...

യുദ്ധം അവസാനിപ്പിക്കാൻ ആശയ വിനിമയങ്ങൾ കരാർ സാധ്യതകൾ തേടുന്നു: ഇറാനുമായുള്ള യുദ്ധം അവസാന ഘട്ടത്തിലെന്ന് ട്രംപ്

വാഷിങ്ടൺ : ഇറാൻ യുദ്ധം അവസാന ഘട്ടത്തിലാണെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ആശയ വിനിമയങ്ങൾ നടന്നിട്ടുണ്ടെന്നും കരാറിനായുള്ള സാധ്യതകൾ തേടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എഴ് മാസത്തോളമായി തുടരുന്ന സംഘർഷത്തിന് നയതന്ത്രത്തിലൂടെ പരിഹാരമാകുമെന്നാണ് ട്രംപിന്റെ വാക്കുകൾ നൽകുന്ന സൂചനയെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, സമാനമായ പ്രഖ്യാപനം മുമ്പും നടത്തിയതിനാൽ അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ പ്രാധാന്യമൊന്നും നൽകേണ്ടതില്ല എന്ന മറുവാദവും ചിലർ മുന്നോട്ടുവെക്കുന്നുണ്ട്.

ഇറാനിയൻ ഉദ്യോഗസ്ഥരുമായി താൻ അടുത്തിടെ ‘നേരിട്ട്’ സംസാരിച്ചിട്ടുണ്ടെന്നും, ഒരു കരാറിലെത്താൻ തെഹ്റാൻ അതീവ തൽപരരാണെന്നും വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടുകളിൽ ട്രംപ് വ്യക്തമാക്കുന്നു. യുദ്ധം പെട്ടെന്നുതന്നെ അവസാനിക്കണമെന്നും ഇറാനു ദീർഘകാലം ഈ അവസ്ഥയിൽ തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസ് കടലിടുക്കിലെ ചർച്ചകളെക്കുറിച്ചും അദ്ദേഹം ആശാവഹമായ പ്രതികരണങ്ങൾ നടത്തി. എങ്കിലും, അന്തിമ കരാറിലോ വെടിനിർത്തലിലോ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

ട്രംപ് ഉന്നയിച്ച ‘നേരിട്ടുള്ള ബന്ധം’ എന്ന വാദത്തെ ഇറാൻ പൂർണമായി സ്ഥിരീകരിച്ചിട്ടില്ല. വാഷിങ്ടണുമായുള്ള നേരിട്ടുള്ള ചർച്ചകളെ ഇറാൻ ഉദ്യോഗസ്ഥർ മുമ്പും തള്ളിക്കളയുകയോ പ്രാധാന്യം കുറച്ചു കാണിക്കുകയോ ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ പരമാധികാരവും താൽപര്യങ്ങളും സംരക്ഷിക്കുന്നതാകണം ഏതൊരു നയതന്ത്ര പ്രക്രിയയുമെന്നാണ് തെഹ്റാന്റെ വാദം.ഇതിനിടെ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ബീജിങിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കയും ഇറാനും സംയമനം പാലിക്കണമെന്നാണ് വാങ് യീ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണിലെ ഇടക്കാല സമാധാന കരാർ പുനരുജ്ജീവിപ്പിച്ച് ചർച്ചകളിലേക്ക് മടങ്ങണമെന്നുമാണ് അദ്ദേഹം കൂടിക്കാഴ്ചയിൽ മുന്നോട്ടുവെച്ചിരിക്കുന്നത്. സ്വയം പ്രതിരോധിക്കാൻ രാജ്യം പൂർണമായും സജ്ജമാണെന്നും എന്നാൽ ഇറാനിയൻ അവകാശങ്ങൾ സംരക്ഷിക്കുന്ന നയതന്ത്ര വഴികളോട് അനുകൂല സമീപനമാണെന്നും അരാഗ്ചി വ്യക്തമാക്കി.അതേസമയം, യമനിലും സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള പോരാട്ടം കൂടുതൽ കനക്കുന്ന പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റിൽ അടിയന്തരമായി സംയമനം നടപ്പിലാക്കാനും നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകാനും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments