Wednesday, June 17, 2026
HomeAmericaഎച്ച്-1ബി വിസയുടെ പേരിൽ ഇന്ത്യൻ വംശജനോട് ചൂഷണം: ജോലി നിലനിർത്താൻ തൊഴിലുടമ പണം തട്ടിയെന്ന്...

എച്ച്-1ബി വിസയുടെ പേരിൽ ഇന്ത്യൻ വംശജനോട് ചൂഷണം: ജോലി നിലനിർത്താൻ തൊഴിലുടമ പണം തട്ടിയെന്ന് ആരോപണം

ടെക്സസ് : അമേരിക്കയിൽ തൊഴിലുടമക്കെതിരെ പരാതിയുമായി ഇന്ത്യൻ വംശജൻ ഫെഡറൽ കോടതിയെ സമീപിച്ചു. എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്ന ഋഷികേശ് രാജ് മീസാലയാണ് പരാതി നൽകിയത്. ജോലി നിലനിർത്തുന്നതിനും നിയമപരമായ ഇമിഗ്രേഷൻ പദവി സംരക്ഷിക്കുന്നതിനുമായി തൊഴിലുടമ തന്നിൽ നിന്ന് ഏകദേശം 1,00,000 ഡോളർ (ഏകദേശം 84 ലക്ഷം രൂപ) തട്ടിയെടുത്തെന്നാണ് പരാതി.ഇന്ത്യൻ-അമേരിക്കൻ വ്യവസായി സായി ജിതേന്ദർ കലഗ്രക്കും അദ്ദേഹത്തിന്റെ കമ്പനിക്കുമെതിരെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. തന്നിൽ നിന്ന് പണം ആവശ്യപ്പെടുകയും, ശമ്പള രേഖകൾ പിടിച്ചുവെക്കുകയും ചെയ്തതായും, പണം നൽകാൻ വിസമ്മതിച്ചപ്പോൾ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിന് റിപ്പോർട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്.

മാസ്റ്റേഴ്സ് ബിരുദത്തിന് ശേഷം ടെക്സസിലെ കലഗ്രയുടെ കമ്പനിയിൽ ജോലിക്ക് ചേർന്ന മീസാലയെ, പ്രോജക്റ്റുകളൊന്നും നൽകാതെ ‘ബെഞ്ചിൽ’ ഇരുത്തുകയായിരുന്നു. എന്നാൽ ജോലിയിലും വിസ പദവിയിലും തുടരുന്നതിനായി വൻ തുക കമ്പനിക്ക് നൽകാൻ അദ്ദേഹം നിർബന്ധിതനായി.കൂടാതെ, ശമ്പള രേഖകളും പേ-സ്ലിപ്പുകളും നൽകാതെ കമ്പനി അധികൃതർ പണം തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്. എച്ച്-1ബി വിസക്കാർക്ക് മറ്റൊരു കമ്പനിയിലേക്ക് മാറുന്നതിനോ വിസ പുതുക്കുന്നതിനോ ഈ രേഖകൾ അത്യന്താപേക്ഷിതമാണ്. ഇമിഗ്രേഷൻ പദവി നഷ്ടപ്പെടുമെന്ന ഭീഷണിയെത്തുടർന്ന് 8,800 ഡോളർ പണമായി നൽകേണ്ടി വന്നതായി മീസാല പറയുന്നു. ആകെ 97,248 ഡോളർ തനിക്ക് ലഭിക്കാനുണ്ടെന്നാണ് ഹരജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

ലേബർ ട്രാഫിക്കിങ്, നിർബന്ധിത തൊഴിൽ, രേഖകൾ പിടിച്ചുവെക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് കമ്പനിക്കെതിരെ ചുമത്തിയിരിക്കുന്നത്. ആരോപണങ്ങളോട് കലഗ്രയോ കമ്പനിയോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.എച്ച്-1ബി വിസക്കാർ തൊഴിലുടമകളെ അമിതമായി ആശ്രയിക്കുന്നതിനാൽ ചൂഷണങ്ങൾക്ക് വിധേയരാകുന്നുണ്ടെന്ന വലിയ ചർച്ചകൾക്ക് ഈ കേസ് വഴിവെച്ചിരിക്കുകയാണ്. 2024 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യക്കാരുടേതായിരുന്നു എന്നത് ഈ വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments