Saturday, July 4, 2026
HomeAmericaഅർജന്റീനയെ വിറപ്പിച്ച് കാബോ വെർദെ: മുൻ ലോക ചാമ്പ്യന്മാരുടെ വിജയം എക്സ്ട്രാ ടൈമിൽ

അർജന്റീനയെ വിറപ്പിച്ച് കാബോ വെർദെ: മുൻ ലോക ചാമ്പ്യന്മാരുടെ വിജയം എക്സ്ട്രാ ടൈമിൽ

മിയാമി : അടിയും തിരിച്ചടിയുമായി പോരാടി അവസാനം കാബോ വെർദെയ്‌ക്കെതിരെ അർജന്റീനയ്ക്ക് ജയം. നെഞ്ചിടിപ്പോടെയാണ് അർജന്റീനൻ ആരാധകർ കളി കണ്ടിരുന്നത്. 29 ാം മിനിറ്റിലാണ് ലയണൽ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചത്. 59 ാം മിനിറ്റിലാണ് ഡെറോയ് ഡ്യുവേർട്ട് ഗോൾ മടക്കി കാബോ സമനില പിടിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതോടെ മത്സരം എക്ട്രാ ടൈമിലേക്ക് കടന്നതിനു പിന്നാലെയാണ് 92 ാം മിനിറ്റിൽ ലിസാൻഡ്രോ മാർട്ടിനെസ് ഗോൾ നേടിയത്. പിന്നാലെ 103 ാം മിനിറ്റിൽ സിഡ്നി ലോപസ് കബ്രാൽ കാബോ വെർദെയെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ 111 ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോ വീണ്ടും അർജന്റീനയെ മുന്നിലെത്തിക്കുകയായിരുന്നു.

അസാമാന്യമായ പോരാട്ടവീര്യവും പ്രതിരോധക്കരുത്തും പ്രകടിപ്പിച്ചാണ് ലോകചാംപ്യന്മാരെ കാബോ വെർദെ നേരിട്ടത്. നിശ്ചിത സമയത്ത് അർജന്റീന നടത്തിയ 14 ഗോൾ ശ്രമങ്ങൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞയുടെയും സഹതാരങ്ങളുടെയും പ്രതിരോധക്കരുത്തിൽ നിഷ്ഫലമായി.29 ാം മിനിറ്റിൽ കാബോ വെർദെ പ്രതിരോധനിരയുടെ മുകളിലൂടെ സാൻഡ്രോ മാർട്ടിനെസ് നൽകിയ ചിപ്പ് പാസ് മുന്നോട്ട് കുതിക്കുന്നതിനിടെ കൃത്യതയോടെ വരുതിയിലാക്കിയ മെസ്സി പന്ത് വലയുടെ മുകൾത്തട്ടിലേക്ക് വകഞ്ഞിട്ടപ്പോൾ കാബോ വെർദെ ഗോൾ കീപ്പർ വൊസീഞ്ഞ തീർത്തും നിസഹായനായിരുന്നു (1–0). ഈ ലോകകപ്പിൽ മെസ്സിയുടെ ഏഴാം ഗോളാണിത്. ഇതോടെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ കിലിയൻ എംബപെയെ മറികടന്ന് മെസ്സി മുന്നിലെത്തി. ലോകകപ്പ് ചരിത്രത്തിൽ ഇതോടെ മെസ്സിക്ക് 20 ഗോളുകളായി.

14 ാം മിനിറ്റിൽ പോസ്റ്റിനു മുന്നിൽ നിന്നുള്ള മെസ്സിയുടെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്കു പോയിരുന്നു.59 ാം മിനിറ്റിൽ വലതുവിങ്ങിൽ നിന്ന് പന്തുമായി മുന്നേറി പെനാൽറ്റി ബോക്സിനുള്ളിൽ കാബോ വെർദെ മിഡ് ഫീൽഡർ ഡെറോയ് ഡ്യുവേർട്ടിന് റയാബ് മെൻഡസിന്റെ ക്ലിനിക്കൽ പാസ്. പോസ്റ്റിന്റെ കോണിൽ നിന്ന് മികച്ചൊരു ടച്ചിലൂടെ പന്ത് മെരുക്കിയ ഡെറോയ് ഡ്യുവേർട്ടിന്റെ ഷോട്ട് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിനെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു (1–1).

