റിയാദ്/മക്ക : മേഖലയെ യുദ്ധഭീതിയിലാഴ്ത്തി സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ വ്യോമാക്രമണ ജാഗ്രതാ നിർദ്ദേശം. വിശുദ്ധ നഗരമായ മക്ക, ജിദ്ദ, തായിഫ് ഗവർണറേറ്റുകൾ എന്നിവിടങ്ങളിലാണ് ചരിത്രത്തിലാദ്യമായി അടിയന്തര സൈറണുകൾ മുഴങ്ങിയത്. യമനിലെ ഹൂതി വിമതർ വിശുദ്ധ നഗരത്തെ ലക്ഷ്യമിട്ട് തൊടുത്ത ഡ്രോൺ സൗദി വ്യോമപ്രതിരോധ സേന തകർത്തതോടെയാണ് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.മക്കയുടെ നിരോധിത വ്യോമാതിർത്തിയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് നഗരത്തിൻ്റെ തെക്കുഭാഗത്തുവെച്ചാണ് ഡ്രോൺ വെടിവെച്ചിട്ടതെന്ന് സൗദി സൈനിക വൃത്തങ്ങൾ അറിയിച്ചു.
വ്യോമാക്രമണ ഭീഷണിയെത്തുടർന്ന് മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. മക്കയിലെ നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോം വഴി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ സൗദിയിൽ 13 പേർക്ക് പരിക്കേറ്റിരുന്നു.
വിശുദ്ധ മക്കയ്ക്ക് നേരെയുണ്ടായ ആക്രമണ നീക്കത്തെ 57 മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ സൗദി സഖ്യസേന ശക്തമായി അപലപിച്ചു. വിശുദ്ധ മസ്ജിദുകളുടെയും തീർഥാടകരുടെയും സുരക്ഷ തങ്ങൾക്ക് ‘റെഡ് ലൈൻ’ (ലംഘിക്കാൻ പാടില്ലാത്ത അതിര്) ആണെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷൻ (OIC) വക്താവ് തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഹൂതികളുടെ ആക്രമണങ്ങളെ ചെറുക്കാൻ ഏതറ്റം വരെ പോകാനും സഖ്യസേന മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം, മക്കയെ ലക്ഷ്യമിട്ടു എന്ന സൗദിയുടെ വാദം പൂർണ്ണമായും വ്യാജമാണെന്ന് ഹൂതികൾ പ്രതികരിച്ചു. “ആഗോള ശ്രദ്ധ നേടാൻ സൗദി മുൻപും ഉപയോഗിച്ചിട്ടുള്ള കഥയാണിത്, ഇതിൽ ഇനി ആരും വീഴില്ല” എന്ന് ഹൂതി രാഷ്ട്രീയ ബ്യൂറോ അംഗം ഹസീം അൽ അസദ് ‘എക്സി’ൽ കുറിച്ചു. തങ്ങൾക്കെതിരെയുള്ള സൗദിയുടെ ആക്രമണം തുടരുന്നിടത്തോളം ശക്തമായ തിരിച്ചടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തുഇറാൻ്റെ പിന്തുണയുള്ള ഹൂതികളും സൗദി അനുകൂല യമൻ സർക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധം വീണ്ടും ശക്തമായതോടെയാണ് സൗദി നേരിട്ട് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. സൗദിക്കെതിരെ ഹൂതികൾ ചെങ്കടലിൽ നാവിക ഉപരോധം പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതം പ്രതിസന്ധിയിലാണ്.
തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് കടലിടുക്ക് അടച്ചുപൂട്ടിയാൽ അത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ സൗദിയിലെ എണ്ണ സംഭരണ ശാലകൾക്ക് തീപിടിക്കുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.അതിനിടെ, യുദ്ധത്തിൽ ഇടപെടണമെന്ന സൗദി കിരീടാവകാശിയുടെ അഭ്യർത്ഥന അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിരസിച്ചതായാണ് റിപ്പോർട്ട്. ഈ യുദ്ധത്തിൽ അമേരിക്ക ഇടപെടരുതെന്ന് ഹൂതി നേതൃത്വം വാഷിംഗ്ടണെ വിളിച്ച് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. ചെങ്കടലിലെ കപ്പൽപ്പാത ഭീഷണിയിലായ സാഹചര്യത്തിൽ തിരിച്ചടിക്കാനുള്ള തങ്ങളുടെ പരിമിതമായ വഴികളെക്കുറിച്ച് ആലോചിക്കുകയാണ് സൗദി നേതൃത്വം.

