വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താൻ സൈനികരെ അയക്കുമെന്ന് യു.എസ്. സൈനികർക്കൊപ്പം അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനവും അയക്കും. ഇറാനും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് യു.എസിന്റെ ഇടപെടല്‍. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180 ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. അതിനുശേഷം ഇറാനെതിരായ പ്രതികാരത്തിനൊരുങ്ങുന്ന ‘ഇസ്രായേലിന് പ്രതിരോധമൊരുക്കാന്‍’ ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു.
ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളുടെയും ആക്രമണങ്ങളില്‍ നിന്ന് യു.എസ് ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നതിനും അടുത്തിടെ യുഎസ് സൈന്യം നടത്തിയ വിപുലമായ ക്രമീകരണങ്ങളുടെ ഭാഗമായാണ് പുതിയ വിന്യാസമെന്ന് പെന്റഗണ്‍ വക്താവ് മേജര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു.
ഇസ്രായേലിലേക്ക് നൂതന മിസൈല്‍ പ്രതിരോധ സംവിധാനമായ ടെര്‍മിനല്‍ ഹൈ-ആള്‍ട്ടിറ്റ്യൂഡ് ഏരിയ ഡിഫന്‍സ് (ടി.എച്ച്.എ.എ.ഡി) വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചിരുന്നു. ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ രൂപകല്‍പന ചെയ്ത താഡ്, ഇസ്രായേലിന്റെ നിലവിലുള്ള പ്രതിരോധ സംവിധാനത്തിന് സുരക്ഷ നല്‍കും. ഹ്രസ്വ, ഇടത്തരം ബാലിസ്റ്റിക് മിസൈല്‍ ഭീഷണികളെ ചെറുക്കാന്‍ ഇത് സഹായിക്കും. കിഴക്കന്‍ മെഡിറ്ററേനിയന്‍, ചെങ്കടല്‍, അറബിക്കടല്‍ എന്നിവിടങ്ങളില്‍ വിമാന വാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും യു.എസ്. വിന്യസിച്ചിട്ടുണ്ട്. ഇസ്രയേലില്‍ യുഎസ് മിസൈല്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സൈനികരെ അയക്കുക വഴി യു.എസ്.തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി പറഞ്ഞു.