തിരുവനന്തപുരം: കൊച്ചിയിലേക്കുള്ള മുഖ്യമന്ത്രി വി.ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി വിമർശനം കടുക്കുന്നു. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാർ ഹെലികോപ്റ്റർ ഉപയോഗിച്ചെന്ന വിമർശനമാണിപ്പോൾ ഉയരുന്നത്. ദുരന്തനിവാരണത്തിനും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ മുഖ്യമന്ത്രി വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നാണ് പ്രതിപക്ഷ നേതാക്കൾ ഉന്നയിക്കുന്ന പ്രധാന ആരോപണം.
ന്യൂമോണിയ ബാധിതനായി ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ സന്ദർശിക്കുന്നതിനായാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. തിരുവനന്തപുരം കവടിയാർ ഗോൾഫ് ക്ലബ്ബിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയിലിറക്കാനാകാതെ ആദ്യം തിരികെ തിരുവനന്തപുരത്തേക്ക് തന്നെ മടങ്ങിയിരുന്നു. പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ രാവിലെ 11.30-ഓടെ കൊച്ചിയിലേക്ക് തിരിച്ചു. ആശുപത്രിയിൽ 20 മിനിറ്റോളം ചെലവഴിച്ച ശേഷം അദ്ദേഹം ദേശത്തെ വസതിയിലേക്ക് മടങ്ങി.
മുൻ സർക്കാരിന്റെ കാലത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനെതിരെ അന്ന് പ്രതിപക്ഷത്തായിരുന്ന വി.ഡി. സതീശൻ ശക്തമായ നിലപാടെടുത്തിരുന്നു. എന്നാൽ മുഖ്യമന്ത്രിയായപ്പോൾ സ്വകാര്യ ആവശ്യത്തിന് അത് ഉപയോഗിച്ചു എന്നതാണ് ഇടത് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. വി. ശിവൻകുട്ടി, എം.ബി. രാജേഷ് തുടങ്ങിയവർ ഫേസ്ബുക്കിലൂടെ ഈ വിഷയത്തിൽ വിമർശനം ഉന്നയിച്ചു.
യാത്ര തടസ്സപ്പെട്ട് ഹെലികോപ്റ്ററിന് തിരികെ ഇറങ്ങേണ്ടി വന്നതിനെ പരിഹസിച്ച് ‘മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ യൂ-ടേൺ അടിച്ചു’ എന്നായിരുന്നു വി. ശിവൻകുട്ടിയുടെ പ്രതികരണം. മുഖ്യമന്ത്രി രണ്ടുതവണ വ്യക്തിപരമായ ആവശ്യത്തിനായി ഹെലികോപ്റ്ററിൽ യാത്ര ചെയ്തുവെന്ന് എം.ബി. രാജേഷും സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചു. മുൻ സർക്കാർ എയർ ആംബുലൻസായും അവയവദാന ദൗത്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഹെലികോപ്റ്ററാണ് ഇപ്പോൾ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചതെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലും വിഷയം ചർച്ചയാകുന്നുണ്ട്.

