Saturday, August 8, 2026
HomeAmericaവൈറ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഹിലരി ക്ലിന്റൺ

വൈറ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഹിലരി ക്ലിന്റൺ

വാഷിംഗ്ടൺ : അമേരിക്കൻ വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വരുത്തുന്ന ആഡംബര മാറ്റങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ വിദേശകാര്യ സെക്രട്ടറിയും ഡെമോക്രാറ്റിക് നേതാവുമായ ഹിലരി ക്ലിൻ്റൺ രംഗത്ത്. ട്രംപിൻ്റെ പുതിയ അലങ്കാരപ്പണികൾ ഇറാഖിലെ മുൻ ഏകാധിപതി സദ്ദാം ഹുസൈൻ്റെ കൊട്ടാരങ്ങളെ ഓർമ്മിപ്പിക്കുന്നതാണെന്ന് അവർ ആരോപിച്ചു. പ്രശസ്ത മാധ്യമപ്രവർത്തക കാര സ്വിഷറുടെ ‘പിവറ്റ്’ പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ഹിലരിയുടെ ഈ വിവാദ പരാമർശം.

വൈറ്റ് ഹൗസിൻ്റെ ചരിത്രപരമായ ഭംഗി ട്രംപ് നശിപ്പിക്കുകയാണെന്ന് ഹിലരി പറഞ്ഞു. “വൈറ്റ് ഹൗസ് ഇത്രയധികം ഭംഗികെട്ടതാക്കി മാറ്റിയത് കഷ്ടമാണ്. അദ്ദേഹത്തിൻ്റെ അഹംഭാവത്തിൻ്റെയും സ്വയം പ്രാധാന്യം കാണിക്കാനുള്ള ആഗ്രഹത്തിൻ്റെയും പ്രതിഫലനമാണിത്. ഓവൽ ഓഫീസിലെ ചുവരുകളിലെല്ലാം സ്വർണ്ണ അലങ്കാരങ്ങൾ പതിപ്പിച്ചത് ഇതിന് ഉദാഹരണമാണ്. ഇറാനിൽ നിന്ന് എങ്ങനെ അന്തസ്സോടെ പിന്മാറാം എന്ന് ചിന്തിക്കുന്നതിന് പകരം, ‘ഇനി എവിടെയൊക്കെ സ്വർണ്ണം പൂശാം’ എന്ന് മാത്രമാണ് ട്രംപ് ചിന്തിക്കുന്നത്,” ഹിലരി പരിഹസിച്ചു.

മുമ്പ് പ്രഥമവനിതയായിരുന്ന സമയത്ത് വൈറ്റ് ഹൗസിലെ ‘ബ്ലൂ റൂം’ നവീകരണത്തിന് ഹിലരി മേൽനോട്ടം വഹിച്ചിരുന്നു. എന്നാൽ ട്രംപ് വരുത്തുന്ന വൻ മാറ്റങ്ങളുടെ കടുത്ത വിമർശകയാണ് അവർ. കഴിഞ്ഞ വർഷം പുതിയ ബാൾറൂം നിർമ്മിക്കുന്നതിനായി വൈറ്റ് ഹൗസിൻ്റെ ഈസ്റ്റ് വിംഗ് പൊളിച്ചുമാറ്റിയപ്പോൾ, “ഇത് അദ്ദേഹത്തിൻ്റെ വീടല്ല, പൊതുജനങ്ങളുടെ വീടാണ്. അദ്ദേഹം അത് നശിപ്പിക്കുകയാണ്,” എന്ന് ഹിലരി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. പകുതി പണിതീർന്ന ഈ ബാൾറൂം വൈറ്റ് ഹൗസിന്റെ വശത്തുള്ള ഒരു “അനാവശ്യ കെട്ടിടം” ആണെന്നും അടുത്ത പ്രസിഡന്റിന് ഇത് വലിയൊരു തലവേദനയാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ട്രംപ് പദവി ഒഴിഞ്ഞ ശേഷം വൈറ്റ് ഹൗസിലെ ഈ സ്വർണ്ണപ്പണികളെല്ലാം നീക്കം ചെയ്ത് പഴയപടിയാക്കാൻ താൻ തയ്യാറാണെന്ന് ഹിലരി തമാശയായി പറഞ്ഞു. ഇതിനായി തനിക്ക് “സെക്രട്ടറി ഓഫ് ടേക്കിംഗ് ഡൗൺ ദി ഗോൾഡ്” (സ്വർണ്ണം എടുത്തുമാറ്റുന്നതിനുള്ള സെക്രട്ടറി) എന്നൊരു പദവി നൽകിയാൽ നന്നായിരിക്കുമെന്നും അവർ അഭിമുഖത്തിൽ വ്യക്തമാക്കി.

ഹിലരിയുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിലാണ് വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗ്ലെ മറുപടി നൽകിയത്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിനോട് ഏറ്റ നാണംകെട്ട പരാജയത്തിൽ നിന്ന് ഹിലരി ഇതുവരെ മുക്തയായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ തോൽവി കാരണം പ്രസിഡന്റായി ഓവൽ ഓഫീസ് അലങ്കരിക്കാൻ അവർക്ക് ഒരിക്കലും അവസരം ലഭിച്ചില്ല, അതിന്റെ നിരാശയാണ് ഇപ്പോഴത്തെ പ്രസ്താവനയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

2025-ൽ വീണ്ടും അധികാരത്തിൽ എത്തിയതുമുതൽ ട്രംപ് വൈറ്റ് ഹൗസിൽ വലിയ മാറ്റങ്ങളാണ് വരുത്തുന്നത്. ഓവൽ ഓഫീസിലും വെസ്റ്റ് വിംഗിലും ഉടനീളം സ്വർണ്ണപ്പണികൾ അദ്ദേഹം നടത്തിക്കഴിഞ്ഞു. കൂടാതെ മുൻ പ്രസിഡന്റുമാരെ രാഷ്ട്രീയമായി പരിഹസിക്കുന്ന ‘പ്രസിഡൻഷ്യൽ വാക്ക് ഓഫ് ഫെയിം’ എന്നൊരു ഫലകനിരയും റോസ് ഗാർഡനിൽ ട്രംപ് സ്ഥാപിച്ചിട്ടുണ്ട്. വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ റിഫ്ലെക്റ്റിംഗ് പൂൾ നവീകരണവും പൊട്ടോമാക് നദിക്ക് കുറുകെ 250 അടി ഉയരമുള്ള ‘വിജയ ഗോപുര’ നിർമ്മാണവുമടക്കം നിരവധി വിവാദ പ്രോജക്റ്റുകളുമായി ട്രംപ് മുന്നോട്ട് പോകുന്നതിനിടയിലാണ് ഹിലരിയുടെ ഈ കടുത്ത വിമർശനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments