Friday, June 12, 2026
HomeNewsറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോട് ആവശ്യപ്പെട്ടത് അമേരിക്ക; എന്നിട്ട് ഇപ്പോൾ ഉപരോധം: വിദേശകാര്യമന്ത്രി എസ്....

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോട് ആവശ്യപ്പെട്ടത് അമേരിക്ക; എന്നിട്ട് ഇപ്പോൾ ഉപരോധം: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ

ഹെൽസിങ്കി : റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി പാശ്ചാത്യ രാജ്യങ്ങൾ നടത്തുന്ന പ്രസംഗങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ആഗോള വിപണിയിൽ എണ്ണവില വർധിക്കാതിരിക്കാൻ 2022ൽ റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയോട് നേരിട്ട് ആവശ്യപ്പെട്ടത് അമേരിക്കയാണെന്നും, പിന്നീട് അവർ തന്നെ താരിഫുകൾ ചുമത്തുകയും പിന്നീട് അത് പിൻവലിക്കുകയുമാണുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. ഫിൻലാൻഡിൽ നടന്ന കുൽത്താരന്ത ടോക്സ് ചർച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

യുക്രെയ്ൻ യുദ്ധത്തിന് ശേഷം ഇന്ത്യ റഷ്യയോട് കൂടുതൽ അനുഭാവം പുലർത്തുന്നുണ്ടോ, റഷ്യൻ എണ്ണ വാങ്ങാൻ അമിത താല്പര്യം കാണിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വിലയും ലഭ്യതയും നോക്കിയാണ് തങ്ങൾ എണ്ണ വാങ്ങുന്നതെന്നും ആ സമയത്ത് വിപണിയിൽ ലഭ്യമായിരുന്നതിൽ ഭൂരിഭാഗവും റഷ്യൻ എണ്ണയായിരുന്നുവെന്നും ജയശങ്കർ പറഞ്ഞു.

റഷ്യ- യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അമേരിക്കയും യൂറോപ്പും മോസ്കോക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയതോടെയാണ് വിപണി മാറിയതെന്ന് മന്ത്രി ചൂണ്ടിക്കാണിച്ചു. യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ഊർജ്ജ സ്രോതസ്സുകളിൽ നിന്ന് മാറി ഇന്ത്യയുടെ പരമ്പരാഗത വിതരണക്കാരായ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വാങ്ങാൻ തുടങ്ങി. ഇതോടെ മിഡിൽ ഈസ്റ്റ് എണ്ണക്കായി വിപണിയിൽ കടുത്ത മത്സരം ഉണ്ടായി. ആ സമയത്ത് എണ്ണ വിപണി സ്ഥിരപ്പെടുത്താൻ റഷ്യൻ എണ്ണ വാങ്ങാൻ യു.എസ് നേരിട്ട് ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ജയശങ്കർ വ്യക്തമാക്കി.

യൂറോപ്യൻ രാജ്യങ്ങളുടെ അവകാശവാദങ്ങളെ പൂർണമായും തള്ളിക്കൊണ്ടാണ് ജയശങ്കർ മറുപടി നൽകിയത്. ഇന്ത്യയുടെ സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിൽ വർഷങ്ങളായി യൂറോപ്പ് നടത്തുന്ന ആയുധക്കച്ചവടത്തെ അദ്ദേഹം ഓർമിപ്പിച്ചു.”ഒരു യൂറോപ്യൻ രാജ്യവും ഇതുവരെ ഇന്ത്യൻ ആയുധങ്ങളാൽ ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ യൂറോപ്പിനെക്കുറിച്ച് എനിക്ക് അങ്ങനെ പറയാൻ കഴിയില്ല. യൂറോപ്പ് വിൽക്കുന്ന ആയുധങ്ങൾ ഇന്ത്യയെ ആക്രമിക്കാൻ ഉപയോഗിക്കുന്നുണ്ട്. അത് ഇപ്പോഴത്തെ മാത്രം കാര്യമല്ല, വർഷങ്ങളായി തുടരുന്നതാണ്. ഞങ്ങൾ ഇന്ത്യക്കാർ ഒരിക്കലും യൂറോപ്പിനെ അപകടത്തിലാക്കുന്ന ഒന്നും ചെയ്തിട്ടില്ല. അതൊരു ന്യായമായ വാദമാണെന്ന് ഞാൻ കരുതുന്നു.”- ജയശങ്കർ പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്ക് വഴങ്ങില്ലെന്നും, സ്വന്തം രാജ്യത്തിന്റെ ദേശീയ താല്പര്യവും ഊർജ്ജ സുരക്ഷയും മുൻനിർത്തി മാത്രമേ ഇന്ത്യ തീരുമാനങ്ങൾ എടുക്കൂ എന്നും ജയശങ്കർ വ്യക്തമാക്കി. ഫിൻലാൻഡ് വിദേശകാര്യമന്ത്രി എലിന വാൽട്ടോനൻ, യു.എ.ഇ അസിസ്റ്റന്റ് വിദേശകാര്യമന്ത്രി ലാന നുസ്സെയ്ബെ എന്നിവരും ജയശങ്കറിനൊപ്പം ഈ പാനൽ ചർച്ചയിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments