Monday, July 6, 2026
HomeNewsകേരള കോൺഗ്രസിൽ പ്രതിസന്ധി: പത്തനംതിട്ടയിൽ കോൺഗ്രസിലേക്ക് അണികളുടെ കൊഴിഞ്ഞുപോക്ക്

കേരള കോൺഗ്രസിൽ പ്രതിസന്ധി: പത്തനംതിട്ടയിൽ കോൺഗ്രസിലേക്ക് അണികളുടെ കൊഴിഞ്ഞുപോക്ക്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ കേരള കോൺഗ്രസ് എമ്മിലെ നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ജില്ലാ വൈസ് പ്രസിഡൻറ് പി കെ ജേക്കബ്, സെക്രട്ടറി സാം ജോയിക്കുട്ടി, സംസ്ഥാന കമ്മിറ്റി അംഗം സുനിൽ വലഞ്ചുഴി തുടങ്ങി നൂറിലധികം പേരാണ് പാർട്ടി വിട്ടത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പത്തനംതിട്ട ഡി സി സിയിലാണ് ഇവർക്ക് കോൺഗ്രസ് മെമ്പർഷിപ്പ് നൽകിയത്. പാർട്ടി അധ്യക്ഷന്‍റെ ഏകാധിപത്യ നിലപാട് കാരണമാണ് തങ്ങൾ പടിയിറങ്ങിയതെന്നാണ് കോൺഗ്രസിൽ ചേർന്നവർ ഉയർത്തുന്ന വിമർശനം. കേരള കോൺഗ്രസ് എമ്മിന്‍റെ പതനത്തിന് കാരണം ജോസ് കെ മാണിയും റോഷി അഗസ്റ്റിനുമാണെന്നും ഇവർ അഭിപ്രായപ്പെട്ടു. മുന്നണി മാറ്റം ഉചിതമായ സമയത്ത് തീരുമാനിക്കാത്തത് പാർട്ടിയെ തകർത്തെന്നും ഇവർ വിവരിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അനേകം കേരള കോൺഗ്രസ് പ്രവർത്തകർ ഇനിയും കോൺഗ്രസിലേക്ക് വരുമെന്നും നേതാക്കൾ അവകാശപ്പെട്ടു.

അതേസമയം പാലാ നഗരസഭ ഭരണസമിതിയിൽ കലഹം രൂക്ഷമായി തുടരുകയാണ്. കനത്ത തർക്കങ്ങൾക്കൊടുവിൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി അടിയന്തര യോഗം ചേർന്ന് പ്രമേയം പാസാക്കി. ഏറെക്കാലമായി ഭരണമുന്നണിയിൽ നിലനിൽക്കുന്ന ഭിന്നതകൾക്കൊടുവിലാണ് പാർട്ടി പ്രമേയം പാസാക്കി, തീരുമാനം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും അയക്കാൻ നിശ്ചയിച്ചത്. കേരള കോൺഗ്രസ് (എം) മായി യാതൊരു കാരണവശാലും സഹകരിക്കില്ലെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് കുട്ടി വ്യക്തമാക്കി.

ഡി വൈ എഫ് ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിൽ ഉണ്ടായ നാടകീയ രംഗങ്ങളാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഡി വൈ എഫ് ഐക്ക് വേണ്ടി ഒത്തുകളിച്ച ദിയ ബിനു പുളിക്കക്കണ്ടത്തിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ അംഗീകരിക്കാനാകില്ലെന്നാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ പൊതുവികാരം.കോൺഗ്രസിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് പ്രതിപക്ഷത്തിന്റെ വോട്ടെടുപ്പിലൂടെയാണ് കൗൺസിൽ ഡി വൈ എഫ് ഐയുടെ പരിപാടിക്ക് അനുമതി നൽകിയത്.

കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തെ സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവരും ഒരു കേരള കോൺഗ്രസ് അംഗവും പങ്കെടുത്തിരുന്നില്ല. ഇതോടെ വോട്ടെടുപ്പിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയും ഡി വൈ എഫ് ഐയുടെ ആവശ്യം അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാൽ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഡി വൈ എഫ് ഐക്ക് വേണ്ടി എൽ ഡി എഫുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments