വാഷിംഗ്‌ടൺ: ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ വ്യാപാരങ്ങൾക്ക് സഹായം നൽകിയതിന് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കുമെതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാന്റെ ഭരണകൂടത്തിനുള്ള സാമ്പത്തിക സ്രോതസുകൾ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ആരംഭിച്ച ‘ഓപ്പറേഷൻ എക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പുതിയ നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം പോർട്ട് ഈസ് പാർട്‌നേഴ്‌സ് എൽഎൽപി, സദാശിവ ഓവർസീസ് ലിമിറ്റഡ്, പിപി സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ നാല് ഇന്ത്യൻ സ്ഥാപനങ്ങൾക്കാണ് പ്രധാനമായും ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നത്.

