കാൻസസ് സിറ്റി : ലോകകപ്പിലെ ആദ്യ മത്സരം കഴിഞ്ഞപ്പോൾ തന്നെ ആവേശക്കൊടുമുടിയിലാണ് അർജന്റീന ആരാധകർ. അൽജീരിയ്‌ക്കെതിരായ മത്സരത്തിൽ 3–0 നാണ് ടീമിന്റെ വിജയം. മൂന്നു ഗോളും പിറന്നത് സാക്ഷാൽ ലയണൽ മെസ്സിയുടെ കാലിൽനിന്നാണെന്നുള്ളതാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. കിരീടം നേടിയ സന്തോഷം! ആറാം ലോകകപ്പ് കളിക്കുന്ന മെസ്സി ടൂർണമെന്റിൽ നേടുന്ന ആദ്യ ഹാട്രിക്കാണ് ഇത്. ലോകകപ്പിലെ ഗോൾസ്കോറർമാരുടെ എണ്ണത്തിലും മെസ്സി ഒന്നാമതായി.
എന്നാൽ ഇതിനിടെ മെസ്സിയെ ചുറ്റിപ്പറ്റി ഒരു വിവാദവും പുകയുന്നുണ്ട്. മത്സരത്തിനിടെ അൽജീരിയൻ പ്രതിരോധ താരം ഐസ മാൻഡിയെ ഫൗൾ ചെയ്തിട്ടും മെസ്സിക്ക് റെഡ് കാർഡ് നൽകിയില്ലെന്ന് ആരോപിച്ചാണ് തർക്കവും വിവാദവും. 17-ാം മിനിറ്റിൽ മെസ്സി അർജന്റീനയ്ക്കായി ആദ്യ ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. പന്തിനായുള്ള പോരാട്ടത്തിനിടെ അൽജീരിയൻ ക്യാപ്റ്റൻ കൂടിയായ ഐസ മാൻഡിയുടെ കാലിന്റെ പിൻഭാഗത്ത് മെസ്സിയുടെ ബൂട്ടിന്റെ സ്റ്റഡ്സ് കൊള്ളുകയായിരുന്നു.
മത്സരം നിയന്ത്രിച്ച റഫറിയായ പോളിഷ് താരം ഷിമോൺ മാർസിനിയാക് അൽജീരിയയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് നൽകിയെങ്കിലും മെസ്സിക്ക് മഞ്ഞ കാർഡ് പോലും നൽകാൻ തയാറായില്ല. എന്നാൽ കാലിനു പരുക്കേൽക്കുന്ന രീതിയിലുള്ള ഫൗളായതിനാൽ ഇതിനു നേരിട്ട് റെഡ് കാർഡ് നൽകേണ്ടതായിരുന്നെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
ഇത്രയും അപകടകരമായ ഒരു ഫൗൾ നടന്നിട്ടും വാർ പരിശോധന നടന്നിട്ടും മെസ്സിക്കെതിരെ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. മെസ്സി ആയതുകൊണ്ട് മാത്രമാണ് റഫറിമാർ കാർഡ് നൽകാതെ വിട്ടയച്ചതെന്നാണ് ഒരുവിഭാഗം ആരാധകരുടെയും ആക്ഷേപം. ഇതേ കാര്യം മറ്റേതെങ്കിലും താരമാണ് ചെയ്തിരുന്നതെങ്കിൽ ഉറപ്പായും പുറത്തുപോകേണ്ടി വരുമായിരുന്നുവെന്ന് പലരും സമൂഹമാധ്യമങ്ങളിൽ. ഫിഫയും അർജന്റീനയും തമ്മിലുള്ള ഒത്തുകളിയാണ് ഇതെന്നും പലരും ആരോപിച്ചു.

