ഭൂമിയെ ചുറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയമായ (ISS) ഐഎസ്‌എസിനെ അടുത്ത വർഷങ്ങളില്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നിയന്ത്രിതമായി തിരിച്ചെത്തിച്ച് പസഫിക് സമുദ്രത്തില്‍ തകർത്തുവീഴ്ത്താനുള്ള പദ്ധതിയിലാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ.
എന്നാല്‍ നാസയുടെ ഈ പദ്ധതിക്കെതിരെ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് പരിസ്ഥിതി പ്രവർത്തകരും സമുദ്ര സംരക്ഷണ വിദഗ്ധരും. നാസയുടെ ഈ നീക്കം സമുദ്ര പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
2028 മുതല്‍ ഐഎസ്‌എസിന്റെ ഭ്രമണപഥം ക്രമേണ താഴ്ത്തിത്തുടങ്ങാനാണ് നാസയുടെ നിലവിലെ പദ്ധതി. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള സ്വാഭാവികമായ മാറ്റങ്ങളിലൂടെയും റഷ്യൻ വിഭാഗം നടത്തുന്ന പ്രത്യേക നീക്കങ്ങളിലൂടെയും ഇത് നടപ്പാക്കും. തുടർന്ന് 2029-ല്‍ സ്പേസ്‌എക്സ് നിർമ്മിക്കുന്ന യു.എസ്. ഡീഓർബിറ്റ് വാഹനത്തെ (USDV) ഐഎസ്‌എസുമായി ബന്ധിപ്പിച്ച്, അതിന്റെ ത്രസ്റ്ററുകള്‍ ഉപയോഗിച്ച് ബഹിരാകാശ നിലയത്തെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് നയിക്കും. ഒടുവില്‍, മനുഷ്യവാസം ഇല്ലാത്തതും ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമുദ്ര മേഖലയുമായ ‘പോയിന്റ് നീമോ’വിലാണ് അവശിഷ്‍ടങ്ങള്‍ പതിക്കുക.
എന്നാല്‍ ഈ പദ്ധതിക്കെതിരെ ‘ദി ഓഷ്യൻ ഫൗണ്ടേഷൻ’ എന്ന സമുദ്ര സംരക്ഷണ സംഘടന രംഗത്തെത്തി. ഇത്രയും വലിയൊരു ബഹിരാകാശ ഘടന സമുദ്രത്തിലേക്ക് പതിക്കുന്നതിന്റെ പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് മതിയായ പഠനങ്ങളോ വിവരങ്ങളോ ലഭ്യമല്ലെന്നാണ് സംഘടനയുടെ പ്രസിഡന്റ് മാർക്ക് സ്‍പാള്‍ഡിംഗ് ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 1972-ലെ സ്പേസ് ലൈബിലിറ്റി കണ്‍വെൻഷൻ പ്രകാരം ബഹിരാകാശ അവശിഷ്‍ടങ്ങള്‍ മറ്റൊരു രാജ്യത്തിന്റെ ഭൂമിയില്‍ വീണ് നാശനഷ്‍ടം ഉണ്ടാക്കിയാല്‍ നഷ്‍ടപരിഹാര ബാധ്യത ഉണ്ടാകും. എന്നാല്‍ സമുദ്രത്തില്‍ പതിക്കുന്ന അവശിഷ്‍ടങ്ങളുടെ കാര്യത്തില്‍ സമാനമായ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ നിലവിലില്ല. അതിനാല്‍ തന്നെ അന്താരാഷ്ട്ര ജലപ്രദേശങ്ങള്‍ ഒരു ‘മാലിന്യ നിക്ഷേപ കേന്ദ്രം’ ആക്കരുതെന്നും അദ്ദേഹം പറയുന്നു.
ഐഎസ്‌എസിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ കത്തി നശിച്ചാലും ചില ഭാരമേറിയ ഘടകങ്ങള്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ എത്തുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അവ സമുദ്ര ജീവജാലങ്ങള്‍ക്കും ആവാസവ്യവസ്ഥകള്‍ക്കും എന്ത് തരത്തിലുള്ള ആഘാതമുണ്ടാക്കുമെന്നത് വ്യക്തമല്ല. ഈ അനിശ്ചിതത്വം തന്നെ വലിയ ആശങ്കയാണെന്നും സ്പാള്‍ഡിംഗ് അഭിപ്രായപ്പെട്ടു.ഇതിനുപുറമെ, ലോകത്തിലെ ഏറ്റവും വലിയ നിയന്ത്രിത ബഹിരാകാശ തിരിച്ചിറക്കലായതിനാല്‍ അന്തരീക്ഷ മലിനീകരണ സാധ്യതകളും വിശദമായി പഠിക്കേണ്ടതുണ്ടെന്നാണ് സംഘടനയുടെ ആവശ്യം. സമുദ്രത്തിലും അന്തരീക്ഷത്തിലും ഉണ്ടാകാവുന്ന ആഘാതങ്ങളെക്കുറിച്ച് സമഗ്ര പരിസ്ഥിതി പഠനം നടത്തുകയും സമുദ്രത്തിലേക്ക് എത്തുന്ന അവശിഷ്‍ടങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു.
മനുഷ്യരുടെ സുരക്ഷ ഉറപ്പാക്കാൻ ബഹിരാകാശ നിലയത്തിന്‍റെ നിയന്ത്രിതമായ തിരിച്ചിറക്കം അനിവാര്യമാണെന്ന് സമ്മതിക്കുന്നുണ്ടെങ്കിലും സമുദ്രത്തിന്റെ മൂല്യവും അതിന്റെ ജൈവ വൈവിധ്യവും അവഗണിക്കരുതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്.

