പി പി ചെറിയാൻ
ലോകകപ്പിൽ നിന്ന് ആതിഥേയരായ അമേരിക്കയും മെക്സിക്കോയും പുറത്തായതോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു. യു.എസ് ടീം ജയിച്ചിരുന്നെങ്കിൽ കളിക്കേണ്ടിയിരുന്ന സ്പെയിൻ-ബെൽജിയം മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ 65% കുറവാണ് രേഖപ്പെടുത്തിയത്. മത്സരത്തിന് മുന്നോടിയായി 3,200 ഡോളർ (ഏകദേശം 2.6 ലക്ഷം രൂപ) ആയിരുന്ന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇതോടെ 1,100 ഡോളറായി (ഏകദേശം 91,000 രൂപ) താഴ്ന്നു.
മെക്സിക്കോ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ശനിയാഴ്ച മിയാമിയിൽ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റ് വിലയിൽ 45% ഇടിവുണ്ടായി. 4,000 ഡോളറോളമായിരുന്ന ടിക്കറ്റുകൾ ഇപ്പോൾ 2,000 ഡോളറിന് ലഭ്യമാണ്. മറ്റൊരു ആതിഥേയ രാജ്യമായ കാനഡയും നേരത്തെ പുറത്തായിരുന്നു. ഇരു ടീമുകളുടെയും അപ്രതീക്ഷിത പുറത്താകൽ കായിക പ്രേമികൾക്ക് കുറഞ്ഞ ചിലവിൽ കളി കാണാൻ അവസരമൊരുക്കിയെങ്കിലും, ടിക്കറ്റ് വിപണിയെയും യു.എസിലെ പ്രമുഖ സ്പോർട്സ് ബാറുകളുടെ ബിസിനസിനെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

