ന്യൂഡൽഹി : ദുരന്തങ്ങൾ ആവർത്തിക്കുന്ന പരിസ്ഥിതി ലോല പ്രദേശമായ വയനാട്ടിലെ മേപ്പാടിയിൽ ഒരിക്കലും നടപ്പാക്കാൻ പാടില്ലാത്ത പദ്ധതിയാണ് തുരങ്ക പാതയെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ. ഇത്രയും ദുരന്തങ്ങളുണ്ടായ പശ്ചിമ ഘട്ടത്തിലെ അതീവ പരിസ്ഥിതി ലോലപ്രദേശത്ത് ഇത്തരമൊരു തുരങ്ക പാതയുടെ നിർമാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എങ്ങനെ പരിസ്ഥിതി അനുമതി നൽകിയെന്ന് മനസ്സിലാകുന്നില്ലെന്നും പി.കെ. ബഷീർ പറഞ്ഞു. തുടക്കത്തിലേയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ ഭാവി സംബന്ധിച്ച് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട മറ്റു വകുപ്പു മന്ത്രിമാരെയും കൂട്ടി വിശദമായ ചർച്ച നടത്തുമെന്നും ബഷീർ കൂട്ടിച്ചേർത്തു
ഇത്തരമൊരു പദ്ധതിക്ക് അനുമതി തേടുന്നതിനു മുമ്പ് വയനാടിന്റെ സാഹചര്യം നാം പഠിക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം തുടർന്നു. അത്തരത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ നടന്നിട്ടില്ല. നടന്നിരുന്നുവെങ്കിൽ ഇത്തരമൊരു പ്രവൃത്തിക്ക് അനുമതി നൽകുകയുമില്ല. മേപ്പാടി മേഖലയിൽ മഴ കനത്താലുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലുകളും തുരങ്ക പാതയുണ്ടാക്കാൻ ആലോചിക്കുമ്പോൾ തന്നെ മുൻകൂട്ടി കാണേണ്ടതായിരുന്നു.
വയനാടിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം, മണ്ണ് നീക്കം ചെയ്യാതെ കിടക്കുന്ന കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുരങ്കപാത മൂലം ഇല്ലാതാകുന്ന ആനത്താരക്കുപകരം മറ്റൊരു ആനത്താരയുണ്ടാക്കുന്നത് ചർച്ച ചെയ്യാൻ കൂടിയായിരുന്നു യോഗം. ചെങ്കുത്തായ മല തുരന്നെടുത്ത മണ്ണ് എടുത്തുമാറ്റണമെന്ന് പറഞ്ഞപ്പോൾ തങ്ങൾക്കുതന്നെ മണ്ണ് ആവശ്യമുണ്ടെന്നാണ് കൊങ്കൺ റെയിൽവേ മറുപടി നൽകിയത്. അതേത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല, അഡീഷനൽ സെക്രട്ടറി വിനോദ് എന്നിവരെ ചീഫ് എൻജിനീയർക്കൊപ്പം മേപ്പാടി കള്ളാടിയിലേക്ക് അയച്ചത്. അപകടസ്ഥിതി മനസ്സിലാക്കി നിർമാണം നിർത്തിവെക്കാനും പരിസരത്തുള്ള വീട്ടുകാരെ മാറ്റിപ്പാർപ്പിക്കാനും നിർദേശം നൽകി. എന്നിട്ടും നിർമാണ സ്ഥലത്ത് അവശേഷിച്ച കരാർ കമ്പനിയുടെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.
പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ മേപ്പാടി ഭാഗത്തെ ദുർബലമായ മണ്ണ് ഇത്തരമൊരു തുരങ്ക നിർമാണത്തിന് യോജിച്ചതല്ലെന്ന് ജൂൺ 25ന് പൊതുമരാമത്ത് അഡീഷനൽ സെക്രട്ടറിക്കും ചീഫ് എൻജിനീയർക്കുമൊപ്പം കള്ളാടി സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല ‘മാധ്യമ’ത്തോട് പറഞ്ഞു. അതുകൊണ്ടാണ് പദ്ധതിക്ക് പല ഭാഗങ്ങളിൽ നിന്നും എതിർപ്പുയർന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

