റിയാദ് : സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച പുതിയ പ്രാദേശിക സുരക്ഷാ കൂട്ടായ്മയായ ‘മക്ക പ്രതിരോധ സഖ്യത്തിൽ’ ചേരാൻ ഇറാന് ക്ഷണം ലഭിച്ചതായി റിപ്പോർട്ട്. ഒരു മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രമുഖ അന്താരാഷ്ട്ര വാർത്താ മാധ്യമമായ അൽ മായദീൻ ആണ് വാർത്ത പുറത്തുവിട്ടത്.തങ്ങൾക്ക് സഖ്യത്തിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഈ നിർദ്ദേശം രാജ്യം ഗൗരവമായി പരിശോധിച്ച് വരികയാണെന്നും ഇറാൻ്റെ പാർലമെൻ്റ് വാർത്താ ഏജൻസിയായ ‘ഖാനെ മില്ലറ്റിൻ്റെ’ തലവൻ മെഹ്ദി റഹീമി വ്യക്തമാക്കി. പശ്ചിമേഷ്യൻ രാജ്യങ്ങൾ ഒരു ‘പ്രാദേശിക സുരക്ഷാ കുടക്കീഴിലേക്ക്’ നീങ്ങുകയാണെന്നും, ഇത്തരം സുരക്ഷാ സംവിധാനങ്ങളെ ഇറാൻ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ക്ഷണത്തെ സംബന്ധിച്ച് ഇറാൻ്റെ വിദേശകാര്യ മന്ത്രാലയമോ, സഖ്യകക്ഷികളായ സൗദി അറേബ്യ, തുർക്കി, പാകിസ്താൻ എന്നിവരോ ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.നാറ്റോ മാതൃകയിൽ പ്രതിരോധ സഖ്യംകഴിഞ്ഞ ഓഗസ്റ്റ് 7-നാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്ന് ചരിത്രപരമായ ‘മക്ക കരാറിൽ’ ഒപ്പുവെച്ചത്. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണത്തെ മൂന്ന് രാജ്യങ്ങൾക്ക് നേരെയും ഉണ്ടായ ആക്രമണമായി കണക്കാക്കി ഒന്നിച്ച് പ്രതിരോധിക്കും എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. പ്രമുഖ അന്താരാഷ്ട്ര സൈനിക സഖ്യമായ നാറ്റോയുടെ (NATO) ‘ആർട്ടിക്കിൾ 5’ പ്രതിരോധ വ്യവസ്ഥയ്ക്ക് സമാനമാണിത്.
അതേസമയം, ഈ സഖ്യം ഇറാനോ മറ്റ് ഏതെങ്കിലും പ്രത്യേക രാജ്യങ്ങൾക്കോ എതിരല്ലെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹാക്കാൻ ഫിദാൻ വ്യക്തമാക്കിയിട്ടുണ്ട്.അംഗരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര-സൈനിക ഏകോപനം ശക്തമാക്കുകയാണ് മക്ക സഖ്യത്തിൻ്റെ ലക്ഷ്യം. വിദേശ-പ്രതിരോധ മന്ത്രിമാരുടെയും സൈനിക മേധാവികളുടെയും പതിവ് കൂടിക്കാഴ്ചകൾ, സംയുക്ത സൈനിക അഭ്യാസങ്ങൾ, പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം എന്നിവയ്ക്കായുള്ള പ്രത്യേക സംവിധാനങ്ങൾ സഖ്യം രൂപീകരിച്ചു വരികയാണ്.
ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി സഖ്യം വിപുലീകരിക്കാൻ തുർക്കി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അറബ് ലോകത്തെ പ്രമുഖ ശക്തിയായ ഈജിപ്തിനെ സഖ്യത്തിലേക്ക് കൊണ്ടുവരാനുള്ള ചർച്ചകളും നിലവിൽ പുരോഗമിക്കുകയാണ്. ഇറാൻ കൂടി ഈ സഖ്യത്തിൻ്റെ ഭാഗമാവുകയാണെങ്കിൽ പശ്ചിമേഷ്യയിലെയും ഏഷ്യയിലെയും ഭൗമരാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

