പ്രസാദ് തീയാടിക്കൽ
പ്ലാനോ/ടെക്സസ് : പ്ലാനോയിൽ (ജൂലൈ 24) ഉച്ചയ്ക്ക് ഉണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. എടത്വ പരുത്തിമൂട്ടിൽ വിൽസൺ ഫിലിപ്പന്റെ (മോനച്ചൻ) ഭാര്യയും റാന്നി കോതപുരത്ത് മാത്യുവിന്റെ മകളുമായ ബേബിക്കുട്ടി വിൽസൺ ഫിലിപ്പ് (66) ആണ് മരിച്ചത്.
വിഎ ഹോസ്‌പിറ്റൽ ഡാലസിലെ നഴ്‌സിങ് എജ്യൂക്കേറ്ററായി വർക്ക് ചെയ്യുകയായിരുന്നു. ഭർത്താവ് വിൽസൺ ഫിലിപ്പ് നിസ്സാര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കൾ: ബെൻസൺ, ബിൽസൺ, ബ്രിയാന്ന. (എല്ലാവരും ഡാലസ്)
പ്ലാനോയിലെ വെസ്റ്റ് പാർക്കർ റോഡ് – മിഷൻ റിഡ്ജ് റോഡ് ജങ്നിൽ ഉച്ചയ്ക്ക് 2:40ഓടെയായിരുന്നു അപകടം. പ്ലാനോ പൊലീസ് നൽകുന്ന വിവരമനുസരിച്ച്, വെസ്റ്റ് പാർക്കർ റോഡിലൂടെ പടിഞ്ഞാറോട്ട് സഞ്ചരിക്കുകയായിരുന്ന നിസ്സാൻ ഫ്രോണ്ടിയർ വാഹനം മിഷൻ റിഡ്ജ് റോഡിലേക്ക് തിരിയാൻ ശ്രമിക്കുന്നതിനിടെ, കിഴക്കോട്ട് വരികയായിരുന്ന ഇൻഫിനിറ്റി എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇൻഫിനിറ്റി വാഹനം നിയന്ത്രണം വിട്ട് സമീപത്തെ ലൈറ്റ് പോളിൽ ഇടിച്ചുകയറി.
ഇൻഫിനിറ്റി വാഹനത്തിൽ യാത്ര ചെയ്തിരുന്ന ബേബിക്കുട്ടി ജോസഫ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായി പ്ലാനോ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിസ്സാൻ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരന് പ്രാഥമിക പരിശോധനകൾ നൽകിയെങ്കിലും മറ്റ് പരുക്കുകളില്ലാത്തതിനാൽ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നില്ല. അപകടത്തിന്റെ കാരണം വ്യക്തമാകുന്നതിനായി പ്ലാനോ പൊലീസ് ട്രാഫിക് യൂണിറ്റ് അന്വേഷണം പുരോഗമിക്കുകയാണ്. പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും വിശദവിവരങ്ങൾ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം പിന്നീട് അറിയിക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

