ടെഹ്റാൻ : അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ ഖമനെയി. അമേരിക്കയുമായുള്ള ധാരണയ്ക്ക് സമ്മതിച്ചത് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്‍റെ ഉറപ്പിലാണെന്നും ഇറാൻ പരമോന്നത നേതാവ് പറഞ്ഞു. ജനങ്ങളുടെയും പ്രതിരോധ സേനകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും, ഉത്തരവാദിത്തം ഏറ്റെടുക്കും എന്നുമായിരുന്നു പ്രസിഡന്‍റ് നല്‍കിയ ഉറപ്പെന്നും മൊജ്തബ ഖമനെയി പറഞ്ഞു.
അതേസമയം അമേരിക്ക കൂടുതല്‍ വിട്ടുവീഴചകള്‍ ചെയ്യാനും, വഴങ്ങാനും സമ്മർദം ചെലുത്തിയിരുന്നു എന്ന് നേതാക്കള്‍ തന്നെ അറിയിച്ചതായി മൊജ്തബ ഖമനെയി പറഞ്ഞു.എന്നാല്‍ അത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങില്ലെന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയെന്നും നേരിട്ടുള്ള ചർച്ചക്കളെ കുറിച്ച് ഇറാൻ പരമോന്നത നേതാവ് പറഞ്ഞു. ചർച്ചകള്‍ എന്നാല്‍ ശത്രുവിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നല്ല അർത്ഥമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അമേരിക്ക – ഇറാൻ സമാധാന കരാർ യാഥാർത്ഥ്യമായെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഫ്രാൻസില്‍ വച്ച് കരാറില്‍ ഒപ്പുവെച്ചെന്നാണ് ട്രംപ് അറിയിച്ചത്. 14 കാര്യങ്ങള്‍ വ്യക്തമാക്കുന്ന ധാരണാപത്രത്തിലാണ് ഡൊണാള്‍ഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവച്ചത്
അതേസമയം അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും തുറന്നിട്ടില്ല. ഇപ്പോഴും കപ്പല്‍ ഗതാഗതം നടക്കുന്നത് ഒമാൻ വഴിയാണ്. അതിനിടെ ഇറാനുമേലുളള നാവിക ഉപരോധം നീക്കിയതായി അമേരിക്ക അറിയിച്ചു. ഇറാന്റെ മേലുള്ള നാവിക ഉപരോധം അമേരിക്ക ഔദ്യോഗികമായി നീക്കിയെന്നാണ് അമേരിക്കൻ സെൻട്രല്‍ കമാൻഡ് പ്രഖ്യാപിച്ചത്. പൊതുവായ സമുദ്ര മേഖലയിലേക്ക് തങ്ങള്‍ മാറിക്കഴിഞ്ഞു എന്നാണ് അമേരിക്ക അറിയിച്ചത്. നിലവില്‍ ഹോർമൂസിലെ കപ്പല്‍ ഗതാഗതം കഴിഞ്ഞ ദിവസങ്ങളിലേത് പോലെയാണ് കടന്ന് പോകുന്നത്. ഹോർമൂസ് പൂർണമായും തുറന്നിട്ടില്ല. കാര്യമായ മാറ്റം ഇല്ലെന്ന് യുകെ മരിടൈം റിപ്പോർട്ട് വ്യക്തമാക്കി.

