ന്യൂഡൽഹി : മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.ഓണം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും ഐശ്വര്യത്തിന്റെയും സന്ദേശം കൂടുതൽ ശക്തമാക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ആശംസ.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ജാതി-മത ചിന്തകൾക്കതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷമാണ് ഓണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിജീവനത്തിന് പ്രേരണ നൽകുകയും ആത്മവിശ്വാസം പകരുകയും പ്രതിസന്ധികളിൽ നമ്മൾ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവ് നൽകുകയും ചെയ്യുന്നതാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി.
പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച പ്രയാസങ്ങൾ പൂർണമായി മാറിയിട്ടില്ലെങ്കിലും, അവയെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവും ആഘോഷങ്ങളിലൂടെ നേടാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എല്ലാവർക്കും ഓണം ആഘോഷിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

