Thursday, September 17, 2026
HomeNewsവിദേശമദ്യശേഖരം കണ്ടെടുത്ത സംഭവത്തിൽ ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്ത് എക്സൈസ് സംഘം

വിദേശമദ്യശേഖരം കണ്ടെടുത്ത സംഭവത്തിൽ ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്ത് എക്സൈസ് സംഘം

കൊച്ചി : വയനാട് വാഴവറ്റയിലെ വീട്ടിൽനിന്ന് അനുവദനീയമായ അളവിൽ കൂടുതൽ വിദേശമദ്യശേഖരം പിടിച്ചെടുത്ത സംഭവത്തിൽ റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊച്ചി കളമശ്ശേരിയിലെ ചാനൽ ഓഫീസിൽ വെച്ചായിരുന്നു അറസ്റ്റ്. അറസ്റ്റിനിടെ ഉദ്യോഗസ്ഥരും ആൻ്റോ അഗസ്റ്റിനും തമ്മിൽ ചാനൽ ഓഫീസിനുള്ളിൽ കനത്ത തർക്കവും നാടകീയ രംഗങ്ങളുമുണ്ടായി.

എഫ്‌ഐആർ പകർപ്പ് നൽകാതെ കസ്റ്റഡിയിൽ പോകില്ലെന്ന് ആൻ്റോ അഗസ്റ്റിൻ വാശിപിടിച്ചതാണ് തർക്കത്തിന് കാരണമായതെന്നാണ് വിവരം. തുടർന്ന് ജീവനക്കാർ ഉദ്യോഗസ്ഥരെ തടയാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെടുകയും ആൻ്റോ അഗസ്റ്റിനെ അകത്തേക്ക് മാറ്റുകയുമായിരുന്നു. ഡിജിറ്റൽ പകർപ്പ് കാണിച്ചെങ്കിലും ഹാർഡ് കോപ്പി വേണമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. പിന്നീട് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എഫ്‌ഐആർ പകർപ്പുമായി നേരിട്ടെത്തിയ ശേഷമാണ് കസ്റ്റഡി നടപടികൾ പൂർത്തിയാക്കിയത്.

ലയണൽ മെസിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് കാട്ടി നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) ആൻ്റോ അഗസ്റ്റിൻ്റെ വയനാട്ടിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ മിന്നൽ പരിശോധനയ്ക്കിടയിലാണ് വീടിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 67 ലിറ്ററിലധികം വരുന്ന വിദേശമദ്യവും വൈനും എക്സൈസ് സംഘം കണ്ടെത്തുന്നത്. തുടർന്ന് ഇദ്ദേഹത്തിനെതിരെ അബ്കാരി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കൊച്ചിയിലെ ഓഫീസിൽ നിന്ന് കസ്റ്റഡിയിലെടുത്ത ആൻ്റോ അഗസ്റ്റിനെ ഉദ്യോഗസ്ഥർ ആലുവയിലെത്തിച്ച് വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് കൂടുതൽ നിയമനടപടികൾക്കായി അദ്ദേഹത്തെ വയനാട്ടിലേക്ക് കൊണ്ടുപോയി. ആൻ്റോയെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments