ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം സൗന്ദര്യവും സംരക്ഷിക്കണം എന്നതാണ് മലയാളികളുടെ പക്ഷം. മുഖസൗന്ദര്യമോ മുടിയുടെ സൗന്ദര്യമോ എന്തും ആയിക്കൊള്ളട്ടെ, ഫലം കിട്ടുന്നതോടൊപ്പം പാര്‍ശ്വഫലങ്ങളും സൗജന്യമാണ് എന്നതാണ് ഇന്നത്തെ അവസ്ഥ. സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ ഓരോന്നു തേടുമ്പോഴും പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് പലരേയും ഭയപ്പെടുത്തുന്നത്. പാര്‍ശ്വഫലങ്ങളില്ലാതെ സൗന്ദര്യവും ആരോഗ്യവും ഒരേപോലെ സംരക്ഷിക്കാനുള്ള വഴിയാണ് ആയുര്‍വേദം പകരുന്നത്. അതുകൊണ്ടു തന്നെ ആയുര്‍വേദ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാരേറെയാണ്.
നിത്യജീവിതത്തില്‍ ആയുര്‍വേദം എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍, അതത്ര പ്രയാസമുള്ള കാര്യമല്ല എന്നതാണ് വാസ്തവം. നേരത്തെ എഴുന്നേല്‍ക്കുന്നത് മുതല്‍ നല്ല ആഹാരം കഴിക്കുന്നതും ആവശ്യത്തിന് ഉറങ്ങുന്നതും അടക്കം നമ്മള്‍ ചെയ്യാറുള്ള കാര്യങ്ങള്‍ തന്നെയാണ് ആയുര്‍വേദ ചിട്ടകളുടെ ആദ്യ ഘട്ടം. സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത് മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം കൂടിയാണ്. അടി മുതല്‍ മുടി വരെയുള്ള ആരോഗ്യവും സൗന്ദര്യവും തമ്മില്‍ ബന്ധമുണ്ട്.
രാസപദാര്‍ത്ഥങ്ങളില്‍ നിന്ന് എത്രയും വിട്ടു നില്‍ക്കുന്നുവോ അത്രയും ഗുണം മനുഷ്യ ശരീരത്തിനുണ്ടാവും എന്ന സന്ദേശമാണ് ആയുര്‍വേദം നമുക്കു പകരുന്നത്. ആയുര്‍വേദത്തിന്റെ മുഖമുദ്രയും ഇത് തന്നെ. ഹെര്‍ബല്‍ എന്ന ലേബലോടുകൂടി ഇന്ന് വിപണിയില്‍ ലഭ്യമാവുന്ന പല സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നതാണ് വസ്തുത. ആയുര്‍വേദത്തില്‍ തികച്ചും പ്രകൃതിദത്തമായ ചേരുവകളാണ് ഉപയോഗിക്കാറുള്ളത്. പ്രകൃതിദത്തമായ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ഫലം അറിയാന്‍ വൈകും എന്നത് പൊതുവായ ഒരു മിഥ്യാധാരണയാണ്. ആയുര്‍വേദ ഉത്പന്നങ്ങള്‍ ആദ്യ ഉപയോഗത്തില്‍ തന്നെ ഫലം കാണിക്കുകയും സ്ഥിരമായ ഉപയോഗത്തിലൂടെ ചര്‍മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും. ആയുര്‍വേദം പകരുന്ന ചില മുഖ സൗന്ദര്യ സംരക്ഷണ മാര്‍ഗങ്ങളറിയാം.
മുഖം തിളങ്ങട്ടെ…
ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗിച്ച് ചര്‍മത്തിന് തിളക്കവും സൗന്ദര്യവും വര്‍ധിപ്പിക്കുന്നതിന് മുന്‍പായി ഓരോരുത്തരുടെയും ചര്‍മം ഏത് തരത്തിലുള്ളതാണെന്ന് മനസിലാക്കേണ്ടതുണ്ട്. ആയുര്‍വേദ ശാസ്ത്രം അനുസരിച്ച് വാതചര്‍മം, പിത്തചര്‍മം, കഫചര്‍മം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്. മൂന്നിനും പ്രത്യേകം സ്വഭാവങ്ങള്‍ ആയതുകൊണ്ട് ഇവയുടെ പരിചരണ രീതികളിലും വ്യത്യാസ്തമാണ്. ഓരോ ചര്‍മത്തിനും അതിന് അനുകൂലമായ ഭക്ഷണ ക്രമങ്ങളും ഔഷധങ്ങളും വേണം തിരഞ്ഞെടുക്കാന്‍. വ്യത്യസ്തങ്ങളാണ് ഈ ചര്‍മങ്ങള്‍ ഏതൊക്കെ എന്ന് അറിയാം.
- വാതചര്‍മം: നേര്‍ത്തതും വരണ്ടതും എളുപ്പത്തില്‍ ചുളിവു വീഴുന്നതുമായ ചര്‍മമാണ് വാതചര്‍മം. വാതചര്‍മം ഉള്ളവര്‍ എപ്പോഴും ചര്‍മകോശങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പോഷകാഹാരങ്ങളും ധാരാളം വെള്ളവും അടങ്ങിയ ഭക്ഷണക്രമമാണ് ഇത്തരം ചര്‍മമുള്ളവര്‍ക്ക് ഉത്തമം.
- പിത്തചര്‍മം: അതിസംവേദകത്വമുള്ളതും കുരുക്കളും പരുക്കളും മുഖക്കുരുവും വരുവാന്‍ പ്രവണതയുള്ളതുമായ ചര്‍മമാണ് പിത്തചര്‍മം. പിത്തചര്‍മം ഉള്ളവര്‍ എരിവ്, മസാല എന്നിവ അടങ്ങിയ ആഹാരങ്ങള്‍ നിയന്ത്രിക്കണം.
- കഫചര്‍മം: എണ്ണമയമുള്ള ചര്‍മമാണ് കഫചര്‍മം. മറ്റ് ചര്‍മങ്ങളെക്കാള്‍ കട്ടിയുള്ളതും ബ്ലാക്ക്ഹെഡ്സ് (രോമകൂപങ്ങളിലെ ചെറിയ കറുത്ത മൊട്ടുകള്‍) വരുവാന്‍ കൂടുതല്‍ സാധ്യതയുള്ളതുമാണ്. ഇത്തരം ചര്‍മമുള്ളവര്‍ക്ക് ദഹനം വൈകുന്ന പ്രകൃതമായതിനാല്‍ കട്ടിയുള്ള ആഹാരങ്ങള്‍ ഒഴിവാക്കാം. ഇവര്‍ ചര്‍മം നിത്യേന കൂടുതല്‍ തവണ ശുദ്ധിയാക്കുകയും വേണം.
ചര്‍മം മൃദുവായിരിക്കട്ടെ…
ഏതു തരത്തിലുള്ള ചര്‍മമാണെങ്കിലും ജലാംശം നിലനിര്‍ത്തുക എന്നതാണ് പ്രധാനം. ചര്‍മം മൃദുവായിരിക്കാനും തിളക്കം കൂട്ടാനും യുവത്വത്തോടെ ഇരിക്കാനും ഇത് സഹായിക്കും. ചര്‍മം വരണ്ടു പോവാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുകയും എണ്ണ ഉപയോഗിച്ച് മൃദുവായി തിരുമ്മുകയും ചെയ്യണം.
കുറവുകളില്ലാത്ത തിളക്കമേറിയ ചര്‍മത്തിന് പല വഴികളാണ് ആയുര്‍വേദം പറയുന്നത്. ഉഷപാനം ആണ് അതില്‍ ഒന്ന്. സൂര്യനുദിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പുള്ള ജലപാനത്തെയാണ് ഉഷപാനം എന്ന് പറയുന്നത്. ഇത്തരത്തില്‍ ജലപാനം ചെയ്യുന്നത് കൊണ്ട് പല ഗുണങ്ങളാണ് ശരീരത്തിനുള്ളത്. രക്തം ശുദ്ധീകരിക്കാനും, ചര്‍മത്തിന്റെ തിളക്കം കൂട്ടാനും ഇത് സഹായിക്കും.
മുഖത്തിനും മുടിയ്ക്കും
നിത്യവും എണ്ണ തേക്കുന്നത് മുടിയ്ക്കും ചര്‍മത്തിനും ഗുണകരമാണ്. ചര്‍മം മൃദുവാകുന്നതിനു മാത്രമല്ല, രോമാകൂപങ്ങള്‍ക്ക് വികാസം ഉണ്ടാകാനും ഇത് കാരണമാകും. ശരീരത്തില്‍ തേക്കാന്‍ ഏലാദി തൈലം, ബലാശ്വഗന്ധാദിതൈലം, ധാന്വന്തരം കുഴമ്പ്, സഹചരാദി കുഴമ്പ്, സഹചരാദി തൈലം മുതലായവ ഉപയോഗിക്കാം. നീലിഭൃംഗാദി തൈലം, നീലിഭൃംഗാദി കേരതൈലം, ചെമ്പരത്യാദി കേരം, പാമാന്തകതൈലം, കയ്യന്യാദി തൈലം, കയ്യന്യാദി കേരതൈലം, കുന്തളകാന്തി മുതലായ എണ്ണകളാണ് മുടിയുടെ ആരോഗ്യത്തിനുത്തമം.
താരനും അകാലനരക്കും
ചെമ്പരത്തിതാളി, കറ്റാര്‍വാഴയുടെ നീര്, മഞ്ഞള്‍, പടവലം, വേപ്പില എന്നിവ നന്നായി അരച്ചത് തുടങ്ങിയവ മുടി നന്നായി വളരാനും താരന്‍ മാറാനും നല്ലതാണ്. ഇവയൊക്കെ തലയില്‍ നന്നായി തേച്ചു പിടിപ്പിച്ചതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. വേപ്പിലയിട്ടു തിളപ്പിച്ച വെള്ളം, നിംബാദി ചൂര്‍ണം എന്നിവ തലയിലുണ്ടാകുന്ന താരന്‍, ചെറിയ കുരുക്കള്‍, മുടി കൊഴിച്ചില്‍ എന്നിവക്ക് ഫലപ്രദമാണ്.
നെല്ലിക്കാ ചൂര്‍ണംവും നെല്ലിക്ക, എള്ള്, താമരയല്ലി, ഇരട്ടിമധുരം എന്നിവ ചേര്‍ത്തരച്ചു തയാറാക്കിയ താളികളും അകാലനരക്കുള്ള പ്രതിവിധിയാണ്.
മുഖക്കുരു
ചര്‍മസംരക്ഷണത്തില്‍ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് മുഖക്കുരു. മുഖക്കുരു വരാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴിയായി ആയുര്‍വേദത്തില്‍ പറയുന്നതാണ് മുഖത്ത് ആവികൊള്ളല്‍. വേപ്പിലയും മഞ്ഞളും ഇട്ട് വെള്ളം തിളപ്പിച്ച് ആവി കൊള്ളാം. ആവി കൊള്ളുമ്പോള്‍ കണ്ണുകള്‍ തുണി ഉപയോഗിച്ച് മൂടാന്‍ ശ്രദ്ധിക്കണം. പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ച് കിഴി കെട്ടി ചൂടുവെള്ളത്തില്‍ മുക്കി മുഖക്കുരു ഉള്ള ഭാഗത്ത് വെക്കുന്നതും ഫലപ്രദമാണ്. ഈ രണ്ട് പ്രക്രിയകള്‍ക്കും ശേഷം ഏലാദിചൂര്‍ണമോ നിംബഹരിദാദ്രി ചൂര്‍ണമോ തെളിമോരില്‍ ചാലിച്ച് മുഖത്ത് പുരട്ടിയ ശേഷം അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുന്നത് മുഖചര്‍മത്തിനു തിളക്കം കൂട്ടാന്‍ സഹായിക്കും.
നിത്യേന തുളസിയില നീര് മുഖത്ത് തേച്ചു പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.
ജീരകം വെള്ളം ചേര്‍ത്ത് അരച്ച് മുഖത്ത് പുരട്ടിയാല്‍ മുഖക്കുരുവുണ്ടാകില്ല. ജീരകമിട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നതും നല്ലതാണ്.
മുഖക്കുരുവുള്ള ഭാഗത്ത് തേന്‍ പുരട്ടിയ ശേഷം 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. മുഖക്കുരു വേഗത്തില്‍ മാറാന്‍ ഇത് സഹായകമാണ്.
പാടുകള്‍ അകറ്റാം
വെയിലത്തുണക്കിയ ചെറുപയര്‍ പൊടിയും അരച്ചെടുത്ത ചെറിയ കഷ്ണം മഞ്ഞളും പശുവിന്‍ പാല്‍പ്പാടയില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിന്റെ പാടുകള്‍ നീക്കാന്‍ സഹായകമാണ്. കറുത്ത എള്ള്, കരിം ജീരകം, കുങ്കുമാദി തൈലം, പഞ്ചഗന്ധ ചൂര്‍ണം എന്നിവയില്‍ ഏതെങ്കിലും പനിനീര്‍ വെള്ളത്തില്‍ ചാലിച്ച് തേക്കുന്നതും കറുത്ത പാടുകള്‍ നീക്കാന്‍ സഹായിക്കും.
കണ്ണിന് തിളക്കം കൂട്ടാം
നേത്രാമൃതം, ഇളനീര്‍കുഴമ്പ്, കര്‍പ്പൂരാദി കുഴമ്പ്, കാചയാപനം, നയനാമൃതം മുതലായ മരുന്നുകള്‍ നേത്രഭംഗി കൂട്ടുന്നതിനും കാഴ്ച വര്‍ധിപ്പിക്കുന്നതിനും കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ നീക്കുന്നതിനും നല്ലതാണ്.
പാദം വിണ്ടുകീറുന്നതിന്
നിത്യമായി പാദത്തില്‍ എണ്ണ തേക്കണം. പിണ്ഡതൈലം, ശതധൌതഘൃതം, നാല്പാമരാദി തൈലം എന്നിവ ഫലപ്രദമാണ്.
അറിഞ്ഞിരിക്കാന്‍…
ഭക്ഷണ രീതികളും ചര്‍മസൗന്ദര്യസംരക്ഷണത്തിനു പ്രധാനമാണ്. കൂടുതല്‍ എരിവും പുളിയും എണ്ണയും അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കി, പച്ചക്കറികളും ഇലവര്‍ഗങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മത്തിനും കണ്ണുകള്‍ക്കും മുടിക്കും നല്ലതാണ്.
പാക്കറ്റില്‍ ലഭിക്കുന്നതും പൊരിച്ചെടുത്തതുമായ ആഹാര സാധനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് അപ്പപ്പോള്‍ പാകം ചെയ്യുന്നതും ആവി കയറ്റി ഉണ്ടാക്കുന്നതുമായ ആഹാരങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുക.
എല്ലാത്തിനും പുറമേ യോഗ, ധ്യാനം, വ്യായാമം തുടങ്ങിയവ ശീലിക്കുന്നതും മനസും ശരീരവും ശുദ്ധമാക്കി വെക്കുന്നതും നന്നായി ഉറങ്ങുന്നതും ഒക്കെ ചര്‍മത്തിന്റെ ആരോഗ്യത്തെയും തിളക്കത്തെയും നന്നായി സ്വാധീനിക്കും.