Saturday, July 25, 2026
HomeNewsഇറാനിൽ എൽപിജി ടാങ്കർ കപ്പലിന് നേരെ മിസൈൽ ആക്രമണം: ജീവനക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി

ഇറാനിൽ എൽപിജി ടാങ്കർ കപ്പലിന് നേരെ മിസൈൽ ആക്രമണം: ജീവനക്കാർ സുരക്ഷിതരെന്ന് ഇന്ത്യൻ എംബസി

ടെഹ്‌റാൻ : പേർഷ്യൻ ഗൾഫിലെ ഇറാൻ സമുദ്രാതിർത്തിയിൽ വച്ച് എൽപിജി ടാങ്കർ കപ്പലിന് നേരെ മിസൈൽ ആക്രമണം. മൊസാംബിക് പതാക വഹിച്ച ‘ദിഷ’ എന്ന വാണിജ്യ കപ്പലിന് നേരെയാണ് അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് ആക്രമണമുണ്ടായത്. കപ്പലിൽ ജീവനക്കാരായി ഉണ്ടായിരുന്ന 28 ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്ന് ടെഹ്‌റാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

തന്ത്രപ്രധാനമായ ഹോർമുസ് ഇടുക്കിന് സമീപം വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന് നേരിയ കേടുപാടുകൾ സംഭവിച്ചതായാണ് സൂചനയെങ്കിലും, കപ്പലിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.ആക്രമണ വിവരം പുറത്തുവന്നയുടൻ ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇറാൻ അധികൃതരുമായി ബന്ധപ്പെടുകയും നാവികരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും നാവികരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കി.

മേഖലയിൽ യുഎസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് വാണിജ്യ കപ്പലിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര ജലപാതകളിൽ സിവിലിയൻ കപ്പലുകൾക്ക് നേരെയുണ്ടാകുന്ന ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചു. നാവികരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments