Wednesday, September 16, 2026
HomeAmericaട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രമേയം തള്ളി യുഎസ് ജനപ്രതിനിധി സഭ

ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന പ്രമേയം തള്ളി യുഎസ് ജനപ്രതിനിധി സഭ

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡെമോക്രാറ്റിക് അംഗം അൽ ഗ്രീൻ കൊണ്ടുവന്ന പ്രമേയം യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ് (ജനപ്രതിനിധി സഭ) തള്ളി. വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം തിരിച്ചുപിടിച്ചാൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് നാടകീയ നീക്കങ്ങൾ സഭയിൽ അരങ്ങേറിയത്.

പ്രമേയം അടിയന്തരമായി മാറ്റിവെക്കണമെന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ആവശ്യത്തെ 147-നെതിരെ 232 വോട്ടുകൾക്കാണ് സഭ അംഗീകരിച്ചത്. 47 അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കടുക്കാതെ നിഷ്പക്ഷത പാലിച്ചു. ടെക്സസിൽ നിന്നുള്ള ജനപ്രതിനിധിയായ അൽ ഗ്രീൻ ട്രംപിനെതിരെ കൊണ്ടുവരുന്ന ആറാമത്തെ ഇംപീച്ച്മെൻ്റ് പ്രമേയമാണിത്.

യു.എസ്. അതിർത്തി രക്ഷാസേനയും (CBP) ഇമിഗ്രേഷൻ വിഭാഗവും (ICE) ഈ വർഷം നടത്തിയ അനാവശ്യ ഇടപെടലുകളിൽ നാല് വിദേശ പൗരന്മാർ കൊല്ലപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് അൽ ഗ്രീൻ ഇത്തവണ പ്രമേയം അവതരിപ്പിച്ചത്. എന്നാൽ മതിയായ മുൻകൂർ അന്വേഷണമോ തെളിവുകളോ ഇല്ലാതെ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വം തന്നെ തീരുമാനിക്കുകയായിരുന്നു.

ഇംപീച്ച്മെന്റ് എന്നത് ഭരണഘടന നൽകുന്ന അതീവ ഗൗരവമേറിയ ആയുധമാണെന്നും കൃത്യമായ സാക്ഷിവിസ്താരവും രേഖകളും ഇല്ലാതെ ഇത്തരം പ്രമേയങ്ങൾ കൊണ്ടുവരുന്നത് അതിൻ്റെ പ്രാധാന്യം കുറയ്ക്കുമെന്നും ഹൗസ് മൈനോറിറ്റി ലീഡർ ഹക്കീം ജെഫ്രീസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിൽ ഇംപീച്ച്മെന്റ് തങ്ങളുടെ രാഷ്ട്രീയ അജണ്ടയിലില്ലെന്ന് വ്യക്തമാക്കിയ ഡെമോക്രാറ്റുകൾ, വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകുകയായിരുന്നു.

മണ്ഡല പുനർനിർണ്ണയത്തെത്തുടർന്ന് സ്വന്തം പാർട്ടിയിലെ പ്രാഥമിക തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അൽ ഗ്രീൻ വരുന്ന ജനുവരിയിൽ സഭയിൽ നിന്ന് വിരമിക്കാനിരിക്കുകയാണ്. മുൻപ് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിനിടെ ട്രംപിന് നേരെ അലറിവിളിച്ചതിന് സഭയുടെ അച്ചടക്ക നടപടി നേരിട്ട വ്യക്തി കൂടിയാണ് അദ്ദേഹം.

അതേസമയം, വരും വർഷങ്ങളിൽ സഭയിൽ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ ട്രംപിന്റെ നിയമവിരുദ്ധ നടപടികൾക്കെതിരെ ഇംപീച്ച്മെന്റ് ഉൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ മടിക്കില്ലെന്ന് ഡെമോക്രാറ്റിക് ജുഡീഷ്യറി കമ്മിറ്റി തലവൻ ജാമി റാസ്കിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments