ശബരിമല: തുലാമാസ പൂജക്കായി നടതുറന്ന ശബരിമലയിൽ അനിയന്ത്രിത ഭക്തജനത്തിരക്കിനെത്തുടർന്ന് ശനിയാഴ്ച മുതൽ ദർശനസമയം മൂന്നുമണിക്കൂർ വർധിപ്പിച്ചു. രാവിലെ അഞ്ചുമുതൽ മൂന്നുവരെ ദർശനം അനുവദിച്ചു. ഉച്ചക്ക് ഒരുമണിക്കാണ് സാധാരണ നട അടച്ചിരുന്നത്. വൈകീട്ട് അഞ്ചിന് നട തുറക്കുന്നതിനുപകരം നാലു മുതൽ ദർശനം അനുവദിക്കും. രാത്രി 10 വരെയാണ് ദർശനസമയം.
കഴിഞ്ഞ രണ്ടുദിവസം മാത്രം ഓൺലൈൻ ബുക്കിങ്ങിലൂടെ മല കയറിയത് ഒരു ലക്ഷത്തിലധികം ഭക്തരാണ്. തീർഥാടകരുടെ വർധനക്കനുസരിച്ച് മതിയായ പൊലീസ് സംവിധാനം ഒരുക്കാതിരുന്നതാണ് വൻ ക്യൂവിലേക്ക് നീങ്ങിയത്. പതിനെട്ടാം പടി കയറുന്നവരുടെ എണ്ണം ഒരു മിനിറ്റിൽ 35 മുതൽ 40 വരെ കുറഞ്ഞതോടെ തീർഥാടകരുടെ നിര താഴെ തിരുമുറ്റവും വലിയ നടപ്പന്തലും ജ്യോതിർനഗറും പിന്നിട്ട് മരക്കൂട്ടത്തേക്ക് നീണ്ടു.