ന്യൂയോര്‍ക്ക്: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ മാഡിസണ്‍ സ്‌ക്വയര്‍ പരിപാടിയെ എതിര്‍ത്ത് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഓഗസ്റ്റ് 29-ന് നടക്കുന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സോഹ്‌റാന്‍ മാംദാനി പറഞ്ഞു. എന്നാല്‍ ഈ സ്വകാര്യ ചടങ്ങ് റദ്ദാക്കാന്‍ സിറ്റിയുടെ അധികാരപരിധിയില്‍ സാധിക്കുമോ എന്ന് ഉറപ്പില്ലെന്നും മംദാനി കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള അന്താരാഷ്ട്ര സമ്പര്‍ക്ക പരിപാടിയ്ക്കാണ് മോഹന്‍ ഭാഗവത് അമേരിക്കയില്‍ എത്തുന്നത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ‘യൂണിവേഴ്‌സല്‍ വണ്‍നസ്’ പരിപാടിയില്‍ അയ്യായിരത്തോളം പേരെ മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. തന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യ എല്ലാ വിഭാഗം ആളുകള്‍ക്കും തുല്യ അവകാശമുള്ള ഒരു മതേതര റിപ്പബ്ലിക് ആണെന്നും ആരെയെങ്കിലും മാറ്റിനിര്‍ത്തുന്ന ആശയങ്ങളോട് തനിക്ക് കടുത്ത എതിര്‍പ്പുണ്ടെന്നും വിശദീകരിച്ചുകൊണ്ടാണ് മോഹന്‍ ഭാഗലതിന്റെ പരിപാടിയോടുള്ള വിയോജിപ്പ് മംദാനി രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഇന്ത്യന്‍-അമേരിക്കന്‍ എന്ന നിലയിലും, വൈവിധ്യങ്ങളെ അംഗീകരിക്കുന്ന ഒരു നഗരത്തിന്റെ മേയര്‍ എന്ന നിലയിലുമുള്ള തന്റെ നിലപാടാണ് അതെന്നും മംദാനി കൂട്ടിച്ചേര്‍ത്തു.

