Wednesday, July 8, 2026
HomeGulfചെലവ് കുറയ്ക്കണോ, ഷുഗർ കട്ട് വേണം: മധുരപാനീയങ്ങൾക്ക് ജനറൽ ടാക്സ് ഏർപ്പെടുത്തി ഖത്തർ

ചെലവ് കുറയ്ക്കണോ, ഷുഗർ കട്ട് വേണം: മധുരപാനീയങ്ങൾക്ക് ജനറൽ ടാക്സ് ഏർപ്പെടുത്തി ഖത്തർ

ദോഹ : പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പഞ്ചസാരയുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള കർശന നടപടികളുമായി ഖത്തർ. രാജ്യത്ത് വിൽക്കുന്ന മധുരപാനീയങ്ങൾക്ക് ജനറൽ ടാക്സ് അതോറിറ്റി എക്സൈസ് നികുതി ഏർപ്പെടുത്തി.

ഉൽപന്നങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയോ മധുരത്തിന്റെയോ അളവ് അനുസരിച്ച് വിവിധ തട്ടുകളായി തിരിച്ചാണ് നികുതി ഈടാക്കുക. ഇതനുസരിച്ച് കൂടുതൽ മധുരമുള്ള പാനീയങ്ങൾക്ക് ഉയർന്ന നികുതിയും, മധുരം കുറഞ്ഞവയ്ക്ക് കുറഞ്ഞ നികുതിയുമായിരിക്കും ബാധകം.

ശീതളപാനീയങ്ങൾ, പഞ്ചസാര ചേർത്ത പാക്കറ്റ് ജ്യൂസുകൾ, വെള്ളത്തിൽ കലക്കി ഉപയോഗിക്കാവുന്ന മധുരമുള്ള പൊടികൾ, സിറപ്പുകൾ, എക്സ്ട്രാക്റ്റുകൾ തുടങ്ങിയ എല്ലാത്തരം മധുരപാനീയങ്ങൾക്കും പുതിയ നിയമം ബാധകമാണ്. എന്നാൽ കടകളിൽ നിന്ന് അപ്പപ്പോൾ തയാറാക്കി നൽകുന്ന ഫ്രഷ് ജ്യൂസുകൾ, ചായ, കാപ്പി എന്നിവയെ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയ ഉൽപന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാനും, ഉൽപന്നങ്ങളിലെ മധുരത്തിന്റെ അളവ് കുറയ്ക്കാൻ നിർമാതാക്കളെ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. എക്സൈസ് നികുതി ബാധകമായ ഉൽപന്നങ്ങൾ കൈവശമുള്ള മുഴുവൻ വ്യാപാരികളും തങ്ങളുടെ സ്റ്റോക്ക് വിവരങ്ങൾ ടാക്സ് പ്ലാറ്റ്‌ഫോം വഴി വെളിപ്പെടുത്തണമെന്ന് അതോറിറ്റി അറിയിച്ചു. ജൂലൈ 6 മുതൽ 90 ദിവസത്തിനകം ഇതിനുള്ള റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്

കൈവശമുള്ള ആകെ സ്റ്റോക്ക് രണ്ട് ലക്ഷം ലിറ്ററിൽ കുറവാണെങ്കിൽ നികുതി അടയ്ക്കേണ്ടതില്ലെങ്കിലും റിട്ടേൺ സമർപ്പിക്കൽ നിർബന്ധമാണ്. രണ്ട് ലക്ഷം ലിറ്ററോ അതിൽ കൂടുതലോ സ്റ്റോക്ക് ഉണ്ടെങ്കിൽ അംഗീകൃത ഓഡിറ്റ് റിപ്പോർട്ടിനൊപ്പം നികുതിയും ഒടുക്കണം. റിട്ടേൺ സമർപ്പിച്ച് 30 ദിവസത്തിനകം നികുതി അടയ്ക്കണമെന്നാണ് നിർദേശം. പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞ പരിധിയിലാണെങ്കിൽ നികുതി തുക പൂജ്യമായിരിക്കുമെന്നും ജനറൽ ടാക്സ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments