ന്യൂഡല്‍ഹി : നീറ്റ്, സിബിഎസ്‌ഇ പരീക്ഷാ ക്രമക്കേടില്‍ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ വിമര്‍ശനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാഹുല്‍ ഗാന്ധി വിദ്യാര്‍ഥികളെ ആയുധമാക്കി പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തെത്തിയത്. ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചിട്ടും രാഹുല്‍ ഗാന്ധി രാഷ്ട്രീയ നാടകം കളിക്കുന്നുവെന്നും വിദ്യാര്‍ഥികളെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ വിവാദമാക്കി രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തെ മനഃപൂര്‍വം തടസം സൃഷ്ടിക്കുകയാണെന്നും പൊതുജനത്തെ ബുദ്ധിമുട്ടിച്ചായിരുന്നു കോണ്‍ഗ്രസ് പ്രതിഷേധമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ആരോപിച്ചു.
വിദ്യാര്‍ഥികളുടെ പ്രശ്‌നത്തിന് പരിഹാരം കാണാനല്ല, തലക്കെട്ടില്‍ ഇടംപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ധര്‍മേന്ദ്ര പ്രധാന്‍ എക്സിലൂടെ പ്രതികരിച്ചു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനായി രാഹുല്‍ ഗാന്ധിയും ഐഎന്‍സിയും വിദ്യാര്‍ഥികളെ രാഷ്ട്രീയ ഉപകരണങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുന്നത് തുടരുന്നു എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ എക്സില്‍ കുറിച്ചത്. സഭയില്‍ നീറ്റ് ഉള്‍പ്പടെ യുവത്വത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാണെന്ന് അദേഹം വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയേയും പോലിസ് വിട്ടയച്ചിരുന്നു. പ്രിയങ്ക ഗാന്ധിയെ വിട്ടയക്കാനായി സോണിയ ഗാന്ധി പോലിസ് സ്റ്റേഷനിലെത്തിയിരുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സിജെപിയും കോണ്‍ഗ്രസും സമരം ശക്തമാക്കിയത് ശേഷം ധര്‍മേന്ദ്ര പ്രധാന്‍ നടത്തുന്ന ആദ്യ പ്രതികരണമാണിത്.
നീറ്റ് വിഷയം ചര്‍ച്ച ചെയ്യുന്നതിനും നമ്മുടെ യുവജനങ്ങളുടെ എല്ലാ ന്യായമായ ആശങ്കകളും പാര്‍ലമെന്റില്‍ ഉന്നയിച്ച് അവ പരിഹരിക്കുന്നതിനും ഞങ്ങളുടെ സര്‍ക്കാര്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയ പ്രചാരണത്തിനുള്ള കേവലം ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നതിനേക്കാള്‍ മെച്ചപ്പെട്ട പരിഗണനയാണ് ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ അര്‍ഹിക്കുന്നത്. അനിശ്ചിതത്വത്തിന് പകരം ഉറപ്പും, മുദ്രാവാക്യങ്ങള്‍ക്ക് പകരം പരിഹാരങ്ങളും, തടസ്സപ്പെടുത്തലുകള്‍ക്ക് പകരം ഉത്തരവാദിത്തവുമാണ് അവര്‍ക്ക് ആവശ്യം’ പ്രധാന്‍ എക്സില്‍ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയ്ക്ക് മുന്നിലെ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ബലമായി പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. വലിച്ചിഴച്ചാണ് രാഹുല്‍ ഗാന്ധിയെ പോലിസ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയത്. പോലിസിന്റെ പിടിവലിക്കിടെ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. രാഹുലിന്റെ മൂക്കിനാണ് പരിക്കേറ്റത്. രക്തമൊലിപ്പിച്ച മുഖവുമായി രാഹുല്‍ പോലിസ് വാഹനത്തിലിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ‘ഇതാണ് ഇന്ത്യയിലെ ജനാധിപത്യം’ എന്നാണ് ബലം പ്രയോഗിച്ച് തന്നെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞത്.
കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും നേതാക്കള്‍ വഴങ്ങാതെ വന്നതോടെയാണ്, പോലിസ് നടപടി. കേന്ദ്രസര്‍ക്കാരിനോട് പ്രധാനമായും അഞ്ച് ആവശ്യങ്ങളാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. നീറ്റ് പരീക്ഷയെഴുതി ജീവനൊടുക്കിയ വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം, വിദ്യാര്‍ഥികള്‍ക്കെതിരേ നടന്ന ആക്രമണങ്ങളില്‍ അമിത് ഷായുടെ വിശദീകരണം സഭയില്‍ വേണം, വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവയ്ക്കണം, വിദ്യാര്‍ഥികള്‍ക്കെതിരായ പോലിസ് ആക്രമണങ്ങളില്‍ അന്വേഷണം വേണം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണം എന്നീ ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.