73 ാം മിനിറ്റിൽ മെസ്സിയെ ഡെറോയ് ഡ്യുവേർട്ട് ഫൗൾ ചെയ്തതിന് അർജന്റീനയ്ക്ക് ഫ്രീ കിക്ക്. മെസ്സി ഗോൾവല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട് പ്രതിരോധമതിൽ തീർത്ത വൊസീഞ്ഞ ഡൈവ് ചെയ്ത് കൈ കൊണ്ട് തട്ടിയകറ്റി. ഏക്ട്രാ ടൈമിലെ 92 ാം മിനിറ്റിൽ ലഭിച്ച കോർണറിൽ മെസ്സിയുടെ ഔട്ട്‌സ്വിംഗർ പാസ് ഹെഡ് ചെയ്ത് മാക് അലിസ്റ്റർ ബാക്ക് പോസ്റ്റിലേക്ക് തട്ടിവിട്ടു. സ്വതന്ത്രനായി നിന്ന ലിസാൻഡ്രോ മാർട്ടിനെസ്, വലതുഭാഗത്ത് നിന്ന് വൊസീഞ്ഞയെ കബളിപ്പിച്ച് ഗോൾ വല കുലുക്കി (2-1).

പക്ഷേ, പൊരുതിത്തോൽക്കാൻ മനസ്സാമില്ലാതിരുന്ന കേപ് വെർഡെ 103-ാം മിനിറ്റിൽ വീണ്ടും മത്സരത്തിലേക്ക് തിരിച്ചെത്തി. ഇടതുവിംഗിലൂടെ പന്തുമായി മുന്നേറിയ സിഡ്നി ലോപ്സ് കാബ്രാൾ ഉതിർത്ത അവിശ്വസനീയമായ ഒരു കർവിങ് ഷോട്ട് എമി മാർട്ടിനസിനെ കാഴ്ചക്കാരനാക്കി വലയുടെ ദൂരെയുള്ള കോണിലേക്ക് തുളച്ചുകയറുകയായിരുന്നു (2-2). സ്റ്റേഡിയത്തെ നിശബ്ദമാക്കിയ ഈ ഗോളിന് ശേഷവും അർജന്റീന പതറിയില്ല. 111-ാം മിനിറ്റിൽ കളിയിലെ നിർണായക നിമിഷത്തിൽ മെസ്സിയുടെ കോർണർ കിക്ക് അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ പ്രതിരോധ താരം ക്രിസ്റ്റ്യൻ റൊമേറോ വലയിലെത്തിച്ചു (3-2). നീണ്ട വാർ പരിശോധനയ്ക്കൊടുവിൽ റഫറി ഗോൾ അനുവദിച്ചതോടെ അർജന്റീന ക്യാമ്പ് ആവേശത്തിലാണ്ടു.

അവസാന മിനിറ്റുകളിൽ ബെൻചിമോളിലൂടെ കേപ് വെർഡെ സമനിലയ്ക്കായി കടുത്ത ശ്രമം നടത്തിയെങ്കിലും എമി മാർട്ടിനസിന്റെ അസാമാന്യമായ ഡൈവിങ് സേവ് അർജന്റീനയുടെ വിജയവും പ്രീക്വാർട്ടർ ടിക്കറ്റും സുരക്ഷിതമാക്കി. റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ പെനാൽറ്റിയിൽ ഓസ്‌ട്രേലിയയെ വീഴ്ത്തിയെത്തുന്ന ഈജിപ്താണ് അർജന്റീനയുടെ എതിരാളികൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments