പാലക്കാട്ട് ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ നേതൃത്വവുമായി ഇടഞ്ഞ പി. സരിന്‍ നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുമായി കൂടിക്കാഴ്ച നടത്തി. തിരുവില്വാമലയിലെ ബന്ധുവീട്ടില്‍വച്ചായിരുന്നു ചര്‍ച്ച. സരിനെ പാലക്കാട് സ്ഥാനാര്‍ഥിയാക്കാനാണ് അന്‍വറിന്റെ നീക്കം .
ഇതിനിടെ പി.സരിനെ ഒപ്പംകൂട്ടാനുള്ള സാധ്യത ശക്തമാക്കി സിപിഎമ്മും രംഗത്തെത്തി. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു. സരിന്‍ ഇടത് സ്ഥാനാര്‍ഥിയായാല്‍ ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കോണ്‍ഗ്രസിലെ കലഹം പുറത്തുവന്ന അനുകൂല സാഹചര്യം മുതലാക്കണമെന്നും അഭിപ്രായമുയര്‍ന്നു. സരിന്‍റെ നീക്കങ്ങള്‍ നിരീക്ഷിച്ചശേഷം മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ചര്‍ച്ച നടത്തും. സംസ്ഥാന നേതൃത്വവുമായി ജില്ലാനേതാക്കള്‍ പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യും.
സരിന് ഇടത് പിന്തുണ തള്ളാതെ എം.ബി.രാജേഷും രംഗത്തെത്തി. ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. രാഹുലിന്റെ സ്പോണ്‍സര്‍ ആരെന്ന് വ്യക്തമായെന്നും ഇത് വടകരയ്ക്കുള്ള ഉപകാരസ്മരണയെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
കൂട്ടായ ചര്‍ച്ചയിലൂടെയല്ല രാഹുലിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡിന് കത്തയച്ചതായും സരിന്‍ പാലക്കാട്ട് പറഞ്ഞു. പാലക്കാട് യു.ഡി.എഫ് തോറ്റാല്‍ തോല്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. ജയിലില്‍ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ട് സരിന്‍ വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഷാഫി പറമ്പിലിനെയാണ് സരിന്‍ ഉന്നമിട്ടത്. ഒറ്റയാളുടെ താല്‍പര്യത്തിനുവേണ്ടി പാര്‍ട്ടിയെ ബലികൊടുക്കരുത്. ഞാന്‍ എവിടെനിന്നും ലെഫ്റ്റടിച്ചിട്ടില്ലെന്നും പറയാനുള്ളത് പറഞ്ഞേപോകൂവെന്നും സരിന്‍ കൂടിച്ചേര്‍ത്തു.
പാര്‍ട്ടിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിയല്ല. പാലക്കാട്ടെ പാര്‍ട്ടിക്കാരും ജനതയും ആഗ്രഹിച്ച തീരുമാനമാണെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു.